എട്ടുവർഷത്തെ കാത്തിരിപ്പ് തീരുന്നു; സിവിൽസ്റ്റേഷൻ അനക്‌സ് സജീവമാക്കും

പാലാ : എട്ടുവർഷം മുമ്പ് നിർമാണം നടത്തിയിട്ടും ഉപയോഗരഹിതമായി കിടന്ന നെല്ലിയാനിയിലെ സിവിൽ സ്‌റ്റേഷൻ അനക്‌സ് കെട്ടിടത്തിന് ശാപമോഷമാകുന്നു. വാടകക്കെട്ടിടങ്ങളിൽ പ്രവൃത്തിക്കുന്ന വിവിധസർക്കാർ ഓഫീസുകൾ നെല്ലിയാനിയിലേക്ക് മാറ്റുന്ന നടപടികൾ ധൃതഗതിയിൽ നടക്കുകയാണന്ന് മാണി സി.കാപ്പൻ എം.എൽ.എ .അറിയിച്ചു. 16-ന് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. എട്ടുവർഷം മുമ്പ് പണിതശേഷം കാടുകയറിക്കിടന്ന കെട്ടിടത്തിൽ വൈദ്യുതി, വെള്ളം എന്നിവ സജ്ജമാക്കിയിരിക്കുന്നു. നെല്ലിയാനി ജങ്ഷനിൽ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്ന ഭൂമി പ്രയോജനപ്പെടുത്തിയാണ് പുതിയമന്ദിരം നിർമിച്ചത്.
മൂന്ന് നിലകളിലായി വിഭാവനം ചെയ്ത മന്ദിരത്തിന്റെ താഴത്തെനില മാത്രമാണ് നിർമിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും അളവ് തൂക്കവിഭാഗത്തിന്റെയും ഓഫീസുകളാണ് ഇവിടേയ്ക്ക് മാറ്റുന്നത്.സർക്കാർ കെട്ടിടം ഉണ്ടായിട്ടും മാസം തോറും ലക്ഷങ്ങൾ മാസവാടക നൽകിയാണ് വാടക കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളോടെ പാലാ സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ചെത്തിമറ്റത്ത് പ്രവൃത്തിച്ചുവന്നിരുന്നത്.
തിരഞ്ഞെടുപ്പ് ഓഫീസ്, റവന്യൂവകുപ്പിന്റെ ലാൻഡ് അക്വസിഷൻ ഓഫീസ് തുടങ്ങിയവയും മാറ്റുന്നത് പരിഗണനയിലുണ്ട് .പതിറ്റാണ്ടുകൾക്ക് പാലായിൽ പ്രവർത്തനം തുടങ്ങിയപ്പോൾ മുതൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ജോ.ആർ.ടി. ഓഫീസ് ആവശ്യമായ സ്ഥലസൗകര്യങ്ങളോടെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നത് ഏറെ പ്രധാനപ്പെട്ടതാണ്. മുമ്പ് ആർ.ടി.ഓഫീസ് പാലാ നഗരത്തിൽനിന്ന് ഉൾപ്രദേശങ്ങളിലേക്ക് മാറ്റുന്നതിന് നീക്കങ്ങളുണ്ടായപ്പോൾ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. നെല്ലിയാനിയിലെ കെട്ടിടസമുച്ചയത്തിലേക്ക് മാറ്റുന്നതോടെ ഭാവിയിലുണ്ടാകുന്ന ഇത്തരം ആശങ്കകൾക്കെല്ലാം പരിഹാരമാകും. ഇവിടെ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനും സ്ഥലസൗകര്യമുണ്ട്. പാലാ-വൈക്കം റോഡിൽ നെല്ലിയാനിയിൽ തിരക്കുകുറഞ്ഞതും വിസ്തൃതമായ പാർക്കിങ് സൗകര്യത്തോടുകൂടിയതുമായ ഒരേക്കർ സ്ഥലത്താണ് കെട്ടിടം.