അടിയന്തരാവസ്ഥ എന്തിനുനടത്തി എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല -സെബാസ്റ്റ്യൻ പോൾ

കോഴിക്കോട് : ജനതയെ ഒരു കാലഘട്ടത്തിൽ മുൾമുനയിൽ നിർത്തിയ അടിയന്തരാവസ്ഥ എന്തിനുവേണ്ടിയാണ് നടത്തിയതെന്ന ചോദ്യത്തിന് അന്നും ഇന്നും ഉത്തരം കണ്ടെത്താനായിട്ടില്ലെന്ന് മുൻ എം.പി.യും മാധ്യമ-രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. സെബാസ്റ്റ്യൻപോൾ. വിജിൽ ഹ്യൂമൻ റൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ നടന്ന അടിയന്തരാവസ്ഥാ വിരുദ്ധദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒറ്റദിവസം നമ്മുടെ വീട്ടിൽ വന്നുപതിച്ച അശനിപാതമാണ് അടിയന്തരാവസ്ഥ. മനുഷ്യനെ അടച്ചുവെക്കപ്പെട്ട അവസ്ഥയായിരുന്നു. അടിയന്തരാവസ്ഥ എന്നല്ല, ഭരണകൂടത്തിന്റെ ഭീകരാവസ്ഥ എന്നാണ് അതിനെ വിശേഷിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് മറവി ബാധിക്കുകയാണെന്നും അന്നത്തെകാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻപോലും സമയമില്ലാത്തത് ഏറെ വേദനിപ്പിക്കുന്ന കാര്യമാണെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഗോവ മുൻ ഗവർണർ പി. എസ്. ശ്രീധരൻപിള്ള പറഞ്ഞു. കെ. രാമൻപിള്ള രചിച്ച ‘ഡോ. ശ്യാമപ്രസാദ് മുഖർജി’ എന്ന പുസ്തകം എം. ഗിരീഷിന് നൽകി പി.എസ്. ശ്രീധരൻപിള്ള പ്രകാശനംചെയ്തു. വിജിൽ പ്രസിഡന്റ് ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. ഭാരതീയവിദ്യാനികേതൻ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലൻകുട്ടി, ടി.എച്ച്. വത്സരാജ്, കെ. മോഹൻദാസ്, പി.കെ. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.