പ്രായമായവരെ എങ്ങനെ നോക്കണം? കെ.ജി. ജോർജിന്റെ മരണം ഉയർത്തുന്ന ഉത്തരങ്ങൾ | പ്രതിഭാഷണം

മലയാള സിനിമയുടെ ജീനിയസ് എന്ന് നിസ്സംശയം വിളിക്കാവുന്ന കെ.ജി. ജോര്‍ജ് ഇനി നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ സിനിമാരംഗത്തെ സാമര്‍ഥ്യത്തെ കുറിച്ചും ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ആര്‍ക്കും തര്‍ക്കങ്ങളിലില്ല. ആധുനിക മലയാള സിനിമയുടെ നട്ടെല്ലായിരുന്നു അദ്ദേഹം. സിനിമയും അതിന്റെ കഥയും പഴഞ്ചന്‍ കുടുംബബന്ധങ്ങളിലെ സങ്കീര്‍ണതകളില്‍ ചുറ്റിക്കറങ്ങി നടന്നിരുന്ന ഒരു കാലഘട്ടത്തില്‍ നവസിനിമയുടെ പുതിയ പാത വെട്ടിത്തുറന്ന സംവിധായകനാണ് കെ.ജി. ജോര്‍ജ്. അദ്ദേഹത്തിന്റെ സിനിമാരംഗത്തെ സംഭാവനകളെ കുറിച്ചോ അതിന്റെ കലാമൂല്യങ്ങളെ കുറിച്ചോ ഉപന്യസിക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. ഒരു കെ.ജി. ജോര്‍ജ് സിനിമ പോലെ തന്നെ അദ്ദേഹത്തിന്റെ മരണം ഒരുപാട് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന വിധം ചര്‍ച്ചകള്‍ക്ക് വിധേയമായിരിക്കുകയാണ്. കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന ഏറ്റവും പുതിയ ജീവിത വെല്ലുവിളികളുടെ മുന്നില്‍ അതിനെ മൂടിനിന്ന യവനിക കെ.ജി. ജോര്‍ജിന്റെ മരണത്തോടെ മാറുകയാണ് എന്ന് തോന്നാം. വാര്‍ധക്യം; അതാണ് കെ.ജി. ജോര്‍ജിന്റെ മരണം ചര്‍ച്ച ചെയ്യുന്ന പുതിയ പ്രശ്‌നം.
മലയാള സിനിമയില്‍ എന്നല്ല എല്ലാ സാഹിത്യകൃതികളിലും സിനിമകളിലും വാര്‍ധക്യവും വാര്‍ധക്യ പ്രശ്‌നങ്ങളും എക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്ലാറ്റോവിന്റെ 'റിപ്പബ്ലിക്കി'ലെ പ്രസിദ്ധമായ പ്രസ്താവന ഏതാണ്ട് ഇതുപോലെയാണ്. വാര്‍ധക്യത്തെ ശപിക്കുന്ന ദരിദ്രന്‍ നല്ലവനാണ്. പക്ഷേ, ദാരിദ്ര്യത്തെ ശപിക്കുന്ന ധനവാന്‍ നല്ലവനല്ല. 2000 വര്‍ഷം മുമ്പുതന്നെ പ്ലാറ്റോയുടെ നിഗമനം ഏറെ അര്‍ഥവത്തായിരുന്നു. പണമുണ്ടെങ്കില്‍, പരിചാരകരുണ്ടെങ്കില്‍ വാര്‍ധക്യത്തെ പഴിക്കേണ്ടതില്ല. അതൊരു യാഥാര്‍ഥ്യമാണ്. പക്ഷേ, പണമില്ലാത്തവര്‍ ചികിത്സിക്കാനും പരിചരിക്കപ്പെടാനും ആളുകളില്ലാത്തവരും ദരിദ്രരായ വൃദ്ധന്മാരും വാര്‍ധക്യത്തെ പഴിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും യുക്തിസഹമാണ്.
Content Highlights: Elderly care, KG George death, importance of shelter homes for old people, prathibhashanam,CPJohn