തിരക്കിന് വിടപറയും; കറുകച്ചാലിലും വരും നാലുവരിപ്പാത

കറുകച്ചാൽ : ഗതാഗതക്കുരുക്കിന് പരിഹാരമായി കറുകച്ചാലിൽ നാലുവരിപ്പാത നിർമിക്കാൻ ആലോചന. കറുകച്ചാൽ പഞ്ചായത്ത് ജങ്ഷൻ മുതൽ നെത്തല്ലൂർ വരെയുള്ള ഭാഗമാണ് നാലുവരിയാക്കുന്നത്. ഇതു മാത്രമാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ഏക മാർഗം. ഇതിനായി വാഴൂർ റോഡിന്റെ വശങ്ങളിൽനിന്നും സ്ഥലം ഏറ്റെടുത്ത് വീതികൂട്ടി നിർമിക്കും. എവിടെനിന്ന് എത്ര കിലോമീറ്റർ എന്ന കാര്യത്തിൽ ധാരണയായില്ല.

ദിനംപ്രതി വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിൽനിന്നും കറുകച്ചാലിനെ മോചിപ്പിക്കണമെങ്കിൽ സമാന്തരപാതകൾ ആവശ്യമാണ്. പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇത് സംബന്ധിച്ച മാർഗരേഖ തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും റോണി കെ.ബേബി എം.എൽ.എ. പറഞ്ഞു. നാലുവരിപ്പാത വരുന്നതോടെ സെൻട്രൽ ജങ്ഷൻ നവീകരണമടക്കം ഇതോടൊപ്പം പൂർത്തിയാക്കാൻ കഴിയും.

സ്ഥലം ഏറ്റെടുപ്പാണ് പ്രധാനം

:ആവശ്യമായ സ്ഥലം കിട്ടാത്തതാണ് കറുകച്ചാലിലെ വികസനപ്രശ്‌നങ്ങൾക്ക് എന്നും തടസ്സം. പുറമ്പോക്കുഭൂമി ഏറ്റെടുത്താൽമാത്രമേ നവീകരണം നടക്കൂ. സ്ഥലം ഏറ്റെടുപ്പ് നടത്താൻ കഴിയാത്തതിനാലാണ് സെൻട്രൽ ജങ്ഷൻ നവീകരണം മുടങ്ങിയത്. എന്നാൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകാനാണ് തീരുമാനം. പഞ്ചായത്ത് ജങ്ഷൻ മുതൽ നെത്തല്ലൂർ വരെയുള്ള ഭാഗത്തെ ഒന്നര കിലോമീറ്ററിലധികം പുറമ്പോക്കുഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർവേയറെ നിയോഗിക്കണമെന്ന് തഹസിൽദാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരമധ്യത്തിലെ കൈയേറ്റങ്ങളടക്കം പൂർണമായി ഒഴിപ്പിക്കാനാണ് തീരുമാനം. കൈയേറി നിർമിച്ച പല കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടിവരും.

റിങ് റോഡ് പദ്ധതിയും വരും

:കഴിഞ്ഞ ബജറ്റിൽ തുക അനുവദിച്ചതോടെ റിങ് റോഡ് പദ്ധതിക്കും ജീവൻവെച്ചു. ഇതിന്റെ സർവേ അടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കറുകച്ചാൽ എത്താതെ നഗരത്തെ ചുറ്റി റോഡുകൾ നിർമിക്കുന്നതാണ് പദ്ധതി. അഞ്ചേക്കറോളം സ്ഥലമാണ് പദ്ധതിക്കായി വേണ്ടത്. ഈ സ്ഥലം പണം കൊടുത്ത് വാങ്ങണം.

ചങ്ങനാശ്ശേരി-വാഴൂർ റോഡിൽനിന്നും കറുകച്ചാൽ കവലയിൽ എത്താതെ ഇടറോഡിലൂടെ കോട്ടയം-കോഴഞ്ചേരി റോഡിലെത്തി, അവിടെനിന്ന്‌ ഇടറോഡിലൂടെ ചമ്പക്കര പള്ളിപ്പടിയിലെത്തുന്നതാണ് ആദ്യഘട്ടം. മല്ലപ്പള്ളി റോഡിലൂടെ എത്തുന്നവർക്ക് കുറ്റിക്കൽ-തട്ടാരടി-കൂത്രപ്പള്ളി വഴി വാഴൂർ റോഡിലെത്തുന്നതാണ് രണ്ടാംഘട്ടം.