ഫോണില്ലാക്കുഞ്ഞുണ്ണി: മലയാളത്തിന്റെ പ്രിയ കവി ഷീജ വക്കം കൂട്ടുകാർക്കായി എഴുതിയ കവിത കേൾക്കാം

കുഞ്ഞിച്ചിരട്ടയിൽ വെള്ളം നിറച്ചു കൊ-

ണ്ടുമ്മറത്തേക്കു കുഞ്ഞുണ്ണി ചെന്നു.

വിങ്ങുന്ന വേനലിൽ ദാഹിച്ച മൈനകൾ

വന്നാ ജലം കുടിക്കാൻ നിരന്നു.

ലില്ലിച്ചെടിയില തിന്നു തീർക്കാൻവന്നൊ-

രുണ്ണിപ്പുഴുവിനെയന്നു കണ്ടു.

ഉണ്ണിയെ കൊത്തി വിഴുങ്ങുവാൻ കാടകൾ

തമ്മിലടിക്കെ,തുരത്തി വിട്ടു.

മുറ്റത്തു പൂവിട്ടനാട്ടുറോസക്കൊമ്പി-

ലൊറ്റയ്‌ക്കൊരുതുമ്പി പാറിവന്നു.

കൊച്ചുകൈ നീട്ടുമ്പൊഴേക്കു പൊങ്ങിപ്പോയി

മറ്റൊരു പൂമൊട്ടിലുമ്മവെച്ചു.

മണ്ണിലൊരു പിടി വാടിയ പൂവിത-

ളിന്നാളു വാരിയെറിഞ്ഞതാണ്.

തന്നാലെ പൊട്ടിമുളച്ചു നീട്ടുന്നൊരു

മഞ്ഞപ്പൂ പിന്നെയും ചെണ്ടുമല്ലി.

കണ്ണു കേടാവോളമെന്നും മൊബൈലിന്റെ

മുന്നിൽ തപസ്സിരിക്കില്ലയുണ്ണി.

ചെല്ലപ്പയർവള്ളിയൊന്നിളംകാറ്റത്തു

തുള്ളിക്കളിക്കും കസർത്തു കാണും.

അമ്മ വിളമ്പിത്തരുമ്പോൾ കുറുമ്പൊന്നു-

മില്ലാതെ കുമ്പ നിറച്ചുമുണ്ണും.

അമ്മ പറഞ്ഞുതരും കഥ കേട്ടുകേ-

ട്ടങ്ങനെ പയ്യെയുറങ്ങിവീഴും...

Content Highlights: Depicts the innocence and curiosity of childhood through Kunjunni.