ആശ്രയം അതിര്‍ത്തിക്കപ്പുറം; ക്ഷയിച്ചില്ലാതായി കാസര്‍കോടിന്റെ ആരോഗ്യം | വേണം കാസർകോടിനും കരുതൽ 01

ജനങ്ങളുടെ ദുരിതം നേരിട്ടറിയാൻ വേണ്ടി കാസർകോടിൽ എത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ്  ജനങ്ങളുമായി സംവദിക്കുന്നു | Photo: Screengrab/ Video
ജനങ്ങളുടെ ദുരിതം നേരിട്ടറിയാൻ വേണ്ടി കാസർകോടിൽ എത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ് ജനങ്ങളുമായി സംവദിക്കുന്നു | Photo: Screengrab/ Video

കാസര്‍കോട്, കേരളത്തിന്റെ വടക്കേ അറ്റത്ത് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല. വികസനത്തിലാകട്ടെ ആരോഗ്യമേഖലയിലാകട്ടെ, കേരളത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച്‌ ഏറെ പിന്നിലാണ് കാസര്‍കോട്. അതുകൊണ്ടുതന്നെ അവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് അയല്‍സംസ്ഥാനത്തെ നഗരങ്ങളെ ആശ്രയിക്കുകയാണ് വര്‍ഷങ്ങളായി ഇവിടുത്തെ ജനങ്ങള്‍. അതിര്‍ത്തി കൊട്ടിയടച്ച കോവിഡ് ദുരന്തനാളുകളില്‍ പത്ത് ദിവസത്തിനുള്ളില്‍ ഇവിടെ ചികിത്സ കിട്ടാതെ മരിച്ചത് പത്തുപേരാണ്. അത്യാഹിതം സംഭവിച്ചാല്‍ തലപ്പാടി അതിര്‍ത്തിയിലൂടെ രോഗിയേയും വഹിച്ച് ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞു പോകുന്ന കാഴ്ചകള്‍ നിത്യം. വിരലിലെണ്ണാവുന്ന ആരോഗ്യസ്ഥാപനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പറയത്തക്ക ആരോഗ്യസംവിധാനങ്ങളൊന്നും ജില്ലയിലില്ല. പേരിനെന്ന പോല്‍ കെട്ടിപ്പടുത്ത ഒരു മെഡിക്കല്‍ കോളേജ്, സ്വകാര്യ ആശുപത്രികളിലാണെങ്കില്‍ കഴുത്തറുപ്പന്‍ രീതി. ജില്ലയിലെ മറ്റു മേഖലകളിലെ വികസനവും ശൈശവദശയിലാണ്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കുന്നതിനായുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കേരളയാത്രയുടെ ഉദ്ഘാടനത്തിനായുള്ള ഒരു ജില്ല എന്ന ആക്ഷേപം കേട്ടുതുടങ്ങിയിട്ട് കാലം കുറച്ചേറെയായി. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ ബാക്കിപത്രമായി ഒരുകൂട്ടം മനുഷ്യര്‍ ഇന്നും ജീവിച്ചുതീര്‍ക്കുന്നുണ്ട് ജില്ലയില്‍. അത്യാവശ്യമെന്ന് ചൂണ്ടിക്കാട്ടി, കേന്ദ്രത്തിന്റെ പരിഗണനയിലുള്ള എയിംസ് സ്ഥാപിക്കാനുള്ള സ്ഥലങ്ങളുടെ പരിഗണനാ ലിസ്റ്റില്‍ കാസര്‍കോട് വേണമെന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങള്‍ പ്രതിഷേധം തുടങ്ങിയിട്ട് കാലമേറെയായി. ഇതിനെല്ലാം പുറമേയാണ് എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ദുരിതത്തിനുമേല്‍ ഇടിത്തീ വീഴ്ത്തുംപോലെ സര്‍ക്കാരിന്റെ പുതിയ നീക്കം. 2011-ന് ശേഷം എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരെ ദുരിതബാധിത പട്ടികയില്‍നിന്ന് പുറത്താക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ നടപടി. കാസര്‍കോട് ജില്ലയിലെ ശോചനീയാവസ്ഥയിലുള്ള ആരോഗ്യമേഖലയെക്കുറിച്ചും അവശ്യമെത്തിക്കേണ്ട സഹായങ്ങളെക്കുറിച്ചും സര്‍ക്കാര്‍ ഇടപെടലുകളുടെ അനിവാര്യതയെക്കുറിച്ചും അന്വേഷിക്കുകയാണ് മാതൃഭൂമി ഡോട്ട് കോം

Content Highlights: Inadequate healthcare facilities in kasaragod district

Continue reading