'അന്തര്‍മുഖത്വം ഒരു കുറവല്ല, അതൊരു അസാധാരണ മികവാണ്.. എല്ലാവര്‍ക്കും കിട്ടാത്ത സൂപ്പര്‍പവറാണ്'

എല്ലാ പുതുവര്‍ഷത്തിലെയും രണ്ടാം ദിവസത്തിന് അധികമാരും അറിയാത്തൊരു പ്രത്യേകതയുണ്ട്; ലോക ഇന്‍ട്രോവെര്‍ട്ട് ദിനമാണന്ന്. ഒരു തനി ഇന്‍ട്രോവെര്‍ട്ടിനെ പോലെ തന്നെ, ആരാലും ശ്രദ്ധിക്കപ്പെടാതെ നിശബ്ദം കടന്നുപോവുന്ന ശാന്തമായ ഒരു ദിനം. മലയാളത്തില്‍ നമ്മള്‍ അവരെ 'അന്തര്‍മുഖത' ഉള്ളവര്‍ എന്നാണ് വിളിക്കുക. വളരെക്കുറച്ച് മാത്രം സമൂഹവുമായി ഇടപെടുകയും ആള്‍ക്കൂട്ടങ്ങളില്‍ നിന്നെല്ലാം തനിയെ മാറിനില്‍ക്കുകയും ഏകാന്തതയെ ആഘോഷിക്കുകയും ചെയ്യുന്നവരാണവര്‍.
നമ്മള്‍ ബഹുഭൂരിപക്ഷം മനുഷ്യരും മറ്റുള്ളവരോടൊപ്പം കൂട്ടംകൂടി ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്ന 'എക്സ്ട്രോവെര്‍ട്ടു'കളാണ്. എന്നാല്‍ ഒരു ഇന്‍ട്രോവെര്‍ട്ട് എപ്പോഴും അവരുടെ ചെറിയ ലോകത്ത്, സമാധാനപൂര്‍വമുള്ള അര്‍ത്ഥവത്തായ ഇടപെടലുകലും ബന്ധങ്ങളുമാണ് തേടുന്നത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ പലരും സാമൂഹിക ഉത്കണ്ഠയും (സോഷ്യല്‍ ആങ്‌സൈറ്റി) അന്തര്‍മുഖതയും ഒന്നാണെന്നാണ് കരുതുന്നത്. ഇവ തമ്മിലുള്ള അന്തരം വളരെ നേര്‍ത്ത ഒരു വരയാണ് താനും. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ ഒരു ഇന്‍ട്രോവെര്‍ട്ടിന് ജീവിതത്തില്‍ ബാലന്‍സും ആത്മവിശ്വാസവും കണ്ടെത്താന്‍ കഴിയൂ.
ഉദാഹരണത്തിന്, അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, അന്തര്‍മുഖത്വമുള്ള ഒരു വ്യക്തിയായിരുന്നു. അദ്ദേഹം അധികം സംസാരിച്ചിരുന്നില്ല. എപ്പോഴും സൗമ്യനും ശാന്തസ്വഭാവിയും ആയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണയിക്കുന്ന വലിയ തീരുമാനങ്ങളും നിലപാടുകളും എടുക്കുന്നതില്‍ നിന്ന് അദ്ദേഹം തീരെ പിന്നോട്ട് പോയിട്ടുമില്ല. സാമൂഹിക ഉത്കണ്ഠയില്ലാത്തത് കൊണ്ടാണ് അദ്ദേഹത്തിന് ഇത്തരത്തിലുള്ള വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞത്. ഗാന്ധി മുതല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വരെ നിരവധി അന്തര്‍മുഖര്‍ ലോകത്തിന്റെ തലവര തന്നെ മാറ്റിയിട്ടുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ലോകപ്രശസ്ത വ്യക്തികളായ ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ജെകെ റൗളിങ്, കിയാനു റീവ്‌സ്, ബരാക്ക് ഒബാമ തുടങ്ങി നിരവധി ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്.
