അഞ്ചിൽ ഒരാൾക്ക് വൈറ്റമിൻ ഡി കുറവ്; കുറച്ചെങ്കിലും വെയിൽ കൊള്ളൂ...

കണ്ണൂർ: ശരീരം ഉത്പാദിപ്പിക്കുന്ന ഏക വൈറ്റമിനാണ് വൈറ്റമിൻ ഡി. ചർമം സൂര്യപ്രകാശത്തിന്റെ സഹായത്തോടെ നിർമിക്കുന്നത്. വെയിലേറ്റാൽ മതി വൈറ്റമിൻ കിട്ടാൻ. എന്നാൽ രാജ്യത്ത് അഞ്ചിൽ ഒരാൾക്കെങ്കിലും വൈറ്റമിൻ ഡിയുടെ കാര്യമായ കുറവുണ്ടെന്നാണ് അവസാനം വന്ന റിപ്പോർട്ട്. അതിൽ തന്നെ കൂടുതലും ബാധിക്കുന്നത് സ്ത്രീകളെ. ഗവേഷണ, വിശകലനങ്ങൾ നടത്തുന്ന ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക്സ് റിസർച്ചിന്റെ പഠനത്തിലാണ് വൈറ്റമിൻ ഡി അളവിലെ കുറവിനെക്കുറിച്ച് പറയുന്നത്. വൈറ്റമിൻ ഡി സപ്ലിമെന്റുകൾ നൽകുന്ന കാര്യം ഉൾപ്പടെ പരിഗണിച്ച് രാജ്യത്ത് നയംമാറ്റം ആവശ്യമാണെന്നും അവർ ശുപാർശ ചെയ്തിട്ടുണ്ട്.
രക്തപരിശോധന നടത്തുമ്പോൾ വലിയ ശതമാനമാളുകളിലും വൈറ്റമിൻ ഡിയുടെ കുറവുള്ളതായി കേരളത്തിലെ ഡോക്ടർമാർ പറയുന്നു. 30 മുതൽ 50എൻജി/എംഎൽ ആണ് വൈറ്റമിൻ ഡിയുടെ അനുയോജ്യമായ അളവ്. 30-ൽ കുറയുന്നവരിൽ ഗുളിക നിർദേശിക്കുന്നുണ്ട്. അളവ് 20-ൽ കുറയുന്നത് ദോഷമാണ്.
വൈറ്റമിൻ ഡി കുറഞ്ഞാൽ അസ്ഥികളുടെ ശോഷണം മാത്രമല്ല സംഭവിക്കുന്നത്. പേശികളും ദുർബലമാകും. മൂഡ് മാറ്റങ്ങളുണ്ടാവാം. പ്രതിരോധശേഷി കുറയാം. ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും വൈറ്റമിൻ ഡി സ്വാധീനിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ആന്റി ഓക്സിഡന്റ് പ്രത്യേകത ഉൾപ്പടെയുള്ള വൈറ്റമിൻ ഹൃദ്രോഗം, പ്രമേഹം, ചില അർബുദങ്ങൾ എന്നിവയെ പ്രതിരോധിക്കാനും സഹായിക്കുന്നുണ്ട്.
മുറിയിൽ ഒതുങ്ങുന്ന പുതിയ ജീവിതക്രമം വൈറ്റമിൻ ഡി കുറവിന് വലിയ കാരണമാവുന്നതായി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ പറയുന്നു. പ്രായമുള്ളവർ രാവിലെയെങ്കിലും വെയിൽകൊള്ളാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിൽ ഒതുങ്ങുന്ന വയോധികർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
Content Highlights: One in every five Indians suffer from Vitamin D deficiency