കുറ്റിക്കടവ് പാലം എം.എൽ.എ.യും ഉദ്യോഗസ്ഥരും സന്ദർശിച്ചു

മാവൂർ : ബുധനാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ 10 കോടി പ്രഖ്യാപിച്ച കുറ്റിക്കടവ് പാലം എം.എ. റസാഖ് എം.എൽ.എ.യും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. കുറ്റിക്കടവ് പ്രദേശത്തുകാരുടെ രണ്ടുപതിറ്റാണ്ടുനീണ്ട കാത്തിരിപ്പിനാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ വിരാമമായത്. കുറ്റിക്കടവിൽ വന്നിറങ്ങിയ എം.എൽ.എ.ക്ക് വലിയ സ്വീകരണമാണ് നാട്ടുകാർ നൽകിയത്.
തുടർന്ന്, സ്ഥലത്തെത്തിയ ബ്രിഡ്ജസ് നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനിയർ ഇ.ജി. വിശ്വപ്രകാശ്, ബ്രിഡ്ജസ് കോഴിക്കോട് എക്സിക്യുട്ടീവ് എൻജിനിയർ സി.എസ്. അജിത്ത്, ബ്രിഡ്ജസ് സബ് ഡിവിഷണൽ അസി. എക്സിക്യുട്ടീവ് എൻജിനിയർ എൻ.വി. ഷിനി എന്നിവരുമായി പുതിയ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം ചർച്ചചെയ്തു.
എത്രയുംപെട്ടെന്ന് പാലത്തിന്റെ നിർമാണം പൂർത്തീകരിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ നിർദേശമെന്നും അതിനാവശ്യമായ എന്തുസഹായവും ഉണ്ടാകുമെന്നും പെട്ടെന്നുതന്നെ നിർമാണമാരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും എം.എൽ.എ. ഉദ്യോഗസ്ഥരോട് പറഞ്ഞു.
പഴയപാലത്തിന് സമീപത്തുകൂടിയാണ് പുതിയ പാലം വരുക. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രാരംഭനടപടികൾ ആരംഭിച്ചുകഴിഞ്ഞെന്നും റവന്യൂവകുപ്പ് ഭൂമിയേറ്റെടുക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചുതന്നാൽ സ്ഥലമുടമകളുടെ അനുമതിലഭിക്കുന്ന മുറയ്ക്ക് പാലത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്നും അസി. എക്സിക്യുട്ടീവ് എൻജിനിയർ എൻ.വി. ഷിനി ‘മാതൃഭൂമി’യോട് പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വളപ്പിൽ റസാഖ്, മുസ്‌ലിംലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മാങ്ങാട്ട് അബ്ദുൽ റസാഖ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. അപ്പുകുഞ്ഞൻ, മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, വാർഡ് മെമ്പർ മുനീറ, എം. ഇസ്മായിൽ, വി.എസ്. രഞ്ജിത്ത്, ടി. രഞ്ജിത്ത്, ടി. ഉമ്മർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.