വണ്ണം കുറയും, ഉറക്കം സുഗമമാകും; ഭക്ഷണം കഴിച്ചശേഷം നടന്നാൽ ഗുണങ്ങളേറെ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഭക്ഷണം കഴിച്ചാലുടൻ മടിപിടിച്ചു ചടഞ്ഞിരിക്കുന്നവരാണോ? അതല്ലെങ്കിൽ കഴിച്ചാലുടൻ മയങ്ങുന്നവരാണോ? ഈ ശീലങ്ങൾമാറ്റി അൽപമൊന്നു നടക്കാൻ തയ്യാറായാൽ ​ഗുണങ്ങളേറെയാണ്. കഴിച്ചുകഴിഞ്ഞശേഷം നടക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ശരീരഭാരം ആരോ​ഗ്യകരമായി നിലനിർത്താനുമൊക്കെ സഹായിക്കും. 

ദഹനം സു​ഗമമാക്കും

ഭക്ഷണംകഴിച്ചശേഷം അൽപമൊന്നു നടക്കുന്നത് ദഹനപ്രക്രിയ സു​ഗമമാക്കും. വയറിലെ പേശികളുടേയും കുടലിന്റേയുമൊക്കെ പ്രവർത്തനം മെച്ചപ്പെടുത്തി ദഹനം എളുപ്പമാക്കും. നെഞ്ചെരിച്ചിൽ, മലബന്ധം, വയറു വീർക്കുക, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാകാനും സഹായിക്കും. 

ഷു​ഗർനിലയും രക്തസമ്മർദവും മെച്ചപ്പെടുത്തും

പ്രമേഹരോ​ഗികൾ ഭക്ഷണത്തിനുശേഷം നടക്കുന്നത് ഏറെ ​ഗുണംചെയ്യും. ഭക്ഷണം കഴിച്ചശേഷം നടക്കുന്നത് ബ്ലഡ് ഷു​ഗർ ഉയരുന്നത് തടയാൻ സഹായിക്കും. ഭക്ഷണത്തിനുശേഷം നടക്കുന്നത് രക്തസമ്മർദം കുറയാൻ സഹായിക്കുമെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. 

ആരോ​ഗ്യകരമായ ഭാരം

വണ്ണംകുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ ഭക്ഷണത്തിനുശേഷമുള്ള നടത്തം ശീലമാക്കണം. ഏറ്റവും ലളിതമായ വ്യായാമമാണ് നടത്തമെങ്കിലും ഇതുകൊണ്ടുള്ള ​ഗുണങ്ങളേറെയാണ്. കഴിച്ചശേഷം നടക്കുന്നതിലൂടെ കലോറി എരിച്ചുകളയാനും അതുവഴി ഭാരം കുറയാനും സഹായിക്കും. പേശികളും അസ്ഥികളും കരുത്തമാർന്നതാക്കാനും ഊർജസ്വലരാകാനും നടത്തം നല്ലതാണ്. 

സുഖകരമായ ഉറക്കം

പലരും ഉറക്കസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരാണ്. ആഹാരം കഴിച്ചശേഷം നേരെ കിടന്നുറങ്ങുന്നതും ചടഞ്ഞിരിക്കുന്നതുമൊക്കെ സുഖകരമായ ഉറക്കം നൽകില്ല. മറിച്ച് ഭക്ഷണംകഴിച്ചശേഷം അൽപമൊന്നു നടക്കുന്നതിലൂടെ ദഹനംസംബന്ധിച്ച അസ്വസ്ഥതകൾ ഇല്ലാതിരിക്കുകയും അതുവഴി നന്നായി ഉറക്കം ലഭിക്കാൻ കഴിയുകയും ചെയ്യും.

ഭക്ഷണം കഴിച്ച് പത്തുമിനിറ്റിനുശേഷം നടക്കുന്നതാണ് നല്ലത്. നടത്തം അമിതവേ​ഗത്തിലാകാതിരിക്കാനും ശ്രദ്ധിക്കണം.

Content Highlights: benefits of walking after eating