മുടികൊഴിഞ്ഞു, വ്യായാമം ചെയ്താല്‍ പോലും ആര്‍ത്തവം; അപൂര്‍വരോഗാവസ്ഥയെ നേരിട്ട കഥയുമായി ഷോണ്‍

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തന്റെ അഭിനയപാടവം തെളിയിച്ച നടിയാണ് ഷോണ്‍ റോമി. ദുല്‍ഖറിന്റെയും വിനായകന്റെയും പ്രകടനങ്ങള്‍ക്കൊപ്പം ഷോണിനെയും നിരൂപകര്‍ പ്രശംസകൊണ്ട് മൂടിയിരുന്നു. അഭിനയത്തിന് പുറമെ മോഡലിങ്ങിലും സജീവമായ ഷോണ്‍ വളരെ ശ്രദ്ധിച്ചാണ് സിനിമകള്‍ തിരഞ്ഞെടുക്കാറ്. അതിഥിവേഷമാണെങ്കില്‍ പോലും കഥാഗതിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന കഥാപാത്രങ്ങളെയാണ് ഷോണ്‍ സ്വീകരിക്കാറ്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ലൂസിഫര്‍, രജനി, ഹൃദയം എന്നീ ചിത്രങ്ങള്‍ തന്നെ ഉദാഹരണം. ഇപ്പോഴിതാ 2024-ല്‍ തനിക്ക് നേരിടേണ്ടിവന്ന ഒരു രോഗാവസ്ഥയേയും അതിനെ തരണം ചെയ്ത് മുന്നോട്ടുവന്നതിനെയും കുറിച്ച് തുറന്നുപറയുകയാണ് ഷോണ്‍.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷോണ്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രോഗാവസ്ഥയുടെയും ചികിത്സയുടെയും സുഖം പ്രാപിച്ച് വരുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ക്കൊപ്പം അതിനെക്കുറിച്ചെല്ലാമുള്ള ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട് ഷോണ്‍. 2024-നെ 'വൈല്‍ഡ്' എന്നാണ് ഷോണ്‍ പോസ്റ്റില്‍ വിശേഷിപ്പിക്കുന്നത്. 'എന്റെ ഓട്ടോ ഇമ്യൂണ്‍ കണ്ടീഷന്‍ കൈവിട്ടുപോയ അവസ്ഥയിലായിരുന്നു. എല്ലാം ദൈവത്തില്‍ അര്‍പ്പിക്കുകയാണ് ഞാന്‍ ചെയ്തത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുമായി വീണ്ടും ഒന്നിച്ചു. അവളെ ശരിക്കും ദൈവം സ്വര്‍ഗത്തില്‍നിന്നും അയച്ചതായിരുന്നു. അവളുടെ വാക്കുകളായിരുന്നു എനിക്ക് ആശ്വാസം. ഇത് ജീവിതത്തിന്റെ ഒരു ഘട്ടം മാത്രമാണെന്ന് അവള്‍ എന്നെ ഓര്‍മിപ്പിച്ചു,' ഷോണ്‍ പറയുന്നു.
'ഒരു മാസത്തിനുള്ളില്‍ എന്റെ മുടിയിഴകള്‍ എനിക്ക് തിരിച്ചുകിട്ടും എന്നവള്‍ പറഞ്ഞു, അങ്ങനെ തന്നെ സംഭവിച്ചു. ഓരോ മാസവും ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്റ്റിറോയിഡ് എടുക്കേണ്ടിവന്നത് ഞാന്‍ ഓര്‍ക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇതാ ഇന്നുവരെ മാസത്തില്‍ ഒരുതവണ വീതം സ്റ്റിറോയിഡ് എടുക്കുന്നുണ്ട്. വ്യായാമം ചെയ്യാന്‍പോലും എനിക്ക് പേടിയായിരുന്നു, കഠിനമായി എന്തെങ്കിലും ചെയ്താല്‍ അപ്പോള്‍ തന്നെ ആര്‍ത്തവം വരുമായിരുന്നു. എന്റെ എല്ലാ കാര്യങ്ങളിലും വേഗത കുറയ്‌ക്കേണ്ടത് അനിവാര്യമായിരുന്നു. ഗോവയിലേക്ക് പോയതും അവിടെ പതിഞ്ഞ താളത്തിലുള്ള ജീവിതം നയിച്ചതും എന്നെ വളരെയധികം സഹായിച്ചു,' ഷോണ്‍ തുറന്നുപറയുന്നു.
'ശരിക്കുമുള്ള ഞാന്‍ ആരാണ് എന്നതുമായി യോജിച്ച് ജീവിച്ചുതുടങ്ങിയപ്പോഴാണ് ശരിക്കും സൗഖ്യം ലഭിച്ചുതുടങ്ങിയത്.. മറിച്ച്, ഞാന്‍ എന്താകണമെന്ന് ഞാന്‍ ചിന്തിച്ചിരുന്ന രീതിയില്‍ നിന്നായിരുന്നില്ല. 2024 പവിത്രമായിരുന്നു, ശക്തമായിരുന്നു, രൂപാന്തരപ്പെടുത്താന്‍ ഉതകുന്നതായിരുന്നു... കാര്യങ്ങളെക്കുറിച്ച് അറിവില്ലാതെയും അവയുടെ മേല്‍ നിയന്ത്രണമില്ലാതെയുമുള്ള അവസ്ഥയിലും സുഖപ്രദമായിരിക്കാന്‍ ഞാന്‍ പഠിച്ചു...,' 2024 സമ്മാനിച്ച് പാഠങ്ങളെക്കുറിച്ച് ഷോണ്‍ പറഞ്ഞുനിര്‍ത്തുന്നു. ശക്തയും സുന്ദരിയുമായ സ്ത്രീ, നിങ്ങള്‍ക്ക് ഇതിനെയൊക്കെ നിഷ്പ്രയാസം അതിജീവിക്കാന്‍ കഴിയും എന്നെല്ലാം നീളുന്നു പോസ്റ്റിന് താഴെയുള്ള കമന്റുകള്‍. നൈലാ ഉഷയും സയനോരയുമടക്കം നിരവധി സെലിബ്രിറ്റികളാണ് ഷോണിന് പിന്തുണയുമായി കമന്റുസെക്ഷനില്‍ എത്തിയത്.
Content Highlights: shaun romy opens up about overcoming auto immune disease