കുറുന്തറപ്പുഴ സംരക്ഷണം: സമിതി രൂപവത്കരിച്ചു

​തലയോലപ്പറമ്പ് : തലയോലപ്പറമ്പ് പഞ്ചായത്തിലെ പ്രധാന ജലാശയങ്ങളായ കുറുന്തറപ്പുഴ, കരിക്കനാൽ (പുത്തൻതോട്), മാത്താനം തോട് തുടങ്ങിവയും പ്രദേശത്തെ മറ്റ് തോടുകളുടെയും നവീകരണത്തിനും സംരക്ഷണത്തിനും കുറുന്തറപ്പുഴ സംരക്ഷണസമിതി രൂപവത്കരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ ഏജൻസികളുടെയും ത്രിതല പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.

പദ്ധതി യഥാസമയം നടപ്പാക്കിയില്ലെങ്കിൽ അടുത്ത രണ്ടുവർഷത്തിനുള്ളിൽ തലയോലപ്പറമ്പ് കൃഷിഭവനുകീഴിലുള്ള 1700 ഏക്കർ നെൽപ്പാടങ്ങളിൽ പകുതിയിലധികവും തരിശിടേണ്ടിവരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് മുതിർന്ന കർഷകനും സാംസ്കാരികപ്രവർത്തകനുമായ വി.കെ. ശശിധരന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, കർഷകർ, പാടശേഖര സമിതി ഭാരവാഹികൾ, പുഴയോരനിവാസികൾ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ച് സമിതി രൂപവത്കരിച്ചത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി. ഷാനോ, സീതു ശശിധരൻ, പഞ്ചായത്ത് അംഗങ്ങളായ നിഷ വി.നായർ, എം. അനിൽകുമാർ, അബ്ദുൾ സലിം, കെ.കെ. ഷാജി, സോഫി ജോസഫ്, സമീൽ ഇബ്രാഹിം എന്നിവരും കർഷക പ്രതിനിധികളും പ്രസംഗിച്ചു.

ഭാരവാഹികൾ: ഫ്രാൻസിസ് ജോർജ് എം.പി., കെ. ബിനിമോൻ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, ജില്ലാപഞ്ചായത്തംഗം വിജയമ്മ ബാബു(രക്ഷാ.), തങ്കമ്മ വർഗീസ് (പ്രസി.), വി.കെ. ശശിധരൻ വാളവേലി(ജനറൽ കൺ.).