ജീവനുവരെ ഭീഷണിയായേക്കാം, സാമന്തയുടെ പോസ്റ്റ് ഞെട്ടിച്ചു; വിമർശനവുമായി റിക്കി കേജ്

വൈറൽ ഇൻഫെക്ഷൻ പ്രതിരോധത്തിന് ഹൈഡ്രജൻ പെറോക്സൈഡ് ഇട്ട് നെബുലൈസ് ചെയ്യുന്നത് നല്ലതാണെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് നിരവധി വിമർശനങ്ങളാണ് ലഭിച്ചത്. നെബുലൈസ് ചെയ്യുന്ന ചിത്രംസഹിതമായിരുന്നു സാമന്ത പങ്കുവെച്ചത്. ദി ലിവർ ഡോക്ടർ എന്ന് സാമുഹികമാധ്യമത്തിൽ അറിയപ്പെടുന്ന, മലയാളിയായ ഡോ. സിറിയക് എബി ഫിലിപ്സ് സാമന്തയുടേത് അശാസ്ത്രീയമായ ചികിത്സാരീതിയാണെന്ന് പറഞ്ഞ് തുടർച്ചയായി വിമർശനങ്ങൾ ഉന്നയിക്കുകയും ഇതിന് സാമന്ത മറുപടി നൽകുകയുമൊക്കെ ചെയ്തിരുന്നു. ഗ്രാമി പുരസ്കാര ജേതാവ് റിക്കി കേജും പ്രസ്തുത വിഷയത്തിൽ സാമന്തയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.
സാമന്തയുടെ ചികിത്സാരീതിയെ വിമർശിച്ച റിക്കി കേജ് താരത്തിന്റേത് നിരുത്തരവാദപരമായ നടപടിയാണെന്നും പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് റിക്കി കേജ് ഇതേക്കുറിച്ച് പറഞ്ഞത്. സമൂഹത്തിൽ വലിയ സ്വാധീനം ഉള്ള ഒരു സെലിബ്രിറ്റി ഇത്തരത്തിലുള്ള അശാസ്ത്രീയമായ ചികിത്സാരീതിയെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ ചികിത്സാരീതി ജീവനുവരെ ഭീഷണിയായേക്കാവുന്നതുമാണ്. നിരുത്തരവാദപരമായാണ് സാമന്ത ഈ വിഷയം കൈകാര്യം ചെയ്തത്. പരമ്പരാഗത ചികിത്സാരീതികൾ ഫലംചെയ്യില്ലെന്നു കരുതി സമാന്തര ചികിത്സാരീതികൾ പരതുന്ന നിരവധിപേരുണ്ട്. അത്തരക്കാർ എളുപ്പത്തിൽ ഇതിൽ ആകൃഷ്ടരാകുമെന്നും ഒരു സെലിബ്രിറ്റി പറയുമ്പോൾ പ്രത്യേകിച്ചും അതിനുള്ള സാഹചര്യം കൂടുതലാണെന്നും റിക്കി കേജ് പറയുന്നു. അതിനാൽ തന്നെ കടുത്ത നിയന്ത്രണങ്ങൾ വരേണ്ടതുണ്ടെന്നും അതിലൂടെയേ സെലിബ്രിറ്റികൾ ഏതെങ്കിലും ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് പിന്നിട്ടുനിൽക്കൂ എന്നും അദ്ദേഹം പറയുന്നു.
അപകടസാധ്യതയുള്ള ഒരു ചികിത്സാരീതിയെ സാമന്ത പ്രോത്സാഹിപ്പിക്കുന്നത് തന്നെ ഞെട്ടിച്ചുവെന്നു പറഞ്ഞ റിക്കി താരത്തെ വിമർശിച്ച മലയാളി ഡോക്ടർ സിറിയക് എബി ഫിലിപ്സിനെ പിന്തുണയ്ക്കുകയും ചെയ്തു. മധുര പാനീയങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും പ്രോത്സാഹിപ്പിക്കുന്ന സാമന്ത ആരോഗ്യപരമായ ഉപദേശങ്ങൾ നൽകുന്നതിനെ വിമർശിക്കുന്നുമുണ്ട് റിക്കി. ആരോഗ്യരംഗം സംബന്ധിച്ചുള്ള ഉപദേശങ്ങൾ കൈമാറുന്നത് സംബന്ധിച്ച് നിലവിലെ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിനേക്കുറിച്ചാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചത്. പിന്നാലെ ഈ രീതിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി 'ദി ലിവർ ഡോക്ടർ' എന്നപേരിലറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്സ് രംഗത്തെത്തി. ആരോഗ്യത്തെ അപകടകരമാക്കും വിധത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ഡോ. സിറിയക് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ താൻ ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചില്ലെന്നും വാക്കുകൾ കടുത്തുപോയെന്നും സ്വന്തം അനുഭവമാണ് പങ്കുവെച്ചതെന്നും സാമന്ത പറയുകയുണ്ടായി. സാമന്ത ഇരവാദം കളിക്കുകയാണെന്നും കൂടുതൽ സമാന്തര ചികിത്സകളെ പ്രോത്സാഹിക്കുന്ന മറുപടിയാണ് നൽകിയതെന്നും ഡോ.എബിയും കുറിച്ചു. ആരോഗ്യരംഗത്ത് തെറ്റായ വിവരങ്ങൾ നൽകി തുടർച്ചയായി തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നയാളാണ് സാമന്തയെന്നും മുൻപും ഇത് ചെയ്തിട്ടുണ്ടെന്നും ഡോക്ടർ കുറിച്ചിരുന്നു. പിന്നീട് താൻ പറഞ്ഞ വസ്തുതകളിൽ പിന്നോട്ടില്ലെന്നും എന്നാൽ വാക്കുകൾ കടുത്തുപോയെങ്കിൽ ക്ഷമചോദിക്കുന്നുവെന്നും ഡോ. സിറിയക് പറഞ്ഞിരുന്നു.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
Content Highlights: ricky kej on samantha ruth prabhus irresponsible health advice