എന്താണ് 'വെർതർ ഇഫക്റ്റ്'?; മാറേണ്ടത് കാഴ്ചപ്പാടാണ്; സഹാനുഭൂതിയോടെ ചേർത്തുപിടിക്കാം പ്രിയപ്പെട്ടവരെ

MIND SPACE
#ഡോ.സുജിത് ബാബു
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ന്ന് സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനം. ഈ വർഷത്തെ ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ (World Suicide Prevention Day) പ്രമേയം “Changing the Narrative on Suicide” “ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാം” എന്നതാണ്. ആത്മഹത്യയെക്കുറിച്ച് ഒരു സമൂഹം എങ്ങനെ കാണുന്നു എന്നത് ആത്മഹത്യാ പ്രതിരോധത്തിൽ നിർണായകമായ പങ്കുവഹിക്കുന്ന കാര്യമാണ്. ആത്മഹത്യയെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണ, അപമാനം, കുറ്റപ്പെടുത്തൽ എന്നിവയിൽ നിന്ന് മാറി, തുറന്ന മനസ്സോടെയും സഹാനുഭൂതിയോടെയും ഉത്തരവാദിത്വത്തോടെയും ആത്മഹത്യാ ചിന്തകളെ പറ്റി സംസാരിക്കേണ്ടതിന്റെ ആവശ്യകത ഈ വർഷത്തെ ആത്മഹത്യാ പ്രതിരോധ ദിനം മുന്നോട്ടു വയ്ക്കുന്നു. ഇതിൽ ഏത് രീതിയിലാണ് മാധ്യമങ്ങളിലൂടെയും സാമൂഹമാധ്യമങ്ങളിലൂടെയും വിവരങ്ങൾ പങ്കുവയ്ക്കുന്നത് എന്നത് വളരെ പ്രധാനമാണ്.

ഇവിടെയാണ് 'Werther Effect' എന്ന മനഃശാസ്ത്രപരമായ പ്രതിഭാസത്തിന്റെ പ്രസക്തി. ആത്മഹത്യയെക്കുറിച്ചുള്ള ചില തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ, പ്രത്യേകിച്ച് ഒരു പ്രശസ്ത വ്യക്തിയുടെ ആത്മഹത്യയെ വിശദമായും ആവർത്തിച്ചും സെൻസേഷണൽ രീതിയിലും അവതരിപ്പിക്കുമ്പോൾ, ചിലരിൽ ആത്മഹത്യാ ചിന്തകളും പെരുമാറ്റങ്ങളും വർധിക്കാനുള്ള സാധ്യതയെ Werther Effect എന്ന് വിളിക്കുന്നു.

1774-ൽ പ്രസിദ്ധീകരിച്ച The Sorrows of Young Werther എന്ന പ്രശസ്ത നോവലിൽ, കഥാനായകനായ വെർതർ പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതാണ് മുഖ്യ പ്രമേയം. ഈ കൃതി രചിച്ചത് Johann Wolfgang von Goethe ആണ്. പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ യൂറോപ്പിൽ സമാന സാഹചര്യങ്ങളിലും സമാന രീതികളിലും യുവാക്കൾ ആത്മഹത്യ ചെയ്യുന്നതായി റിപ്പോർട്ടുകൾ വന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കി.

ഈ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി സാമൂഹ്യശാസ്ത്രജ്ഞനായ David P. Phillips പിന്നീട് “Werther effect” എന്ന പദം അവതരിപ്പിക്കുകയും ആത്മഹത്യയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെ ആത്മഹത്യ നിരക്ക് ഉയരുന്ന പ്രവണതയെ ശാസ്ത്രീയമായി പഠിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകുകയും ചെയ്തു. ഇതോടെയാണ് അനുകരണ ആത്മഹത്യ എന്ന പ്രതിഭാസം സാമൂഹിക-മനശാസ്ത്ര പഠനങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിയത്.

അനുകരണ ആത്മഹത്യ എന്നത്, മറ്റൊരാളുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങൾ കേൾക്കുകയോ കാണുകയോ ചെയ്തതിന് ശേഷം അതേ രീതിയിൽ അല്ലെങ്കിൽ സമാന സാഹചര്യത്തിൽ ആത്മഹത്യ ചെയ്യാൻ ഒരാൾക്ക് തോന്നുന്ന പ്രവണതയാണ്. വ്യക്തിയുടെ സമീകരണം (identification)എന്ന മാനസിക പ്രക്രിയ ആളുകളെ അനുകരണ ആത്മഹത്യയിലേക്ക് നയിക്കാറുണ്ട്. ആത്മഹത്യ ചെയ്ത വ്യക്തിയുടെ മാനസിക-വൈകാരിക അവസ്ഥയുമായി തനിക്ക് സാദൃശ്യം കാണുന്നുവെന്ന് ഒരാൾക്ക് തോന്നുകയും എന്നെ പോലെ സമാനമായ പ്രശ്നങ്ങൾ ആത്മഹത്യ ചെയ്ത വ്യക്തിയും അനുഭവിച്ചിരുന്നു എന്ന ചിന്തയിലൂടെ അവർ തമ്മിൽ ഒരു മാനസിക അടുപ്പം രൂപപ്പെടുകയും ഈ അടുപ്പം ചിലപ്പോൾ അതേ പ്രവൃത്തിയെ അനുകരിക്കാൻ ആ വ്യക്തിയെ പ്രേരിപ്പിക്കുകയും ചെയ്യാം.

