നടപ്പാതയുണ്ട്:പക്ഷേ, നടന്നു പോകാൻ റോഡിലിറങ്ങണം

കറുകച്ചാൽ : നടപ്പാതയുണ്ടെങ്കിലും സമാധാനത്തോടെ നടക്കാൻ യാത്രക്കാർക്ക് കഴിയില്ല. ചിലയിടങ്ങൾ കാട് കയറി.
മറ്റ് ഭാഗങ്ങളിൽ പാർക്കിങും. തിരക്കേറിയ റോഡിന്റെ വശം ചേർന്ന് നടക്കാനാണ് യാത്രക്കാർക്ക് വിധി. ലക്ഷങ്ങൾ മുടക്കി വാഴൂർ റോഡിന്റെ ഇരുവശങ്ങളിലുമായി നിർമിച്ച നടപ്പാതകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. മാലിന്യങ്ങളും ടാറിങ് അവശിഷ്ടങ്ങളും തള്ളിയതോടെയാണ് അധ്യാപക ബാങ്കിന് സമീപത്തെ നടപ്പാത ഉപയോഗിക്കാതെ കാട് കയറിയത്.
മണ്ണെടുക്കാൻ ടിപ്പറുകൾ കയറിയിറങ്ങിയതോടെ മറ്റ് ഭാഗങ്ങളിലെ കൊരുപ്പുകട്ടകൾ തകർന്നു. നഗരത്തിൽ പലയിടത്തും ഇതേ സ്ഥിതിയാണ്. പഞ്ചായത്ത് ജങ്ഷന് സമീപം നടപ്പാത ഇളകി റോഡരികിൽ നിരന്നുകിടക്കുന്നു.
ബസ്‌സ്റ്റാൻഡ് ഭാഗം മുതൽ നെത്തല്ലൂർ റോഡിലും പലയിടത്തും തകർന്നു. കാടുകയറിയ ഭാഗങ്ങൾ വൃത്തിയാക്കാനും നടപടിയില്ല. നടപ്പാത കൈയേറ്റവും അനധികൃത പാർക്കിങ്ങിനുമെതിരേ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.