അംഗബലമില്ലാതെ തിരുവമ്പാടി പോലീസ്

നികത്തേണ്ടത് പത്ത് ഒഴിവുകൾ

ഇരട്ടിഭാരംപേറി പോലീസുകാർ

തിരുവമ്പാടി : ജില്ലയിലെ ഏറ്റവും വിശാലഭൂപ്രദേശങ്ങൾ അധികാരപരിധിയിൽപ്പെടുന്ന തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ മതിയായ പോലീസുകാരില്ല. സ്റ്റാഫ് പാറ്റേൺപ്രകാരം 35 പേർ ആവശ്യമായിടത്ത് കേവലം 25 പേരാണുള്ളത്. നിർദിഷ്ട തുരങ്കപാത തുടങ്ങുന്ന മറിപ്പുഴ മുതൽ കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ, പൂവാറൻതോട് തുടങ്ങി ചെങ്കുത്തായ മലമ്പാതകൾക്കപ്പുറമുള്ള പ്രദേശങ്ങൾവരെ നീണ്ടുകിടക്കുന്നു സ്റ്റേഷൻപരിധി. ക്രമസമാധാനപാലനത്തിനും മറ്റും തിരുവമ്പാടിയിൽനിന്നു ദുർഘടപാതകൾ താണ്ടി ഇരുപതും ഇരുപത്തഞ്ചും കിലോമീറ്റർവരെ ദൂരം സഞ്ചരിച്ചെത്തണം. ജീവനക്കാരുടെ ക്ഷാമം സ്റ്റേഷന്റെ സുഗമമായ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. നിലവിലെ ജീവനക്കാരാകട്ടെ ഇരട്ടിഭാരംകൊണ്ട് ബുദ്ധിമുട്ടുന്നു. ഇത് മാനസികസംഘർഷമുൾപ്പെടെ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. രാപകൽഭേദമെന്യേ ഡ്യൂട്ടിയിലേർപ്പെടുന്നവർക്കിടയിലാണ് സംഘർഷം കൂടുതൽ.

വനിതാ എസ്.എച്ച്.ഒയുള്ള മലയോരത്തെ ഏക സ്റ്റേഷനാണിത്. മൂന്ന് വനിതാ എ.എസ്.ഐമാരുമുണ്ട്. ഡ്രൈവർ ഉൾപ്പെടെ പത്തു ജീവനക്കാരുടെ ഒഴിവാണ് നിലവിലുള്ളത്. സ്ഥലംമാറിപ്പോയവർക്കും വിരമിച്ചുപോയവർക്കും പകരം നിയമനം നടക്കുന്നതിന് കാലതാമസം നേരിടേണ്ടിവരുന്ന സവിശേഷസാഹചര്യമാണ് ഈ സ്റ്റേഷനുള്ളത്. നിലവിലെ രണ്ട്‌ എസ്.ഐമാരിൽ ഒരാൾ അടുത്ത ജനുവരിയിൽ വിരമിക്കും.

​കോടതിച്ചുമതല മുതൽ താമരശ്ശേരിച്ചുരം ഡ്യൂട്ടിവരെ

പതിവ് ക്രമസമാധാനപരിപാലനത്തിനു പുറമെ സ്റ്റേഷന് പുറത്തും ചുമതലയുള്ളവരാണ് ഇവിടുത്തെ പോലീസുകാർ.

കോടതിച്ചുമതല മുതൽ താമരശ്ശേരിച്ചുരം ഡ്യൂട്ടി വരെ ചെയ്യേണ്ടതുണ്ട്. കോടതിയിൽ സ്ഥിരമായി ഒരാൾ പോകണം. ചുരം ഡ്യൂട്ടിക്കും സ്ഥിരമായി ഒരാൾ നിയോഗിക്കപ്പെടുന്നു. പാറാവുകാരനായി സ്ഥിരം ഒരാൾ. സമൻസ്, പാസ്പോർട്ട് ഡ്യൂട്ടി തുടങ്ങി സ്ഥിരംചുമതലയുള്ള പോലീസുകാർക്കുപുറമേ ഏതാനുംപേർ വീക്കിലി ഓഫായി അവധിയിലും ആകുന്നതോടെ ഇരട്ടിഭാരമായിരിക്കും മറ്റുള്ളവർക്ക്. ഡ്രൈവർ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് വലിയ ബുദ്ധുമുട്ടുകളുണ്ടാക്കുന്നു.

പ്രകൃതിക്ഷോഭസ്ഥല സന്ദർശനം, ദുരൂഹമരണങ്ങൾ, വാഹനാപകടങ്ങൾ, കോടതിച്ചുമതല, ട്രാഫിക് നിയന്ത്രണം തുടങ്ങിയവയ്ക്കെല്ലാം പോലീസുതന്നെ വേണം. ജനത്തിരക്കും വാഹനങ്ങളുടെ പെരുപ്പവും മൂലം വീർപ്പുമുട്ടുന്ന തിരുവമ്പാടി ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ആളെ നിയോഗിക്കാൻപോലും പറ്റാത്ത സാഹചര്യമാണുള്ളത്. നാട്ടുകാർ അത്യാവശ്യഘട്ടത്തിൽ വിളിക്കുമ്പോൾ അത്യാഹിതസ്ഥലത്ത് ഉടൻ എത്തിപ്പെടാൻപോലും ഇവിടുള്ളവർക്ക് ആവുന്നില്ല.