സർക്കാരിന്റെ ജീവിതശൈലീരോഗ പരിശോധനാപദ്ധതി പാളുന്നു, കാരണം ജീവനക്കാരുടെ നിസ്സഹകരണം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ചേർത്തല: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെട്ട ആരോഗ്യപരിപാലന പദ്ധതി നടത്തിപ്പിൽ പാളിച്ച. ബി.പി.എൽ. കുടുംബാംഗങ്ങളുടെ ജീവിതശൈലീരോഗ പരിശോധനയാണ് ഒരുവിഭാഗം ജീവനക്കാരുടെ നിസ്സഹകരണം കാരണം പ്രതിസന്ധിയിലായത്. 30-നു പൂർത്തിയാക്കാൻ നിശ്ചയിച്ചിരിക്കുന്ന പദ്ധതി സംസ്ഥാനത്ത് 15 ശതമാനം പിന്നിട്ടതുപോലും ചുരുക്കം ജില്ലകളിൽ മാത്രമാണ്.

ആരൊക്കെ ചേർന്നാണ് പദ്ധതി നടപ്പാക്കേണ്ടതെന്നതിൽ ആരോഗ്യവകുപ്പിനു വ്യക്തതയില്ലാത്തത് പ്രശ്നമായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർ എന്നിവർ ചേർന്നുള്ള പ്രവർത്തനത്തിനായിരുന്നു നിർദേശം. എന്നാൽ, ചിലയിടങ്ങളിൽ ഇവരിൽ ചിലർ വിട്ടുനിൽക്കുന്നതാണ് തിരിച്ചടിയായത്.

ഓരോ ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിലും ക്യാമ്പു നടത്തിയും ഭവനസന്ദർശനത്തിലൂടെയുമാണ് പരിശോധന. രക്തവും രക്തസമ്മർദവും പരിശോധിച്ചാണ് ജീവിതശൈലീരോഗ നിർണയം. ഓരോ ഗ്രാമപ്പഞ്ചായത്തിലും 6,000 മുതൽ 9,000 വരെ ബി.പി.എൽ. കുടുംബാംഗങ്ങളുള്ളതായാണു കണക്ക്. ഇവരുടെ പരിശോധനാവിവരം പ്രത്യേക ആപ്പുവഴിയാണ് നൽകേണ്ടത്.

ആരോഗ്യകേന്ദ്രങ്ങളിലെ ജോലിത്തിരക്കും പകരം ക്രമീകരണമില്ലാത്തതുമാണ് പലയിടത്തും ചുമതലയുള്ളവർ വിട്ടുനിൽക്കുന്നതിനുള്ള കാരണം. ഇതുസംബന്ധിച്ച് ഡി.എം.ഒ. ഓഫീസിലടക്കം പരാതി ലഭിക്കുന്നുണ്ടെങ്കിലും പരിഹാരമില്ല.

പദ്ധതി പൂർത്തിയാക്കണം

പാവപ്പെട്ടവരുടെ ആരോഗ്യസംരക്ഷണത്തിനു സഹായകരമായ പദ്ധതി പൂർത്തിയാകാൻ ഉന്നതതല ഇടപെടൽ വേണം. ജീവനക്കാരെ ഏകോപിപ്പിച്ച് രംഗത്തിറക്കി പരിശോധന പൂർത്തിയാക്കണം.

ബി. ഭാസി,

ജില്ല ആസൂത്രണ സമിതിയംഗം

Content Highlights: Lifestyle disease screening in Kerala faces setbacks due to staff non-cooperation, affecting BPL families' health assessments in several districts.