നാലുദിവസം ഭക്ഷണം കഴിച്ചില്ല, കരച്ചിലും ഉറക്കവും മാത്രം; വിഷാദരോഗത്തെക്കുറിച്ച് ഇറ ഖാന്‍

ഇറ ഖാന്‍ | Photos: instagram.com/khan.ira/?hl=en
ഇറ ഖാന്‍ | Photos: instagram.com/khan.ira/?hl=en

മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം പങ്കുവെക്കാറുള്ളയാളാണ് നടന്‍ ആമിര്‍ ഖാന്റെ മകളായ ഇറ ഖാന്‍. വിഷാദരോഗത്തോട് പൊരുതുന്നതിനെക്കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ ഇറ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ അഞ്ചുവര്‍ഷത്തിലേറെയായി വിഷാദരോഗവുമായി മല്ലിടുന്നതിനെക്കുറിച്ച് പറയുകയാണ് ഇറ. ഭക്ഷണം പോലും കഴിക്കാത്ത വിധത്തില്‍ വിഷാദം തന്നെ അലട്ടിയിരുന്നെന്നും എന്നാല്‍ മാതാപിതാക്കളുടെ വേര്‍പിരിയല്‍ തന്നെ അത്രയ്ക്ക് ബാധിച്ചിരുന്നില്ലെന്നും ഇറ പറയുന്നു. 

ദിവസത്തില്‍ എട്ടുമണിക്കൂറോളം കരഞ്ഞിരിക്കുകയും പത്തുമണിക്കൂറോളം ഉറങ്ങുകയുമൊക്കെ ചെയ്തു തുടങ്ങിയതോടെയാണ് മാനസികാരോഗ്യത്തില്‍ പ്രശ്‌നമുള്ളതായി താന്‍ തിരിച്ചറിഞ്ഞതെന്ന് ഇറ പറയുന്നു. ദിവസത്തില്‍ ഏറിയ പങ്കും ഉറങ്ങാനാണ് അന്ന് ഇഷ്ടപ്പെട്ടിരുന്നത്. ഒന്നരവര്‍ഷത്തോളം താന്‍ ഈ മാനസികാവസ്ഥയില്‍ ആയിരുന്നുവെന്നും നാലുദിവസത്തോളം ഭക്ഷണം കഴിക്കാതെ ഇരുന്നിട്ടുണ്ടെന്നും ഇറ പറഞ്ഞു.

ഘട്ടം ഘട്ടമായാണ് തന്നെ വിഷാദം കവര്‍ന്നിരുന്നതെന്നും ഇറ വ്യക്തമാക്കി. ഓരോ എട്ടു-പത്തുമാസം കൂടുമ്പോഴും അതു തന്നെ പിടികൂടും. അത് പകുതി ജനിതകവും പകുതി മാനസികവും പകുതി സാമൂഹികവും ആണ്. അത് തിരിച്ചറിയാന്‍ കുറച്ച് സമയവുമെടുത്തു. തന്റെ കുടുംബത്തില്‍ മാനസികാരോഗ്യ പ്രശ്‌നം ഉള്ളവര്‍ ഉണ്ടെന്നും കഴിഞ്ഞ ജൂലൈയില്‍ താന്‍ വിഷാദത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോയെന്നും ഇറ പറഞ്ഞു. മരുന്ന് നിര്‍ത്തുകയും നന്നായി വണ്ണം വെക്കുകയും ചെയ്തു. വര്‍ക്കൗട്ട് ചെയ്യാന്‍ മനസ്സ് അനുവദിച്ചിരുന്നില്ല എന്നും ഇറ കൂട്ടിച്ചേര്‍ക്കുന്നു. 

വിഷാദരോഗത്തോട് എങ്ങനെയാണ് പോരാടുന്നതെന്ന ചോദ്യത്തിനും ഇറ മുമ്പ് നല്‍കിയ മറുപടി ഇങ്ങനെയാണ് ; അവനവനെ അറിയാന്‍ ശ്രമിക്കുക. എന്താണ് ഇഷ്ടമെന്നും ഇഷ്ടമല്ലാത്തതെന്നും ആരെയാണ് ഇഷ്ടമെന്നും ഇഷ്ടമല്ലാത്തതെന്നും തിരിച്ചറിയുക. അപ്പോള്‍ അതിനനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കും എന്നാണ് ഇറ പറഞ്ഞത്.

2020 ഒക്ടോബറിലാണ് താന്‍ വിഷാദരോഗത്തിലൂടെ കടന്നുപോവുന്ന വിവരം ഇറ തുറന്നുപറഞ്ഞത്. വര്‍ഷങ്ങളായി വിഷാദത്തിന് ചികിത്സയിലാണെന്നും ഇപ്പോള്‍ ഭേദപ്പെട്ടു വരുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. മാനസികാരോഗ്യത്തിനു വേണ്ടി എന്ത് ചെയ്യാം എന്ന് ആലോചിച്ചപ്പോഴാണ് തന്റെ യാത്ര തുറന്നുപറയാന്‍ തീരുമാനിച്ചതെന്നും ഇറ പറഞ്ഞിരുന്നു.

അടുത്തിടെയാണ് മാനസികാരോഗ്യം സംബന്ധിച്ച അവബോധം പ്രചരിപ്പിക്കുന്നതിനായി ഇറ അഗസ്തു ഫൗണ്ടേഷന്‍ ആരംഭിച്ചത്. അച്ഛന്‍ ആമിറും അമ്മ റീന ദത്തയും ഉപദേശക സമിതിയിലെ അംഗങ്ങളാണെന്നും ഇറ പറഞ്ഞിരുന്നു. 

Content Highlights: aamir khan daughter ira khan opens about battling depression