സാൻഡ് ബാങ്ക്സിലേത് ഗുരുതര വീഴ്ച, പരിശോധിക്കും -മന്ത്രി

വടകര : സാൻഡ് ബാങ്ക്സിൽ പൊതുപണത്തിന്റെ ദുർവിനിയോഗം, അശാസ്ത്രീയമായ നിർമാണം, പരിപാലനത്തിലെ ഗുരുതരവീഴ്ച എന്നിവയുണ്ടായിട്ടുണ്ട് -മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
സാൻഡ് ബാങ്ക്സ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, പല സ്ഥലങ്ങളിലും പൊതുപണത്തിന്റെ ദുരുപയോഗം ഉണ്ടാകുന്നുെണ്ടന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ വകുപ്പിനോട് ആവശ്യപ്പെടും. നവീകരിച്ച് ജനങ്ങൾ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് സാൻഡ് ബാങ്ക്സിനെ മാറ്റാനാവശ്യമായ നടപടികൾ എം.പി.യുടെയും എം.എൽ.എ.യുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കും.
അതിനാവശ്യമായ പരിശോധനയും പുതുക്കിയ പ്ലാനും തയ്യാറാക്കാൻ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടും.
പാർക്കിലെ ഉൾപ്പെടെ പല സാധനങ്ങളും നശിക്കുന്നത് ഉപ്പുകാറ്റടിച്ചതുകൊണ്ടാണെന്നുപറയുന്ന ന്യായം ശരിയല്ല. നിർമാണം നടത്തുമ്പോൾ ഉപ്പുകാറ്റടിക്കുന്ന സ്ഥലമാണെന്ന് അറിയാത്തവരല്ല ഇതിന്റെ കാര്യങ്ങൾ ചെയ്യുന്നത്. ഫ്ലോട്ടിങ് ജെട്ടിക്കുവേണ്ടി ചെലവഴിച്ച മുഴുവൻ തുകയും പാഴായി.
നിർമിക്കുന്നതിനുമുൻപ് ശാസ്ത്രീയമായി എന്തെങ്കിലും
പഠനം നടത്തിയിരുന്നെങ്കിൽ ഈ അവസ്ഥയുണ്ടാകില്ലായിരുന്നു. വെളിച്ചമില്ലായ്മ, പാമ്പിന്റെ ശല്യം, ഓപ്പൺ ജിം, ശൗചാലയം തുടങ്ങിയവയെല്ലാം പ്രശ്നമാണ്.
2. 26 കോടി രൂപ ചെലവഴിച്ചിട്ട് ആർക്കും അതിന്റെ പ്രയോജനംകിട്ടുന്നില്ലയെന്നത് ഗുരുതരമായ കാര്യമാണ്. അത് പരിശോധിക്കും. റാമ്പ് സൗകര്യമൊരുക്കി ഭിന്നശേഷിസൗഹൃദമാക്കി മാറ്റും.
പുലിമുട്ടിന്റെ കാര്യം ഫിഷറീസ് മന്ത്രിയുമായി സംസാരിക്കും. വെള്ളിയാങ്കല്ല്, വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, തലശ്ശേരി, കൂത്തുപറമ്പ് തുടങ്ങിയ നിയോജകമണ്ഡലങ്ങലിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പെടുത്തി സർക്കിറ്റ് ടൂറിസത്തിന്റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഷാഫി പറമ്പിൽ എം.പി., എം.എൽ.എ.മാരായ കെ.കെ. രമ, കെ.എം. അഭിജിത്ത്, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ ദിൽഷാന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.