കാഞ്ഞിരപ്പള്ളിയിൽ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

കാഞ്ഞിരപ്പള്ളി : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധസംഘം നടത്തിയ പരിശോധനയിൽ 2.200 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ അറസ്റ്റുചെയ്തു, കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ജഹീദുൽ ഇസ്ലാം (22) ആണ് അറസ്റ്റിലായത്. ബുധനാഴ്ചരാവിലെ ഏഴോടെ ഇയാൾ ഒഡിഷയിൽനിന്ന്‌ ബാഗിൽ കഞ്ചാവുമായി താമസസ്ഥലമായ കൂവപ്പള്ളിയിലേക്ക് വരുമ്പോഴാണ് പോലീസ് പിടികൂടുന്നത്. മുൻപ് പാലായിൽ താമസിച്ചിരുന്ന ഇയാളുടെ പേരിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ നാല് കേസുണ്ട്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്കടക്കം വിൽപ്പന നടത്തിവരുകയായിരുന്നു. ഇയാൾ നാട്ടിൽ പോകുകയാണെന്ന് പറഞ്ഞുപോയിട്ടും വെസ്റ്റ് ബംഗാളിൽ എത്തിയില്ലെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കഞ്ചാവുമായി വരുന്ന രഹസ്യവിവരം പോലീസിന് ലഭിച്ചത്. താമസസ്ഥലത്തേക്ക് വരുന്ന വഴി കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ വന്നിറങ്ങിയപ്പോഴാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽനിന്നും കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. റിജോ പി. ജോസ് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇയാളെ രഹസ്യമായി നിരീക്ഷിച്ചുവരുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.