കോടികൾ മുങ്ങി, കരതൊടാതെ ഈ പാലം

#ആതിര പ്രകാശ്

കോട്ടയം : 24 വർഷമായി പരിപ്പ് തൊള്ളായിരംപാലം പണി തുടങ്ങിയിട്ട്. പാലം സഫലമായെങ്കിലും കര തൊട്ടില്ല. അപ്രോച്ച് റോഡ് ഇല്ലാത്തതാണ് കാരണം.

നാല് മീറ്റർ പൊക്കമുണ്ടായിരുന്ന പഴയപാലം പൊളിച്ച് ഉയരം പകുതിയായിക്കുറച്ചാണ് പുതിയ പാലം നിർമിച്ചത്. ടാർ ഇടാത്ത, കുണ്ടും കുഴിയും നിറഞ്ഞ വഴി തന്നെ ഇപ്പോഴും അയ്‌മനം വില്ലേജിൽ പരിപ്പ് തൊള്ളായിരം മാൻചിറ നിവാസികൾക്ക് ആശ്രയം.

2002-ൽ 18 ലക്ഷം രൂപ എം.പി.ഫണ്ട് ഉപയോഗിച്ചു നിർമിച്ചതാണ് പാലം. പിന്നീട് റോഡിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന് 3.75 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുവദിച്ചിരുന്നു. എന്നാൽ, 24 വർഷം പിന്നീടുമ്പോഴും അപ്രോച്ച് റോഡ് എങ്ങുമെത്തിയില്ല. കേന്ദ്ര സർക്കാരിന്റെ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ സംരംഭമാണിത്. 2.868 കി.മീ. ദൂരമുള്ള ഈ റോഡിന്റെ പണി ഭാഗികമായിചെയ്ത് കരാറുകാരൻ പാർട്ട് ബില്ല് മാറി പണി ഉപേക്ഷിച്ചുപോയി. തൊള്ളായിരംവരെ റോഡ് നിർമിച്ചെങ്കിലും ടാർ ചെയ്തില്ല.

റോഡില്ലാത്തതിനാൽ യാത്രാദുരിതം

ഏകദേശം എണ്ണൂറ് കുടുംബങ്ങൾ ഇവിടെയുണ്ട്. എല്ലാവരും ആശ്രയിക്കുന്നത് ഈ വഴിയാണ്,- പ്രദേശവാസി സുനില മോനി പറഞ്ഞു. വർഷങ്ങളായി ഇങ്ങനെ പുരോഗതിയൊന്നുമില്ലാതെ കിടക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞ ഈ വഴിയിലൂടെ ഒരു ഓട്ടോറിക്ഷപോലും വരില്ലെന്ന് വിശാലാക്ഷി രാജു ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് സ്കൂളിലേക്ക് പോകാനും പ്രായമായവരെ ആശുപത്രിയിലെത്തിക്കാനും വല്ലാത്ത പാടാണ്. ഇവിടെനിന്ന് രണ്ട് കിലോമീറ്റോളം ദിവസവും നടന്ന് പ്രധാന റോഡിലെത്തിയാണ് മിക്കവരും ജോലിക്കും മറ്റു ആവശ്യങ്ങൾക്കും പോകുന്നതെന്ന് ആനന്ദവല്ലി ശശി പറഞ്ഞു.

വിഷമതകൾ

പൂർത്തീക്കരിക്കാതെ കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ ഗതാഗതം മോശം. റോഡിന് സമീപത്തായി കനാലിനുകുറുകേ താത്കാലികമായി നിർമിച്ച മുട്ടുപെളിച്ചുമാറ്റാത്തതിനാൽ ജലഗതാഗതം തടസ്സപ്പെട്ടു. ഇതുമൂലം പുത്തൻകരി, ഒളോക്കേരി,

തൊള്ളായിരം പാടശേഖരത്തെ കർഷകർക്ക് പാടത്തേക്ക് വിത്തുകളും വളവുമായി വള്ളത്തിൽ പോകാൻ തടസ്സം. മഴക്കാലത്ത് നദിയിൽ ജലനിരപ്പുയർന്ന് സമീപത്തെ വീടുകൾക്ക് വെള്ളപ്പൊക്കഭീഷണി. പാടശേഖരത്തിൽ കൃഷിനാശം. റോഡ് അയ്മനം, കുമരകം വിനോദസഞ്ചാര വികസനത്തിനും പ്രധാനപ്പെട്ടതാണ്.