അന്തര്‍മുഖത്വം ഒരു കുറവല്ല - അതൊരു അസാധാരണ മികവാണ്
മറ്റ് മനുഷ്യരെ ഇഷ്ടമില്ലാത്തവരല്ല ഇന്‍ട്രോവെര്‍ട്ടുകള്‍. പുറംമോടിയില്‍ മാത്രം തിളക്കമുള്ള ബന്ധങ്ങളില്‍ ഇന്‍ട്രോവെര്‍ട്ടുകള്‍ക്ക് താല്‍പര്യമില്ല. മറിച്ച്, ആഴത്തിലുള്ള, അര്‍ത്ഥവത്തായ മാനുഷിക ബന്ധങ്ങളിലാണ് അവര്‍ക്ക് താല്പര്യം. വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ അത്തരം ബന്ധങ്ങള്‍ സാധ്യമാവുകയുള്ളു. പൊതുസമൂഹവുമായി ഇടപഴകുന്നതില്‍ ഇന്‍ട്രോവെര്‍ട്ടുകള്‍ക്ക് യാതൊരു തടസ്സവുമില്ല. എല്ലാവരെയും പോലെ തന്നെ അവര്‍ക്കും പൊതുസമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയും. പക്ഷേ അതിനുവേണ്ടി അവര്‍ക്ക് ധാരാളം മാനസിക ഊര്‍ജം ചെലവഴിക്കേണ്ടി വരും.
നഷ്ടമായ ആ ഊര്‍ജം റീചാര്‍ജ് ചെയ്ത് വീണ്ടെടുക്കണമെങ്കില്‍ പിന്നീട് തന്റെ ആ ചെറിയ ലോകത്തേക്ക് ഉള്‍വലിഞ്ഞ് അവര്‍ക്ക് അല്‍പസമയം ഒറ്റയ്ക്കിരിക്കണമെന്ന് മാത്രം. ബഹളങ്ങളോട് തീരെ താല്‍പര്യമില്ലാതെ, ശാന്തവും സൗമ്യവുമായ ഒരു ലോകത്ത് സന്തോഷവും അഭിമാനവും കണ്ടെത്തുന്ന ഒരു സ്വഭാവ സവിശേഷതയാണ്. അതൊരു പോരായ്മയല്ല - നേരെമറിച്ച്, എല്ലാവര്‍ക്കും കിട്ടാത്ത ഒരു സൂപ്പര്‍ പവര്‍ തന്നെയാണെന്ന് പറയാം. ഒരു ഇന്‍ട്രോവെര്‍ട്ട് ഇങ്ങനെ ഒറ്റയ്ക്കിരിക്കുമ്പോള്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്ന സമാധാനം, ഭയത്തിന് വഴിമാറുമ്പോഴാണ് സാമൂഹിക ഉത്കണ്ഠ രൂപപ്പെടുന്നത്.
ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തുന്ന ഉത്കണ്ഠ
വെറും നാണംകുണുങ്ങലോ സങ്കോചമോ മാത്രമല്ല സാമൂഹിക ഉത്കണ്ഠ. സാമൂഹികമായ ചുറ്റുപാടുകളിലും നാലാള് കൂടുന്നിടത്തും നമ്മള്‍ ജഡ്ജ് ചെയ്യപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്‌തേക്കുമോ ന്നെ ഭയമാണ് സോഷ്യല്‍ ആങ്‌സൈറ്റി. അനാവശ്യമായി ഒരുപാട് ചിന്തകളില്‍ മുഴുകുക (ഓവര്‍ തിങ്കിങ്), വിവാഹം, പിറന്നാളാഘോഷം തുടങ്ങിയ ക്ഷണിക്കപ്പെട്ട പരിപാടികള്‍ പോലും ഒഴിവാക്കുക, ഇങ്ങനെ ധാരാളം ലക്ഷണങ്ങള്‍ അതിനുണ്ട്. മറ്റുള്ളവരുമായി നല്ല ബന്ധങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് സോഷ്യല്‍ ആങ്‌സൈറ്റി നമ്മെ തടയുന്നു. ഒറ്റയ്ക്ക് ശാന്തമായിരിക്കാനുള്ള അതിയായ ആഗ്രഹമാണ് ഇന്‍ട്രോവെര്‍ട്ടുകളെ അതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ സാമൂഹിക ഉത്കണ്ഠയാണ് വിഷയമെങ്കില്‍, ഭയമാണ് നിങ്ങളെ നയിക്കുന്നത്.. മറിച്ച്, അന്തര്‍മുഖത്വമല്ല.