അതുപോലെ തന്നെ സാമൂഹിക പഠന സിദ്ധാന്തവും (Social Learning Theory) ഈ പ്രവണതയെ വിശദീകരിക്കാൻ സഹായിക്കുന്നതാണ്. മനുഷ്യർ മറ്റുള്ളവരുടെ പെരുമാറ്റങ്ങൾ നിരീക്ഷിച്ച് പഠിക്കുന്നവരായതിനാൽ, ആത്മഹത്യയെ ഒരു മാതൃകയായി (Model) അവതരിപ്പിക്കുമ്പോൾ അത് അനുകരണത്തിന് വഴിയൊരുക്കാം. പ്രത്യേകിച്ച് മാധ്യമങ്ങൾ ആത്മഹത്യയെ വികാരാത്മകമായും അതിവിശദമായും അവതരിപ്പിക്കുമ്പോൾ, അതിന്റെ അപകടസാധ്യത വർധിക്കുന്നു. ആത്മഹത്യയുടെ രീതി, സ്ഥലം, കാരണങ്ങൾ, സാഹചര്യങ്ങൾ എന്നിവ വിശദമായി പറയുന്നത് ചിലർക്കെങ്കിലും അത് താൻ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക്, ആത്മഹത്യ ഒരു പ്രായോഗിക പരിഹാരമെന്ന തോന്നൽ സൃഷ്ടിക്കാം.

അതുപോലെ, “ധൈര്യമായ തീരുമാനം”, “വേദനയിൽ നിന്ന് മോചനം” പോലുള്ള ഭാഷാപ്രയോഗങ്ങൾ ആത്മഹത്യയെ മഹത്വവൽക്കരിക്കുകയും (Glorify) ചെയ്യുമ്പോൾ അത് കൂടുതൽ ആളുകളെ അതിലേക്ക് ആകർഷിക്കുകയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.

സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ ഇത്തരം വാർത്തകൾ പലരീതിയിൽ എത്തപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഒരു സംഭവം വളരെ വേഗത്തിൽ വ്യാപകമായി പ്രചരിക്കുകയും വികാരാത്മകമായ പോസ്റ്റുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ആളുകളുടെ മനസ്സിൽ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്യാം. പ്രത്യേകിച്ച് പ്രശസ്ത വ്യക്തികളുടെ ആത്മഹത്യകൾക്ക് പിന്നാലെ സമാന രീതിയിലുള്ള ആത്മഹത്യ ശ്രമങ്ങൾ വർധിക്കുന്നതായി വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. ആത്മഹത്യ വാർത്തകൾക്ക് പിന്നാലെ ചില ദിവസങ്ങളിൽ നിന്ന് ആഴ്ചകളിലേക്ക് ആത്മഹത്യ നിരക്ക് ഉയരാനുള്ള സാധ്യതയും, റിപ്പോർട്ട് ചെയ്ത രീതിയോട് സാമ്യമുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന പ്രവണതയും കാണാറുണ്ട്.

വിഷാദം, സാമൂഹിക ഒറ്റപ്പെടൽ, അടുത്തിടെ അനുഭവിച്ച നഷ്ടങ്ങൾ, മറ്റു മാനസിക സമ്മർദ്ദങ്ങൾ തുടങ്ങിയവ അനുഭവിക്കുന്നവർക്കും കൗമാരക്കാരിലും അനുകരണ ആത്മഹത്യയുടെ സാധ്യത കൂടുതലാണ്.

അതുകൊണ്ട് തന്നെ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ അവതരിപ്പിക്കുമ്പോൾ അമിത വൈകാരികതയിൽ ആത്മഹത്യയുടെ രീതിയെ പറ്റി വിശദീകരിക്കാതിരിക്കുകയും അതി-ഭാവുകത്വം നിറഞ്ഞ അവതരണങ്ങൾ ഒഴിവാക്കുകയും ആത്മഹത്യ ചെയ്ത വ്യക്തിയുടെ പ്രവർത്തിയെ മഹത്വവൽക്കരിക്കാതിരിക്കുയും വേണം. അതോടൊപ്പം, പ്രതിസന്ധികളെ അതിജീവിച്ചവരുടെ കഥകൾ പ്രചരിപ്പിക്കുകയും സഹായം തേടാനുള്ള സന്ദേശങ്ങൾ സമൂഹത്തിൽ എത്തിക്കുകയും ചെയ്യുന്നത് ആത്മഹത്യ നിരക്ക് കുറയ്ക്കാൻ സഹായകരമാണ്.

ആത്മഹത്യ ചിന്തകൾ പലപ്പോഴും സ്ഥിരമായ തീരുമാനം അല്ല, മറിച്ച് ഒരു താൽക്കാലിക മാനസിക പ്രതിസന്ധിയുടെ പ്രകടനമാണ് എന്നത് നമ്മൾ മനസ്സിലാക്കണം. ഈ സമയത്ത് ഒരാൾ കാണുന്ന ഒരു വാർത്തയോ കഥയോ പോലും ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിയും. അതിനാൽ ആത്മഹത്യയെക്കുറിച്ച് പറയുന്ന ഓരോ വാക്കും ഉത്തരവാദിത്വബോധത്തോടെ, അതിയായ ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതാണ്.

മാനസിക പിന്തുണയ്ക്കായി വിളിക്കാവുന്ന സൗജന്യ സേവനം ലഭ്യമാകുന്ന നമ്പറുകൾ;

ദിശ : 1056, 0471-2552056

ടെലി മനസ്: 1441

കേരള സർവകലാശാലയിൽ മനഃശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാണ് ലേഖകൻ.