അമിതവണ്ണവും സാംക്രമികേതര രോഗങ്ങളും വലിയ വെല്ലുവിളികൾ, കരുതലോടെ നേരിടണമെന്ന് ലോകനേതാക്കൾ

ഒട്ടനവധി രോഗങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളിൽ പ്രധാനിയാണ് അമിതവണ്ണം. അതുകൊണ്ടുതന്നെയാണ് ന്യൂഡൽഹിയിൽ വച്ചുനടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ ലോകനേതാക്കൾ ഒരുപോലെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഘടകങ്ങളിൽ അമിതവണ്ണത്തിന്റെ സ്ഥാനത്തേക്കുറിച്ച് എടുത്തുപറഞ്ഞത്. മറ്റൊന്ന് ഹൃദ്രോഗം, ഹൈപ്പർടെൻഷൻ തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ വർധനവാണ്. അമിതവണ്ണവും സാംക്രമികേതര രോഗങ്ങളും വലിയ ആഗോള ആരോഗ്യ വെല്ലുവിളികളാണെന്നും സർക്കാരിന്റെയും സമൂഹത്തിന്റെയും സമഗ്രമായ സമീപനങ്ങളിലൂടെ ഇവയെ പ്രതിരോധിക്കണമെന്നും നേതാക്കൾ വ്യക്തമാക്കി.
അമിതവണ്ണം, പിന്നാലെ ഒട്ടനവധി രോഗങ്ങളും
ആഗോളതലത്തിൽ എട്ടു പേരിൽ ഒരാൾക്ക് അമിതവണ്ണമുണ്ട്. മുതിർന്നവരിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് അമിതവണ്ണമെന്ന് അടുത്തിടെ സ്വീഡനിൽനിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു. അന്നനാളത്തിലെ അർബുദം, വയറിന്റെ മുകൾഭാഗത്തെ ബാധിക്കുന്ന അർബുദം, മലാശയ അർബുദം, കരളിനെയും മൂത്രസഞ്ചിയെയും ബാധിക്കുന്ന അർബുദം, മൾട്ടിപ്പിൾ മൈലോമ, പാൻക്രിയാറ്റിക് കാൻസർ, വൃക്ക, തൈറോയ്ഡ് ഗ്ലാൻഡ്, ഓവറികൾ, എൻഡോമെട്രിയം തുടങ്ങിയവയെ ബാധിക്കുന്ന അർബുദം എന്നിവയ്ക്കുള്ള സാധ്യതയാണ് വർധിക്കുന്നത്. അമിതവണ്ണമാകുന്നതോടെ ഹോർമോൺ നിലയിലുണ്ടാകുന്ന മാറ്റങ്ങൾ, മെറ്റബോളിസത്തിലെ തകരാറുകൾ, ഇൻസുലിൻ നിലയിലെ വ്യതിയാനം, ശരീരത്തിൽ വീക്കമുണ്ടാവുക തുടങ്ങിയവയാകാം അർബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്നാണ് ഗവേഷകർ കരുതുന്നത്.
രാജ്യത്തെ കുട്ടികൾക്കിടയിൽ അമിതവണ്ണം ആശങ്കാജനകമായവിധം കൂടുന്നുവെന്ന് പഠനവും പുറത്തുവന്നിരുന്നു. ഇന്ത്യയിലെ നാലിൽ ഒരു കുട്ടി അമിതവണ്ണം മൂലം വലയുന്നുവെന്നാണ് ഇന്ത്യൻ ജേർണൽ ഓഫ് കമ്മ്യൂണിറ്റി മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. അനാരോഗ്യകരമായ ആഹാരശീലം, ഉദാസീനമായ ജീവിതരീതി തുടങ്ങിയവയാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. അമിതവണ്ണം ഭാവിയിൽ ടൈപ് 2 ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദം, ഫാറ്റി ലിവർ ഡിസീസ്, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുന്നുവെന്നും പഠനം കണ്ടെത്തിയിരുന്നു.