നാലാള് കൂടുന്നിടത്ത് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോഴോ, അവിടെച്ചെന്ന് മറ്റുള്ളവരുമായി സംസാരിക്കാന്‍ ശ്രമിക്കുമ്പോഴോ നിങ്ങളുടെ ഹൃദയമിടിപ്പ് കൂടുകയും കൈകള്‍ വിറയ്ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, അത് ഉത്കണ്ഠയാണെന്ന് ഉറപ്പിക്കാം. അന്തര്‍മുഖത്വമുള്ളവരില്‍ സാമൂഹിക ഉത്കണ്ഠ കൂടിയുണ്ടാകുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നു. ഭയം അവിടെ പിടിമുറുക്കുന്നു. ഭയവും ഉത്കണ്ഠയും ചേര്‍ന്ന് ഇരുതലമൂര്‍ച്ചയുള്ള ഒരു വാള്‍ പോലെ നമ്മെ നിയന്ത്രിക്കുന്നു. ആശ്വാസകരമായ കാര്യമെന്തെന്നാല്‍, ഈ അവസ്ഥയില്‍ നിന്ന് നമുക്ക് പൂര്‍ണമായ വിടുതല്‍ സാധ്യമാണെന്നതാണ്. അതിനുള്ള ചില പോംവഴികള്‍ ഇനിപ്പറയാം....
1. ചെറിയ ചുവടുകള്‍, ഉറച്ച ചുവടുകള്‍
ഉത്കണ്ഠയെ മറികടക്കാന്‍ അപരിചിതരായ ആളുകള്‍ തിങ്ങിനിറഞ്ഞാടുന്ന ഒരു പാര്‍ട്ടിയിലേക്ക് സ്വയം എടുത്തുചാടേണ്ട കാര്യമില്ല. പകരം, ഇതുവരെ സംസാരിച്ചിട്ടില്ലാത്ത നിങ്ങളുടെ അയല്‍ക്കാരനോടോ മറ്റൊരു ഡിപ്പാര്‍ട്‌മെന്റിലെ നിങ്ങളുടെ സഹപ്രവര്‍ത്തകരോടോ ഒരു 'ഹായ്...' പറഞ്ഞ് തുടങ്ങാം. ചെറിയ സംഘങ്ങളായി ചേര്‍ന്ന് നടത്തുന്ന യാത്രകളിലോ മറ്റ് ആക്ടിവിറ്റികളിലോ ഒരു ഭാഗമാകാം. കല്യാണവിരുന്നിന് സദ്യയുണ്ണുമ്പോള്‍ രണ്ടാമതൊരുവട്ടം സാമ്പാര്‍ വേണമെന്ന് തോന്നിയാല്‍ മടിച്ചുനില്‍ക്കാതെ സൗമ്യമായി വിളമ്പുകാരനോട് ചോദിച്ചുനോക്കാം. ഇങ്ങനെ കുഞ്ഞുകുഞ്ഞു കാല്‍വെയ്പുകളിലൂടെയാണ് എല്ലാ വലിയ മാറ്റങ്ങളുടെയും തുടക്കം.
