ദേശീയ ചെളിപ്പാത

കൊയിലാണ്ടിക്കും അരങ്ങാടത്തിനും ഇടയിൽ ദേശീയപാതയോരം ചെളിക്കളം

കൊയിലാണ്ടി : ദേശീയപാതയിൽ കൊയിലാണ്ടി പഴയ ആർ.ടി. ഓഫീസ് മുതൽ അരങ്ങാടത്തുവരെ പാതയോരത്ത് നിക്ഷേപിച്ച ചെമ്മണ്ണിൽ പുതഞ്ഞ് യാത്രക്കാരും കച്ചവടക്കാരും.

ദേശീയപാത റീ ടാറിങ് ചെയ്തതിനെത്തുടർന്നാണ് പാതയോരത്ത് മണ്ണ് നിക്ഷേപിച്ച് അരികുകൾ ഉയർത്തിയത്. ഒരുതരം ചേടിമണ്ണാണ് പാതയോരം ഉറപ്പിക്കാനിട്ടത്. മഴ പെയ്തതോടെ ഇത് കുഴഞ്ഞുമറിഞ്ഞ് ആകെ പ്രയാസത്തിലായിരിക്കുകയാണ്. അരങ്ങാടത്ത് മുതൽ മാർക്കറ്റ് വരെ ചെളിവെള്ളവും കുഴഞ്ഞു മറിഞ്ഞ ചെളിയുമാണ്. വാഹനങ്ങൾ റോഡിൽനിന്ന് ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. കോഴിക്കോട്- കണ്ണൂർ റൂട്ടിലോടുന്ന ബസുകളും ലോറികളും അമിതവേഗത്തിലും ഓവർ ടേക്ക്‌ ചെയ്തും വരുമ്പോൾ ഇരുചക്രവാഹനങ്ങളിലും കാറിലും സഞ്ചരിക്കുന്നവർക്ക് പെട്ടെന്ന് വെട്ടിച്ച് റോഡരികിലേക്ക് ഇറക്കാനാവില്ല.

ചളിക്കളത്തിൽ വീണാൽ വഴുതി വലിയതോതിലുള്ള അപകടങ്ങൾ സംഭവിക്കും. റോഡരികിലെ കുഴികൾ അടയ്ക്കുകയും വെള്ളക്കെട്ടുകൾ ഒഴിവാക്കുകയും വേണമെന്നാവശ്യപ്പെട്ട് കച്ചവടക്കാരും സമീപ വീട്ടുകാരും കെ. പ്രവീൺകുമാർ എം.എൽ.എ.ക്ക്‌ നിവേദനംനൽകിയിരുന്നു. ഇതേത്തുടർന്ന് ഇക്കഴിഞ്ഞ ജൂൺ പത്തിന് എം.എൽ.എ., കൊയിലാണ്ടി നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രൻ, കൗൺസിലർമാർ, വ്യാപാരി പ്രതിനിധികൾ എന്നിവരോടൊപ്പം സ്ഥലംസന്ദർശിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനിയർ ഐ.കെ. മിഥുൻ, വടകര ആർ.ടി.ഒ. കെ. അജീഷ്, സൈറ്റ് എൻജിനിയർ പി.എം. വൈശാഖ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

ഒരാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായിരുന്നു. എന്നാൽ രണ്ടാഴ്ചയായിട്ടും റോഡരികിലെ ചെളിമാറ്റാൻ അധികൃതർക്ക് ആയിട്ടില്ല.

റീ-ടാറിങിനു ശേഷം റോഡരികിൽ നിരത്തിയ ചുവന്നമണ്ണാണ് വിനയായത്. സമീപത്തെ കടകളിലേക്ക് വരുന്നവർക്ക് ചെളിക്കുളം ചാടിക്കടക്കേണ്ട സ്ഥിതിയാണുള്ളത്. ഇതുകാരണം പല കടകളിലും കച്ചവടവും നിലച്ചിരിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ദിനംപ്രതി റോഡരികിലൂടെ യാത്രചെയ്യുന്നവർ തെന്നിവീഴുന്നതും ഇരുചക്രവാഹനങ്ങൾ കുഴികളിൽ അറിയാതെ അപകടത്തിൽപ്പെടുന്നതും പതിവാകുകയാണ്. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കണമെങ്കിൽ റോഡരികിൽ ഡ്രെയ്‌നേജ് സംവിധാനം ഉറപ്പാക്കണം. ഇതിനായി അഞ്ചരക്കോടിയുടെ പദ്ധതി എൻ.എച്ച്. അധികൃതർ തയ്യാറാക്കിയിരുന്നെങ്കിലും നടപ്പായിട്ടില്ല.