ദുരന്തം ഒഴിവായി

നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി. ബസിന് തീപിടിച്ചു

ഡ്രൈവറുടെ സമയോഗിത ഇടപെടൽ രക്ഷയായി

കോഴിക്കോട് : ഡ്രൈവറുടെ സമയോചിത ഇടപെടലിനെത്തുടർന്ന് ഒഴിവായത് കെ.എസ്.ആർ.ടി.സി. ബസിലെ തീപ്പിടിത്തം. വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെ എരഞ്ഞിപ്പാലത്താണ് സംഭവം.

സുൽത്താൻ ബത്തേരിയിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസ് സിഗ്നലിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് സ്റ്റിയറിങ് ഭാഗത്ത് നിന്ന് പ്ലാസ്റ്റിക് കത്തുന്ന മണംവന്നത്. ഉടൻ അപകടസാധ്യത തിരിച്ചറിഞ്ഞ ഡ്രൈവർ ബസിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

സംഭവസമയത്ത് ബസിലുണ്ടായിരുന്ന അൻപതോളം യാത്രക്കാരെ വനിതാകണ്ടക്ടറുടെ നേതൃത്വത്തിൽ സുരക്ഷിതമായി പുറത്തിറക്കി. വിവരമറിഞ്ഞെത്തിയ ട്രാഫിക് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ബസ് റോഡരികിലേക്ക് മാറ്റുകയും ഗതാഗതതടസ്സം ഒഴിവാക്കുകയുംചെയ്തു.

ഷോട്‌ സർക്കീറ്റാണ്‌ തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അധികൃതർ കൂടുതൽ പരിശോധന നടത്തിവരുകയാണ്.