ഓട്ടോ മോഷണക്കേസിൽ രണ്ടുപേർ പിടിയിൽ

ചങ്ങനാശ്ശേരി : ഓട്ടോറിക്ഷ മോഷണക്കേസിൽ രണ്ടുപേർ പോലീസ് പിടിയിലായി. കിഴക്കൻമുത്തൂർ കൊറ്റത്തോട് കൊച്ചുതടത്തിൽ സരുൺ (21), തിരുവല്ല കാട്ടൂക്കര വലിയകുളത്തിൽ അഭിഷേക് (19) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് തിരുവല്ല കുറ്റപ്പുഴയിൽനിന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം എ.സി. റോഡിൽ മനയ്ക്കച്ചിറയിലുള്ള സെക്കന്റ്ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഗ്യാരേജിൽകിടന്ന ഓട്ടോറിക്ഷയാണ് ഇവർ രാത്രി മോഷ്ടിച്ചത്. ചങ്ങനാശ്ശേരി പോലീസ് നൂറോളം നിരീക്ഷണ ക്യാമറ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. മോഷണംപോയ ഓട്ടോറിക്ഷ തിരുവല്ലവരെ എത്തിയെന്ന് കണ്ടെത്തി. തുടർന്ന് തിരുവല്ലയും പരിസരപ്രദേശത്തുമുള്ള മുൻകാല മോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കുറ്റപ്പുഴ സ്വദേശികളാണ് മോഷ്ടാക്കളെന്ന് തിരിച്ചറിഞ്ഞതും ഇവരെ കസ്റ്റഡിയിലെടുത്തതും. ഇവർക്ക് ഒപ്പമുണ്ടായിരുന്ന മൂന്നാമൻ ആദർശ് (20) വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മോഷ്ടിച്ച ഓട്ടോറിക്ഷ പ്രതികൾ പൊളിച്ചുവിറ്റെങ്കിലും ഇതിന്റെ എൻജിനും ബോഡിയും കണ്ടെടുത്തു. അഭിഷേകും ആദർശും ചില പെറ്റികേസുകളിലും സരുൺ പോക്സോ കേസിലും പ്രതിയാണ്. കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. ആഷാദ് സദാനന്ദന്റെ നേതത്വത്തിൽ സി.ഐ. അനിൽ ജോർജ്, എസ്.ഐ. അഖിൽ, ജൂഡ്, കലേഷ്, സതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.