പ്രധാനമന്ത്രി വർഗ്ഗീയത പറയുമ്പോൾ | വഴിപോക്കൻ

#വഴിപോക്കൻ
രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രസംഗവേദിയിൽ അമ്പും വില്ലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: ANI
രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രസംഗവേദിയിൽ അമ്പും വില്ലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: ANI

2002-ൽ ഗുജറാത്ത് കലാപത്തിനു ശേഷം സെമിനാർ മാസികയിൽ പ്രശസ്ത സാമൂഹ്യ വിമർശകൻ അഷിസ് നന്ദിയുടെ ഒരു ലേഖനം വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള നന്ദിയുടെ പ്രചുരപ്രചാരം നേടിയ നിരീക്ഷണം ഈ ലേഖനത്തിലായിരുന്നു. പത്ത് കൊല്ലം മുമ്പ് 1992-ൽ മോദിയുമായി നടത്തിയ  അഭിമുഖം ഓർമ്മിച്ചുകൊണ്ട് നന്ദി ഇങ്ങനെ എഴുതി: ''അന്ന് മോദി ആർ.എസ്.എസിന്റെ  ഒരു സാധാരണ പ്രചാരകൻ മാത്രമായിരുന്നു. പല വിഷയങ്ങളിലേക്ക് പടർന്നുകയറിയ, നീണ്ട അഭിമുഖമായിരുന്നു അത്. പക്ഷേ, അഭിമുഖം കഴിഞ്ഞപ്പോൾ എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല എല്ലാ അർത്ഥത്തിലും ഒരു ക്ലാസ്സിക് ഫാസിസ്റ്റിനെയാണ് ഞാൻ കണ്ടതെന്ന്. അളന്നുമുറിച്ച താളത്തിൽ തീർത്തും ശാന്തമായിട്ടാണ് മോദി സംസാരിച്ചത്. ഇന്ത്യയ്ക്കെതിരെ ആഗോളതലത്തിൽ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ചും ഓരോ മുസ്ലിമിലും ഒരു ഭീകരവാദി ഒളിച്ചിരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അഭിമുഖം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു.'' അഭിമുഖം കഴിഞ്ഞ് പുറത്തുവന്നപ്പോൾ സുഹൃത്തായ അച്ച്യുത് യജ്ഞിക്കിനോട് നന്ദി പറഞ്ഞു: ''ഇതാദ്യമായി ഒരു ഫാസിസ്റ്റുമായി ഞാൻ ഇന്ന് മുഖാമുഖം വന്നു.''

ഇക്കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബെൻസ്വാരയിൽ പ്രധാനമന്ത്രി മോദി നടത്തിയ വിദ്വേഷ പ്രസംഗം കേട്ട് 86 കാരനായ അഷിസ് നന്ദി ചിലപ്പോൾ ഊറിയൂറി ചിരിക്കുന്നുണ്ടാവും. ഗുജറാത്ത് കാലപത്തിൽ ഖേദം പ്രകടിപ്പിച്ചുകൂടേ എന്ന കരൺ താപ്പറിന്റെ ചോദ്യത്തിനു മുന്നിൽ അഭിമുഖം അവസാനിപ്പിച്ച മോദിയെക്കൂടി ഇവിടെ ഓർക്കണം. അന്ന് അഭിമുഖം വേണ്ടെന്നുവെച്ച ശേഷം മോദി  കരൺ താപ്പറോട് കയർക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തില്ല. പകരം കരണിന് നല്ല ഒന്നാന്തരം ചായയും മധുരപലഹാരങ്ങളും കൊടുക്കുകയും ഒരു മണിക്കൂർ കൂടി സൗഹൃദസംഭാഷണം നടത്തുകയുമാണ് മോദി ചെയ്തത്. 2007-ലായിരുന്നു താപ്പറുമായുള്ള അഭിമുഖം. ഇനി ഡൽഹിയിൽ വരുമ്പോൾ നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കണം എന്നു കൂടി പറഞ്ഞാണ് അന്ന് മോദി താപ്പറെ യാത്രയാക്കിയത്. പക്ഷേ, പിന്നീടിങ്ങോട്ട് ഈ നിമിഷം വരെ മോദിയെ നേർക്കുനേർ കാണാൻ താപ്പറിനായിട്ടില്ല. മോദി മാത്രമല്ല, മോദി മന്ത്രിസഭയിലെ ഒരു മന്ത്രി പോലും ഇപ്പോൾ താപ്പറുമായി അഭിമുഖത്തിന് തയ്യാറല്ല എന്നിടത്താണ് മോദിയെക്കുറിച്ചുള്ള നന്ദിയുടെ നിരീക്ഷണത്തിന്റെ അർത്ഥവും പൊരുളും നമ്മൾ അറിയുന്നത്.

Content Highlights: How can the Prime Minister of the country say against Muslims so blatantly | Vazhipokkan

Continue reading