രോഗി മരിച്ച സംഭവം: സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് ഡി.വൈ.എഫ്.ഐ.

ഗാന്ധിനഗർ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി മരിക്കാനിടയായ സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച്, ഡി.വൈ.എഫ്.ഐ. സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. െഹർണിയ ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിൽ കഴിഞ്ഞിരുന്ന ചങ്ങനാശ്ശേരി പുത്തൂർപള്ളി പുതുപ്പറമ്പിൽ ഹസൻകുഞ്ഞിന്റെ ഭാര്യ ഹസീന (49) ആണ് ആശുപത്രിയിൽ മരിച്ചത്.

ചികിത്സപ്പിഴവാണ് മരണകാരണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചത്. രാവിലെ 10-ന് തുടങ്ങിയ ഉപരോധം രണ്ടരമണിക്കൂറോളം തുടർന്നു. മെഡിക്കൽ കോളേജിന് പുറത്തുനിന്നുള്ള ഡോക്ടർമാരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ നിയോഗിക്കാമെന്ന ഉറപ്പുലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച് ഉത്തരവിറക്കുമെന്നും പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് ഉറപ്പുനൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ടിജി തോമസ് ജേക്കബിന്റെ സാന്നിധ്യത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസുമായി സംസാരിച്ചശേഷമായിരുന്നു പ്രിൻസിപ്പൽ ഉറപ്പുനൽകിയത്.

ജില്ലാ സെക്രട്ടറി ടി.എസ്. ശരത്, പ്രസിഡന്റ് അർച്ചന സദാശിവൻ തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.

സൂപ്രണ്ടിനെ മണിക്കൂറുകളോളം ഉപരോധിച്ചത് സുരക്ഷാവീഴ്ചയെന്ന് ആരോപണമുയർന്നു. അസ്ഥിരോഗവിഭാഗം മേധാവികൂടിയായ ഡോ. റ്റിജി തോമസ് ജേക്കബ് വാർഡുകളിലെ പരിശോധനയ്ക്കുശേഷം സൂപ്രണ്ട് ഓഫീസിൽ രോഗികളെ കാണുന്നതിനിടെ ചർച്ചയ്ക്കെന്ന രീതിയിലാണ് സമരക്കാർ എത്തിയത്. തുടർന്ന് എല്ലാവരും ഓഫീസിലേക്ക്‌ ഇരച്ചുകയറുകയായിരുന്നു.