'വെടിവെക്കുമെന്ന് ഭീഷണി,അന്ന് അതിർത്തി തുറന്നിരുന്നെങ്കിൽ ഇന്ന് പിതാവ് ജീവനോടെ ഉണ്ടാകുമായിരുന്നു'

'പോലീസിനോട് കെഞ്ചിപ്പറഞ്ഞു, കടത്തിവിടാന്‍. കേട്ടഭാവം നടിച്ചില്ല. ഇവിടെ നിന്നാല്‍ വെടിവെക്കുമെന്നായിരുന്നു കര്‍ണാടക പോലീസ് പറഞ്ഞത്. അതിര്‍ത്തി കടത്തിവിട്ടിരുന്നുവെങ്കില്‍ ഇന്നെന്റെ പിതാവ് ജീവനോടെ കാണുമായിരുന്നു'- കോവിഡ് കാലത്ത് അതിര്‍ത്തി കൊട്ടിയടച്ചത് മൂലം ചികിത്സ കിട്ടാതെ മരിച്ച കാസര്‍കോട്ടെ അബ്ദുള്‍ സലാമിന്റെ മകന്‍ ഹമീദിന്റെ വാക്കുകള്‍.
കോവിഡ് കാലത്ത് കാസര്‍കോട്ട് ചികിത്സ ലഭിക്കാതെ മരിക്കുന്ന പതിനൊന്നാമനായിരുന്നു അബ്ദുള്‍ സലാം. കടുത്ത ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്നാണ് അബ്ദുള്‍ സലാമിനെ കര്‍ണാടകയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. എന്നാല്‍, തലപ്പാടിയില്‍ എത്തിയപ്പോള്‍ കര്‍ണാടക പോലീസ് തടയുകയായിരുന്നു. പിതാവിന്റെ ജീവന് വേണ്ടി മകന്‍ പോലീസിനോട് യാചിച്ചെങ്കിലും കനിവുണ്ടായില്ല. തോക്കുകൊണ്ട് വെടിയേല്‍ക്കുമെന്ന ഭീഷണി കൂടിയായതോടെ അസുഖബാധിതനായിക്കിടക്കുന്ന പിതാവിനെയുംകൊണ്ട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തി. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അറിയുന്നത്, ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയിരിക്കുന്നുവെന്ന കാര്യം. തുടര്‍ന്ന് കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ച് അബ്ദുള്‍ സലാമിനെ ചികിത്സിക്കുകയായിരുന്നു. മൂന്നുദിവസം ചികിത്സിച്ചു. ആരോഗ്യം മാറ്റമില്ലാതെ തുടര്‍ന്നതേടെ വീട്ടിലേക്ക് തിരിച്ചയച്ചു. വിദഗ്ധചികിത്സ നേരത്തെ കിട്ടിയിരുന്നുവെങ്കില്‍ പിതാവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മകന്‍ ഹമീദ് പറയുന്നു.
Content Highlights: Inadequate healthcare facilities in kasaragod district series