ഇനിയില്ല, ചവിട്ടുവരിയിലെ കൂറ്റൻ വാകമരം

കോട്ടയം : വർഷങ്ങളായി അപകടഭീഷണിയിലായിരുന്ന ചവിട്ടുവരിയിലെ കൂറ്റൻ വാകമരം വെട്ടിമാറ്റിത്തുടങ്ങി. ഗാതാഗത തടസ്സം പരമാവധി ഒഴിവാക്കിയാണ് മരം മുറിക്കുന്നത്. വലിയശിഖരങ്ങൾ മുറിക്കാൻ മൂന്ന് യന്ത്രവാളുകളും രണ്ട് ക്രെയിനുകളും ഉപയോഗിച്ചു. പണികൾ ഒരുപകൽ മുഴുവൻ നീണ്ടു. ആദ്യദിവസം ശിഖരങ്ങൾ മുറിച്ചുനീക്കി. ഇനിയുള്ളത് തായ്ത്തടിയാണ്. ഇത് തിരക്ക് കുറവായ ഞായറാഴ്ച മുറിക്കാനാണ് തീരുമാനം.

ചവിട്ടുവരി കവലയിൽനിന്ന് സൂര്യകാലടി ഭാഗത്തേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗത്താണ് മരം നിന്നിരുന്നത്. 40 വർഷത്തോളം പഴക്കമുള്ള മരമാണിത്‌. എം.സി. റോഡ് ഭാഗത്തേക്കുള്ള ശിഖരങ്ങൾ മുറിച്ചുമാറ്റിയ സമയം ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസും എത്തിയിരുന്നു.

കെ.എസ്.ഇ.ബി. ജീവനക്കാർ വൈദ്യുതിലൈനുകൾ അഴിച്ചുമാറ്റി രാവിലെ മുതൽ ഒപ്പമുണ്ടായിരുന്നു. നഗരസഭയുടെ ചെലവിലാണ് മരം മുറിക്കുന്നത്.