ഭർത്താവിനെ നഷ്ടമായപ്പോഴും ആശ്വാസമായത് തെറാപ്പി, ഇരുപതുവർഷം മുമ്പാണ് ആദ്യമായെടുക്കുന്നത്- മന്ദിര ബേദി

#Health Desk
മന്ദിര ബേദി
മന്ദിര ബേദി

മാനസിക സംഘർഷങ്ങളെ അതിജീവിക്കാൻ വിദഗ്ധസേവനം തേടുന്നത് സാധാരണമാണിന്ന്. വിഷാദരോഗം മുതൽ പ്രൊഫഷണൽ ജീവിതത്തിലെയും നിത്യജീവിതത്തിലെയുമൊക്കെ സമ്മർദങ്ങളെ അതിജീവിക്കാൻവരെ തെറാപ്പിയിൽ അഭയം തേടുന്നവരുണ്ട്. അത്തരത്തിൽ തന്റെ ജീവിതത്തിൽ തെറാപ്പിക്കുള്ള സ്ഥാനത്തേക്കുറിച്ച് പങ്കുവെക്കുകയാണ് ബോളിവുഡ് നടി മന്ദിര ബേദി. 

തന്റെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് മന്ദിര ഇതേക്കുറിച്ച് മനസ്സുതുറന്നത്. ഭർത്താവ് രാജ് കൗശലിന്റെ അകാലവിയോഗത്തെ മറികടക്കാനും തന്നെ സഹായിച്ചത് തെറാപ്പിയാണെന്ന് മന്ദിര പറയുന്നു.

കഴിഞ്ഞ രണ്ടു ദശകങ്ങളായി തെറാപ്പിയുടെ സഹായം തേടുന്നുണ്ട്. ഇരുപതുവർഷം മുമ്പാണ് ആദ്യം തെറാപ്പിയെടുക്കുന്നത്. തെറാപ്പി സെഷനെടുത്തു എന്ന് അമ്മയോട് പറഞ്ഞപ്പോൾ എന്താണ് പ്രശ്നമെന്നാണ് അമ്മ ചോദിച്ചത്. നിനക്കെന്നോട് സംസാരിച്ചുകൂടായിരുന്നോ എന്നും അമ്മ ചോദിച്ചിരുന്നു- മന്ദിര പറയുന്നു.

ജീവിതത്തിൽ കഠിനകാലം വന്നപ്പോഴെല്ലാം തെറാപ്പി തന്നെ സഹായിച്ചിരുന്നുവെന്നും മന്ദിര പറയുന്നുണ്ട്. ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം വരികയോ,താളംതെറ്റുകയോ ഒക്കെ ചെയ്യുമ്പോൾ ഒരു തെറാപ്പിസ്റ്റിന്റെയോ, കൗൺസിലറുടെയോ സഹായം തേടും. അതൊരുപാട് സഹായിച്ചിട്ടുണ്ട്. ഭർത്താവിനെ നഷ്ടമായപ്പോഴും തെറാപ്പിയാണ് ആശ്വാസമായതെന്നും അതിലാണ് അഭയംതേടിയതെന്നും മന്ദിര കൂട്ടിച്ചേർക്കുന്നു.

നേരത്തേ പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോയതിനേക്കുറിച്ചും മന്ദിര ബേദി തുറന്നുപറഞ്ഞിരുന്നു. പ്രസവശേഷം വണ്ണംവച്ചതും നെഗറ്റീവ് ചിന്തകൾ വർധിപ്പിച്ച് വിഷാദത്തിലേക്ക് വഴിവച്ചുവെന്നാണ് താരം പറഞ്ഞത്. പ്രസവാനന്തരവിഷാദരോഗത്തേക്കുറിച്ച് ആരും തനിക്ക് പറഞ്ഞുതന്നിരുന്നില്ല. അതിനാൽ തന്നെ ആ അവസ്ഥയിലൂടെ കടന്നുപോയത് തനിക്ക് ഞെട്ടലായിരുന്നു. വീട്ടിലേക്ക് വന്നപ്പോൾ മുതൽ താൻ കരയുകയാണുണ്ടായതെന്നും മന്ദിര പറഞ്ഞിരുന്നു.

വിഷാദരോഗം പലവിധം

പലരീതിയിൽ വിഷാദരോഗം പ്രകടമാകാം. രണ്ടുവ്യക്തികളുടെ വിഷാദ അനുഭവം ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. സ്ത്രീകളിൽ വിഷാദരോഗ സാധ്യത പുരുഷന്മാരെക്കാൾ രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ അധികമാണ്. ശൂന്യത, നിസ്സംഗത, നിർവികാരത, ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാതിരിക്കുക തുടങ്ങിയവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. അവയ്ക്കൊപ്പം താഴെപറയുന്ന ചില ലക്ഷണങ്ങൾ രണ്ടോ അതിലധികമോ ആഴ്ചകൾ നീണ്ടുനിൽക്കുന്നുവെങ്കിൽ വിഷാദരോഗസാധ്യത കൂടുതലാണ്.

  • ഏകാന്തതയും ഒറ്റപ്പെടലും.
  • നിരന്തരമായ സങ്കടം, നിരാശ, ക്ഷീണം, തളർച്ച, ഊർജക്കുറവ്.
  • സാധാരണയിൽ അധികം, അല്ലെങ്കിൽ കുറച്ച് ഉറക്കം.
  • സാധാരണയിൽ അധികം, അല്ലെങ്കിൽ കുറച്ച് ഭക്ഷണം.
  • ഏകാഗ്രത കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്.
  • ആസ്വാദ്യകരമായ പ്രവർത്തനങ്ങളിലോ സാമൂഹികവത്കരണത്തിലോ ഉള്ള താത്പര്യം നഷ്ടമാകൽ.
  • കുറ്റബോധം, സ്വന്തം വില നഷ്ടപ്പെട്ടു എന്ന തോന്നൽ.
  • മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ഉള്ള ചിന്തകൾ.

നീണ്ടുനിൽക്കുന്ന വിഷാദരോഗലക്ഷണങ്ങൾക്ക് വിദഗ്ധപരിശോധന തേടേണ്ടത് അനിവാര്യമാണ്. സൈക്കോതെറാപ്പി, ടോക്ക് തെറാപ്പി, ആന്റി ഡിപ്രസന്റ് മരുന്നുകൾ തുടങ്ങിയവയിലൂടെ പരിഹാരംതേടാം. കൂടുതൽ ഗുരുതരമായ കേസുകളിൽ ഇലക്ട്രോകൺവസീവ് തെറാപ്പി (ഇ.സി.ടി.) അല്ലെങ്കിൽ ആവർത്തിച്ചുള്ള ട്രാൻസ്‌ക്രാനിയൽ മാഗ്‌നെറ്റിക് സ്റ്റിമുലേഷൻ (ആർ.ടി.എം.എസ്.) പോലുള്ള അധിക ചികിത്സാ സാധ്യതകളും പരീക്ഷിക്കാറുണ്ട്.

Content Highlights: Mandira Bedi highlights the importance of therapy in overcoming personal grief and life challenges., The actress has been utilizing therapy for over 20 years to maintain mental balance