ടൂറിസം ഭൂപടത്തിൽ വരുമോ വെള്ളിയാങ്കല്ല്

വടകര : വടകര സാൻഡ് ബാങ്ക്‌സ്, മിനി ഗോവ, വെള്ളിയാങ്കല്ല് എന്നിവയെ കൂട്ടിയിണക്കുന്ന ടൂറിസം സർക്കിറ്റിന്റെ സാധ്യതതേടി ടൂറിസംവകുപ്പ് ഇറങ്ങുന്നു.

ശനിയാഴ്ച കെ.കെ. രമ എം.എൽ.എ., വടകര നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം വെള്ളിയാങ്കല്ല് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സന്ദർശിക്കും. പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് കെ.കെ. രമ എം.എൽ.എ. അറിയിച്ചു.

രാവിലെ 6.30-ന് സംഘം ബോട്ടിൽ വെള്ളിയാങ്കല്ല്ലിലേക്ക് പുറപ്പെടും.

വടകര കോസ്റ്റൽ പോലീസിന്റെ ബോട്ടിലായിരിക്കും യാത്ര. മറ്റൊരു ബോട്ടുകൂടി ഉണ്ടാകും. വടകര, പയ്യോളി, തിക്കോടി തീരത്തുനിന്നും ഏതാണ്ട് 13-15 കിലോമീറ്റർ അകലെ കടലിലാണ് വെള്ളിയാങ്കല്ല്. എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഉൾപ്പെടെ പരാമർശിക്കപ്പെടുന്ന ഈ പാറയ്ക്ക് ടൂറിസം സാധ്യത ഏറെയുണ്ട്. രണ്ടേക്കറോളം പാറക്കെട്ടുകൾ നിറഞ്ഞ കുഞ്ഞുദ്വീപാണിത്. സാഹസിക ടൂറിസം പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ യോജിച്ച ഇടം. ഇവിടുത്തെ അസ്തമയക്കാഴ്ച മനോഹരമാണ്. ചരിത്രപ്രാധാന്യവും ഈ പാറയ്ക്കുണ്ട്. കുഞ്ഞാലിമരയ്ക്കാർ പോർച്ചുഗീസുകാർക്കെതിരായ പോരാട്ടത്തിൽ ഈ പാറയെ തന്ത്രപ്രധാനകേന്ദ്രമാക്കിയിരുന്നതായി പറയുന്നുണ്ട്. ഇവിടെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കോസ്റ്റൽ പോലീസെത്തി ദേശീയപതാക ഉയർത്താറുണ്ട്.

നിലവിൽ ഇവിടേക്കുള്ള യാത്ര ടൂറിസം പദ്ധതിയുടെ ഭാഗമായി വന്നിട്ടില്ല. അതുകൊണ്ടുതന്നെ സുരക്ഷാപ്രശ്നമുണ്ട്. തീരത്തുള്ള സാൻഡ് ബാങ്ക്‌സിനെയും മിനിഗോവയെയും വെള്ളിയാങ്കല്ല്ലുമായി ചേർത്തുകൊണ്ട് ബോട്ടുയാത്ര ഉൾപ്പെടെ സാധ്യമാക്കിയാൽ വിവേകാനന്ദപ്പാറ ടൂറിസം പദ്ധതി പോലെ ഈ പ്രദേശത്തെ മാറ്റാമെന്ന് പ്രതീക്ഷയുണ്ട്.

മിനിഗോവ മനോഹരമായ ബീച്ചാണെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ ഇവിടെ ഒന്നുമായിട്ടില്ല. എന്നിട്ടും ഒട്ടേറെ സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. സാൻഡ് ബാങ്ക്‌സിൽ കുറെ വികസനപദ്ധതികൾ നടപ്പാക്കിയെങ്കിലും ഒന്നും വേണ്ടത്ര ഉപകാരപ്രദമായിട്ടില്ല. പലതും ലക്ഷ്യത്തിലെത്തിയിട്ടില്ല. ഫ്ളോട്ടിങ് ജെട്ടി ഉൾപ്പെടെ തകർന്നു. ബീച്ചും ഇവിടെ കടലെടുക്കുന്ന സ്ഥിതിയാണ്. പുതിയ പുലിമുട്ടുൾപ്പെടെ സ്ഥാപിച്ചാൽ മാത്രമേ ഇതിന് പരിഹാരമാകൂ.

ടൂറിസം വകുപ്പുമന്ത്രി അടുത്തിടെ സാൻഡ് ബാങ്ക്‌സ് സന്ദർശിച്ച് ഇവിടുത്തെ പ്രശ്നങ്ങൾ മനസ്സിലാക്കിയിരുന്നു. അന്നും എം.എൽ.എ. ഉൾപ്പെടെയുള്ളവർ ടൂറിസം സർക്കിറ്റ്‌ പദ്ധതി മന്ത്രിയുടെ മുൻപാകെ ധരിപ്പിച്ചു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ ഡി.പി.ആർ. തയ്യാറാക്കുന്നത്.

നേര​േത്ത ഹാർബർ എൻജിനിയറിങ് വിഭാഗംവെള്ളിയാങ്കല്ലിനെക്കുറിച്ച് വിശദമായി പഠിച്ചിട്ടുണ്ട്. ഇവരുടെ കൂടി പഠനറിപ്പോർട്ടും ഡി.പി.ആർ. തയ്യാറാക്കുമ്പോൾ പരിഗണിക്കും.