കാരുണ്യ ഫാർമസികൾ സ്വകാര്യ ആശുപത്രികളിലേക്കും

#കെ.എ. ബാബു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: കുറഞ്ഞ ചെലവില്‍ കൂടുതല്‍ രോഗികള്‍ക്കു മരുന്ന് എന്ന ലക്ഷ്യത്തോടെ കാരുണ്യ ഫാര്‍മസികള്‍ സ്വകാര്യആശുപത്രികളിലേക്കും. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്കാണ് കാരുണ്യ മരുന്നുകള്‍ ലഭിക്കുക. പാലിയേറ്റീവ് സൊസൈറ്റികള്‍, കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍, വയോമിത്രം പദ്ധതി എന്നിവയ്ക്കായി ആവശ്യപ്പെട്ടാലും മരുന്ന് വിലകുറച്ചു കാരുണ്യഫാര്‍മസി എത്തിക്കും.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കു മൊത്തമായി മരുന്നെത്തിക്കുന്നതു കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ്. അതിനൊപ്പം കാരുണ്യഫാര്‍മസികള്‍ക്കു ജനറിക് മരുന്നുകള്‍ നല്‍കുന്നതും ഇവരാണ്. ബ്രാന്‍ഡഡ് മരുന്നുകള്‍ കാരുണ്യഫാര്‍മസി നേരിട്ടുവാങ്ങിയും വില്‍ക്കുന്നുണ്ട്. മരുന്നുകള്‍ക്കു 40 മുതല്‍ 90 വരെ ശതമാനം വിലക്കുറവിലാണു വില്‍പ്പന. ലഭിക്കുന്ന ഏഴുശതമാനം ലാഭം ഉപയോഗിച്ചാണു ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാരുണ്യ നിര്‍വഹിക്കുന്നത്.

പ്രമുഖ സ്വകാര്യാശുപത്രികള്‍ നിലവില്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ നേരിട്ടുവാങ്ങി ഉപയോഗിക്കുകയാണു ചെയ്യുന്നത്. എന്നാല്‍, ചെറുകിട സ്വകാര്യാശുപത്രികള്‍ക്ക് അത്രത്തോളം മരുന്നുവാങ്ങാനാകാത്തതിനാല്‍ കാര്യമായി വിലകുറച്ചുകിട്ടില്ല. അവര്‍ക്ക് അതിനേക്കാള്‍ ലാഭത്തില്‍ കാരുണ്യഫാര്‍മസി മരുന്നെത്തിക്കും. വിലക്കുറവ് രോഗികള്‍ക്കു ലഭ്യമാകുമെന്ന പ്രതീക്ഷയാണുള്ളത്.

Content Highlights: karunya farmacy, private hospital, medicine, health