2. മുന്‍കൂട്ടി തയാറെടുക്കാം
ഒരു വിരുന്നിനോ മറ്റോ പോകുന്നിടത്ത് അവിടെയുള്ളവുമായി സംസാരിക്കാനുള്ള വിഷയങ്ങള്‍ കാലേക്കൂട്ടി നേരത്തെ കണ്ടുപിടിക്കാം... ''സുഖമല്ലേ, ഭക്ഷണം കഴിച്ചോ, എന്താ ചൂട്! നാട്ടിലെന്താ കാലാവസ്ഥ?'' തുടങ്ങിയ സ്ഥിരം ക്‌ളീഷേ ചോദ്യങ്ങള്‍ക്കപ്പുറം, മറ്റെയാളെ കൂടുതല്‍ മനസ്സുതുറക്കാന്‍ പ്രേരിപ്പിക്കുന്ന തുറന്ന ചോദ്യങ്ങള്‍ മനസ്സില്‍ കരുതാം. അവരുടെ വസ്ത്രത്തിന്റെ ഭംഗിയെ അഭിനന്ദിക്കാം. അവരുടെ ജോലിയെക്കുറിച്ചോ ഇഷ്ടമേഖലയെക്കുറിച്ചോ ചോദിച്ചാല്‍ മിക്കവാറും എല്ലാവരും വാചാലരാവും എന്നുറപ്പ്.
3. നെഗറ്റീവ് ചിന്തകളെ അവഗണിക്കൂ
ഭയം മനസ്സിനെ മൂടുമ്പോള്‍ തന്ത്രപരമായി അതിനെ കൈകാര്യം ചെയ്യണം. ഒരു കാര്യം ചെയ്യുന്നതിനുമുമ്പ് ഭയം തോന്നിയാല്‍, സ്വയം ചോദിക്കണം, ''ഈ ഭയം യാഥാര്‍ത്ഥമാണോ, അതോ ഞാന്‍ ആവശ്യമില്ലാതെ ഓരോന്ന് ചിന്തിക്കുന്നതാണോ'' എന്ന്. വകതിരിവില്ലാത്ത ഭയത്തിന് നമ്മള്‍ കീഴടങ്ങരുത്. ഇനി നമുക്ക് എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെന്നിരുന്നാലും, നമുക്ക് ആത്മവിശ്വാസമുള്ളിടത്തോളം കാലം മറ്റുള്ളവര്‍ അതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പോകുന്നില്ല.
4. ഊര്‍ജം വീണ്ടെടുക്കാന്‍ കുറ്റബോധം വേണ്ട
എല്ലാ പരിപാടിയും കഴിഞ്ഞ് അല്‍പസമയം ശാന്തമായി ഒറ്റയ്ക്കിരിക്കുമ്പോഴാണ് ഒരു ഇന്‍ട്രോവെര്‍ട്ടിന് നഷ്ടപ്പെട്ട ഊര്‍ജം തിരികെക്കിട്ടുന്നത്. അതിലൊരു കുറ്റബോധവും ഉണ്ടാകേണ്ടതില്ല. എല്ലാ മനുഷ്യരുമായും കൃത്യമായ അതിര്‍ത്തികള്‍ വേണ്ടിടത്ത് സ്ഥാപിക്കണം. പങ്കെടുക്കാന്‍ കഴിയാത്ത, താല്‍പര്യമില്ലാത്ത പരിപാടികളിലേക്ക് ക്ഷണം കിട്ടിയാല്‍, സൗമ്യമായി നിരസിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ അത്, ആളുകളെ അവഗണിക്കുന്നതിനാകരുത്, സ്വന്തം വൈകാരിക ആരോഗ്യത്തിന് വേണ്ടിയാണെങ്കില്‍ മാത്രം.