കുട്ടികളിലെ അമിതവണ്ണം ഇന്ത്യയിൽ കുതിച്ചുയരുന്നതായാണ് വേൾഡ് ഒബിസിറ്റി അറ്റ്‌ലസ് 2026 റിപ്പോർട്ട് വ്യക്തമാക്കിയത്. അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ ചൈനയ്ക്ക് തൊട്ടുപിന്നാലെ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2023-ൽ ലോകമെമ്പാടുമുള്ള 54 ലക്ഷം പകർച്ചവ്യാധി മരണങ്ങളിൽ ഏകദേശം 6 ലക്ഷം മരണങ്ങൾക്ക് അമിതവണ്ണമാണെന്ന് ദി ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനവും പറയുന്നു. പത്തിൽ ഒരു മരണത്തിന് അമിതവണ്ണം കാരണമാകുന്നു. വിവിധതരം പകർച്ചവ്യാധികൾ മൂലം ഗുരുതരാവസ്ഥയിലാകാനും മരിക്കാനും സാധ്യതയുള്ളവരുടെ എണ്ണം അമിതവണ്ണമുള്ളവരിൽ കൂടുതലാണെന്നാണ് പഠനം സൂചിപ്പിച്ചത്.
സാംക്രമികേതര രോഗങ്ങൾ
ഇന്ത്യയിൽ സാംക്രമികേതര രോഗങ്ങൾ മൂലം മരിക്കുന്നതിന്റെ സാധ്യത കൂടിയെന്ന് വ്യക്തമാക്കുന്ന പഠനവും ദി ലാൻസെറ്റ് ജേർണൽ പുറത്തുവിട്ട പഠനത്തിൽ പറഞ്ഞിരുന്നു. ഹൃദയാഘാതം, ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ, കാൻസർ തുടങ്ങിയ സാംക്രമികേതര രോഗങ്ങൾ രാജ്യത്ത് പ്രധാനപ്പെട്ട ആരോഗ്യവെല്ലുവിളികളായി തുടരുന്നുവെന്നാണ് പഠനം പറഞ്ഞത്.
ലോകമെമ്പാടുമുള്ള മരണങ്ങളിൽ മുക്കാൽ ഭാഗത്തിനും പിന്നിൽ ഹൃദ്രോഗം, ഡയബറ്റിസ്, കാൻസർ തുടങ്ങിയ സാംക്രമികേതര രോഗങ്ങളാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയതും അടുത്തിടെയാണ്. ഈ നൂറ്റാണ്ട് നേരിടുന്ന പ്രധാന പൊതുജനാരോഗ്യ വികസന വെല്ലുവിളികളിൽ ഒന്നാണ് സാംക്രമികേതര രോഗങ്ങൾ എന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞത്. അവ പകർച്ചവ്യാധികളേക്കാൾ കൂടുതൽ മരണത്തിന് കാരണമാകുന്നുണ്ട്. ഓരോ വർഷവും 1.7 കോടി ജനങ്ങളുടെ അകാലമരണത്തിന് സാംക്രമികേതര രോഗങ്ങൾ കാരണമാകുന്നു.
2030ഓടെ സാംക്രമികേതര രോഗങ്ങളിൽ നിന്നുള്ള മരണങ്ങൾ മൂന്നിലൊന്നായി കുറയ്ക്കാനാണ് യുഎൻ അംഗരാജ്യങ്ങളുടെ ലക്ഷ്യം. യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നുമാണത്. പല സാംക്രമികേതര രോഗങ്ങളുടെയും അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ പുകയില, അനാരോഗ്യകരമായ ഭക്ഷണശൈലി തുടങ്ങിയവയാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട് .കൂടാതെ മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവും ആക്കം കൂട്ടുന്നുണ്ട്. പലർക്കും പ്രശ്നത്തിന്റെ വ്യാപ്തി തിരിച്ചറിയാത്തതുകൊണ്ടാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നത് എന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
ഓരോവർഷവും 4.1 കോടി പേർ സാംക്രമികേതര രോഗങ്ങൾ മൂലം മരണപ്പെടുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഹൃദ്രോഗമാണ് മരണത്തിന് കാരണമാകുന്ന പ്രധാനികളിൽ ഒന്ന് എന്നും അതു മൂലം 1.7കോടി പേർ വർഷംതോറും മരണപ്പെടുന്നുവെന്നുമാണ് കണക്കുകൾ പറയുന്നത്. കാൻസർ മൂലം പ്രതിവർഷം മരണപ്പെടുന്നവർ 93ലക്ഷവും ശ്വാസകോശരോഗങ്ങളാൽ മരണപ്പെടുന്നവർ 41 ലക്ഷവും ഡയബറ്റിസ് മൂലം ഇരുപതുലക്ഷവും മരണപ്പെടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ നിശബ്ദ കൊലയാളിയാണ് സാംക്രമികേതര രോഗങ്ങളെന്നും എന്നാൽ ഫലപ്രദമായ ഇടപെടലുകളിലൂടെ അവ പ്രതിരോധിക്കാവുന്നതാണെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.