ജമ്മുകശ്മീരിൽ ഒരേ രോഗലക്ഷണങ്ങൾ ബാധിച്ച് മരിച്ചത് 14 പേർ, കാരണം കണ്ടെത്താനായില്ല

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ശ്രീന​ഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാൽ ​ഗ്രാമത്തിൽ അജ്ഞാതരോ​ഗം ബാധിച്ച് ഒരുമാസത്തിനിടെ മരിച്ച് പതിന്നാലുപേർ. മൂന്നു കുടുംബങ്ങളിൽ നിന്നുള്ള പതിനൊന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഒരേ രോ​ഗലക്ഷണങ്ങളാൽ മരിച്ചത്. മരണകാരണമെന്തെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. മരിച്ചവരുടെ രക്തസാമ്പിളുകളിൽ നിന്ന് ന്യൂറോടോക്സിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും വിശദഅന്വേഷണം നടക്കുകയാണെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പാേർട്ട് ചെയ്തു. 

ജമ്മുവിലെ എസ്.എം.ജി.എസ്. ആശുപത്രിയിൽ വച്ച് ആറുവയസ്സുകാരി മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. തിങ്കളാഴ്ച അറുപത്തിയഞ്ചുകാരനും പത്തുവയസ്സുകാരനും ഇതേരോ​ഗലക്ഷണങ്ങളോടെ മരിച്ചിരുന്നു. ഞായറാഴ്ച അഞ്ചും പതിന്നാലും വയസ്സുള്ള രണ്ടുമക്കൾ മരിച്ച അസ്ലമിന്റെ മകനാണ് തിങ്കളാഴ്ച മരിച്ച പത്തുവയസ്സുകാരൻ. 

2024 ഡിസംബർ ഏഴിനാണ് അജ്ഞാതരോ​ഗം ബാധിച്ചുള്ള ആദ്യമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരുകുടുംബത്തിലെ അഞ്ചുപേരാണ് അന്ന് മരിച്ചത്. അഞ്ചുദിവസങ്ങൾക്കുശേഷം ഡിസംബർ 12-ന് മൂന്നുകുട്ടികളും ഇതേ രോ​ഗലക്ഷണങ്ങളോടെ മരിച്ചു. പനി, അമിതമായി വിയർക്കൽ, ഛർദി, നിർജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരിൽ കണ്ട പ്രധാനലക്ഷണങ്ങൾ. 

അതിനിടെ ഗ്രാമത്തിൽ പരസ്പരം ബന്ധമുള്ള മൂന്ന് കുടുംബങ്ങളെയാണ് രോ​ഗം നിലവിൽ ബാധിച്ചിരിക്കുന്നതെന്ന് രജൗരിയിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. മനോഹർ ലാൽ പറഞ്ഞു. രോ​ഗലക്ഷണങ്ങൾക്ക് മുമ്പേ എല്ലാവരും ഒരേഭക്ഷണമായിരുന്നു കഴിച്ചതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 

പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകൾ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണ കാരണം കണ്ടെത്താനായിട്ടില്ലെന്ന്‌ ആരോ​ഗ്യമന്ത്രി സക്കീന പറഞ്ഞു. വിഷയത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

നിലവിൽ ഇതിനെ സാംക്രമിക രോ​ഗമായി കാണാനാവില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. 
 

Content Highlights: 14 Deaths in J&K Village Due to Mysterious Illness