5. നേട്ടങ്ങള്‍, അതെത്ര ചെറുതാണെങ്കിലും, ആഘോഷിക്കാം
അയല്‍ക്കാരനെ പരിചയപ്പെട്ടോ? സദ്യക്ക് രണ്ടാമത് ചോദിച്ച സാമ്പാര്‍ കിട്ടിയോ? കല്യാണത്തിന് കണ്ടവരുമായി വിഷയദാരിദ്ര്യമില്ലാതെ തുടരെ സംസാരിക്കാന്‍ കഴിഞ്ഞോ? ഇതൊന്നും ചെറിയ നേട്ടങ്ങളല്ല! അവയെ കാര്യമായി തന്നെ നിങ്ങള്‍ പരിഗണിക്കണം. നമ്മുടെയുള്ളിലെ ഭയത്തെയും സോഷ്യല്‍ ആങ്‌സൈറ്റിയേയും തുരത്താന്‍ ഇത്തരം ചെറിയ നേട്ടങ്ങള്‍ അത്യാവശ്യമാണ്. അവ നമ്മുടെ ആത്മവിശ്വാസം ഇരട്ടിയാക്കും.
ആത്മവിശ്വാസം - ഏതൊരു ഇന്‍ട്രോവെര്‍ട്ടിന്റെയും കരുത്ത്
സോഷ്യല്‍ ആങ്‌സൈറ്റിയെ തോല്‍പ്പിക്കണമെങ്കില്‍ നിങ്ങളൊരു എക്സ്ട്രോവെര്‍ട്ടായി മാറണം എന്നര്‍ത്ഥമില്ല. നിങ്ങളുടെ സ്വന്തം പെരുമാറ്റത്തിന്റെ താളവും കരുത്തും സ്വയം തിരിച്ചറിഞ്ഞ്, സാമൂഹിക ജീവിതവുമായി നിങ്ങളുടെ സ്വന്തം രീതികളില്‍ ഇടപെടാന്‍ പഠിക്കുകയാണ് വേണ്ടത്. ആളുകള്‍ക്ക് പറയാനുള്ളത് ആഴത്തില്‍ കേള്‍ക്കാനും അവരെ മനസ്സിലാക്കാനും അവരോടു സഹാനുഭൂതി കാണിക്കാനും അര്‍ഥവത്തായ ബന്ധങ്ങള്‍ സൃഷ്ടിക്കാനും കഴിവുള്ളവരാണ് ഇന്‍ട്രോവെര്‍ട്ടുകള്‍.
ഇന്നത്തെ യാന്ത്രിക ലോകത്ത്, ഈ പറഞ്ഞ അപൂര്‍വ സ്വഭാവ സവിശേഷതകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍, അതൊരു അനുഗ്രഹം തന്നെയാണ്. പല ബന്ധങ്ങളിലും ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രത്യേകതകളാണ് ഈ പറഞ്ഞതെല്ലാം. ആ അനുഗ്രഹങ്ങള്‍ക്ക് ഉത്കണ്ഠ ഒരു തടസ്സമാകാതെ നോക്കണമെന്ന് മാത്രം. അതിന് ചിലപ്പോള്‍ സമയമേറെ വേണ്ടിവന്നേക്കാം. പക്ഷേ പ്രതീക്ഷയും ക്ഷമയും കൈവിടരുത്. ആവശ്യമുണ്ടെന്ന് തോന്നുമ്പോള്‍ മറ്റുള്ളവരോട് സഹായം തേടാന്‍ മടിക്കരുത്. ജീവിതത്തിലെ എല്ലാ ചെറിയ നേട്ടങ്ങളും ആഘോഷിക്കാന്‍ മറക്കുകയുമരുത്....
(കൊച്ചി 'പ്രയത്ന'യുടെ സ്ഥാപകനും സീനിയര്‍ ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റും ഓള്‍ ഇന്ത്യ ഒക്യുപ്പേഷണല്‍ തെറാപിസ്‌റ് അസോസിയേഷന്‍ (എ.ഐ.ഒ.ടി.എ) ഹോണററി സെക്രട്ടറിയും ആണ് ലേഖകന്‍)
Content Highlights: introverts are not cowards how to overcome social anxiety world introvert day 2025