ഷുഗർ ഫ്രീ ച്യൂയിങ്ഗം, ടൂത്ത്പേസ്റ്റ് എന്നിവയിലടങ്ങിയ സൈലിറ്റോൾ ഹൃദയാഘാത സാധ്യത കൂട്ടുന്നുവെന്ന് പഠനം

ഷൂഗർ ഫ്രീ ച്യൂയിങ്ഗം, ടൂത്ത്പേസ്റ്റ് എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന സൈലിറ്റോൾ (Xylitol) എന്ന പഞ്ചസാരയ്ക്ക് പകരമുള്ള വസ്തു ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വർധിപ്പിച്ചേക്കാമെന്ന് പഠനം. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി (ഇ.എസ്.സി) കോൺഗ്രസിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഷുഗർഫ്രീ ച്യൂയിങ്ഗം, ടൂത്ത്പേസ്റ്റ് എന്നിവയിൽ കാണുന്ന സൈലിറ്റോൾ പെട്ടെന്ന് രക്തം കട്ടപിടിക്കാൻ കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത്. ഹൃദയസംബന്ധമായ തകരാറുകൾ ഉള്ളവരിൽ ഇത് അപകടസാധ്യത കൂട്ടും.
പഴങ്ങളിലും പച്ചക്കറികളിലും ചെറിയ അളവിൽ കാണപ്പെടുന്നതും സാധാരണ മെറ്റബോളിസത്തിലൂടെ മനുഷ്യശരീരംതന്നെ വളരെ ചെറിയ അളവിൽ ഉത്പാദിപ്പിക്കുന്നതുമായ സ്വാഭാവിക സംയുക്തമാണ് സൈലിറ്റോൾ. എന്നാൽ, പഞ്ചസാരയുടെ അതേ രുചിയുണ്ടെങ്കിലും ഏകദേശം 40% കലോറി കുറവായതിനാലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാത്തതിനാലും ഇത് വൻതോതിൽ സംസ്കരിച്ച് ഉത്പന്നങ്ങളിൽ ചേർക്കാറുണ്ട്.
രുചി കൂട്ടുന്നതിനായി ഷുഗർ ഫ്രീ ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ സൈലിറ്റോൾ ചേർക്കുന്നുണ്ട്. ഇത് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നുവെന്നാണ് പഠനം കണ്ടെത്തിയത്. കനേഡിയൻ ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡി ഓൺ ഏജിങ് (CLSA), യൂറോപ്യൻ പ്രോസ്പെക്ടീവ് ഇൻവെസ്റ്റിഗേഷൻ ഇൻടു കാൻസർ (EPIC)-നോർഫോക്ക് എന്നീ രണ്ട് ഡാറ്റാസെറ്റുകളിൽ നിന്നുള്ള 17,000-ത്തിലധികം പങ്കാളികളുടെ വിവരങ്ങൾ അവലോകനം ചെയ്താണ് വിലയിരുത്തലിൽ എത്തിയത്. ഏറ്റവും കൂടുതൽ സൈലിറ്റോൾ കഴിച്ച വ്യക്തികളിൽ ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത, ഏറ്റവും കുറവ് സൈലിറ്റോൾ കഴിച്ചവരേക്കാൾ 57% കൂടുതലാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
Content Highlights: Xylitol, a sugar substitute in sugar free foods, may elevate heart disease risk, with a 57% higher chance of severe heart problems, study finds.