വിദേശപഠനത്തിനുള്ള ഒഴുക്ക് ഇനിയും തുടരും; തിരിച്ചൊഴുക്കിന് നമുക്കെവിടെ പദ്ധതികൾ...! | പ്രതിഭാഷണം

PRATHIBHASHANAM
#സി.പി.ജോണ്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കേരളത്തിലെ പ്രശസ്തമായ നിരവധി കോളേജുകളില്‍ ബി.എ., ബി.എസ്‌സി., ബി.കോം. ക്ലാസുകളിലേക്ക് അഡ്മിഷന്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബി.കോമിനൊഴികെ മറ്റൊരു വിഷയത്തിലേക്കും പണ്ടു കാണുന്ന തള്ളിക്കയറ്റം ഇല്ല! ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി തുടങ്ങിയ ശാസ്ത്രവിഷയങ്ങളില്‍ പ്രശസ്തമായ നിരവധി കോളേജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ചില കോളേജുകളില്‍ നാലും അഞ്ചും സീറ്റ് മാത്രമേ ഇതിനകം പൂര്‍ത്തിയായിട്ടുള്ളൂ. അത്ഭുതകരമായ ഒരു കാര്യമായിട്ടാണ് കോളേജ് അധികൃതരുമായി സംസാരിക്കുമ്പോള്‍ ഇക്കാര്യത്തെ അവര്‍ അവതരിപ്പിക്കുന്നത്. കേരളത്തില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് അഡ്മിഷന്‍ കിട്ടാതിരുന്ന ഒരു കാലത്തുനിന്ന് സീറ്റൊഴിഞ്ഞു കിടക്കുന്ന കാലത്തേക്ക് നാം എന്തുകൊണ്ടാണ് പോകുന്നതെന്ന് വളരെ വിശദമായി ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. ഇതേ സന്ദര്‍ഭത്തില്‍ തന്നെയാണ് മറ്റൊരു വാര്‍ത്തയും നമ്മുടെ കണ്ണില്‍ പെടുന്നത്. 69 ശതമാനത്തിലധികം കുട്ടികള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിദേശപഠനത്തിനായി 2022-ല്‍ ഇന്ത്യയില്‍നിന്ന് പുറപ്പെട്ടിരിക്കുന്നു. അവര്‍ കൂടുതലും പഠിക്കുന്നത് സയന്‍സ്, ടെക്‌നോളജി, മാത്തമാറ്റിക്‌സ് എന്നറിയപ്പെടുന്ന സ്റ്റെം വിഭാഗത്തില്‍ തന്നെയാണ് താനും. 

വിദേശ വിദ്യാഭ്യാസത്തിനായി 2024-ല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചെലവാക്കാന്‍ പോകുന്ന തുക ഏതാണ്ട് ആറു ലക്ഷം കോടി രൂപ വരുമെന്ന് ചില ഏജന്‍സികള്‍ കണക്കുകൂട്ടി പുറത്തുവിട്ടിരുന്നു. ഒന്നോര്‍ക്കണം ഇന്ന് ഇന്ത്യയില്‍ ത്വരിതഗതിയില്‍ നടക്കുന്ന ദേശീയപാതാ വികസനത്തിന്റെ പ്രതിവര്‍ഷ ചെലവ് ഒന്നര ലക്ഷം കോടി രൂപ മാത്രമാണ്. റെയില്‍വേയുടേത് ഒന്നര ലക്ഷം കോടിയും. നമ്മുടെ രാജ്യരക്ഷാ ചെലവിനോട് തുല്യമായ തുകയാണ് കുട്ടികള്‍ വിദേശ പഠനത്തിനായി അടുത്ത വര്‍ഷം ചെലവഴിക്കാന്‍ പോകുന്നത് എന്ന വസ്തുത ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ കുറവുകളെ കുറിച്ചുളള പഠനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മുന്‍കാലങ്ങളില്‍ വിദേശത്ത് പോയി പഠിക്കുന്ന രീതി ഇന്ത്യയില്‍ ഉണ്ടായിരുന്നു. വിദേശത്ത് പോയി പഠിച്ചവരാണല്ലോ നമ്മുടെ ദേശീയ നേതാക്കളില്‍ പലരും. അതില്‍ മഹാത്മ ഗാന്ധിയും അംബേദ്കറും ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിര ഗാന്ധിയും എല്ലാം ഉള്‍പ്പെടുന്നുണ്ട്. അന്നത്തെ കാലത്തെപോലുള്ള ഒറ്റപ്പെട്ട വിദ്യാഭ്യാസ അന്വേഷണമല്ല ഇന്ന് നടക്കുന്നത്. ഒരു സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സി കാനഡയിലേക്ക് മാത്രം ഏകദേശം 7500 കുട്ടികളെയാണ് വിദ്യാഭ്യാസത്തിനായി പറഞ്ഞയച്ചത്. ഒറ്റപ്പെട്ട മിടുക്കരായ കുട്ടികളുടെ വിദേശപഠനം എന്ന രീതിയില്‍നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ചിട്ടുള്ള വിദ്യാര്‍ഥികളുടെ കൂട്ടപലായനം നിശ്ചയമായും സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കേണ്ട ഒന്നാണ്. 

Content Highlights: Why Indian students prefer to study abroad; Prathibhashanam column by CP John

Continue reading