ഹൃദയാഘാതം മൂന്നുവിധം; നിർണയം എളുപ്പമാക്കാൻ മാർഗനിർദേശങ്ങളുമായി കാർഡിയോളജി അസോസിയേഷനുകൾ

ഹൃദയാഘാതത്തിനു പിന്നിലെ പൊതുവായ കാരണങ്ങളെക്കുറിച്ച് മിക്കയാളുകൾക്കും അറിയാം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോൾ അവയവത്തിന് കേടുപാടുകൾ സംഭവിക്കുന്നതാണിത്. ഇപ്പോഴിതാ ഹൃദയാഘാതം കണക്കാക്കുന്നതിന് പുതിയ നിർവചനം പങ്കുവെക്കുകയാണ് ലോകമെമ്പാടുമുള്ള നാല് പ്രമുഖ കാർഡിയോളജി അസോസിയേഷനുകൾ. ഇതുപ്രകാരം സ്ത്രീകൾക്ക് കൃത്യസമയത്ത് രോഗനിർണ്ണയം നടത്താനും ആവശ്യമായ ചികിത്സ ലഭ്യമാക്കാനും കഴിയുമെന്നാണ് അവകാശപ്പെടുന്നത്.
യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി (ESC), അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി (ACC), അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA), വേൾഡ് ഹാർട്ട് ഫെഡറേഷൻ (WHF) എന്നീ അസോസിയേഷനുകൾ ചേർന്നാണ് ഹൃദയാഘാതത്തെ മൂന്ന് വിഭാഗങ്ങളായി തിരിച്ചത്. എല്ലാ ഹൃദയാഘാതങ്ങളും ഗുരുതരമാണെങ്കിലും പുതിയ നിർവചനത്തിലൂടെ ഹൃദയാഘാതത്തെ വീണ്ടും തരംതിരിക്കുകയാണ് ചെയ്തിരിക്കുന്നത്. സ്ത്രീകളിൽ സ്ഥിരീകരണം എളുപ്പമാക്കുന്നതിന് പുതിയ തരംതിരിക്കൽ ഗുണംചെയ്യുമെന്നും ഡോക്ടർമാർ പറയുന്നു.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഹൃദയാഘാതത്തെ മൂന്ന് വിഭാഗങ്ങളായി തിരിക്കുന്നു:
പ്രാഥമികം (Primary): പെട്ടെന്ന് സംഭവിക്കുന്നതാണിത്, ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഗുരുതരമായി കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുന്നതുകാരണം ഉണ്ടാകുന്നു
ദ്വിതീയം (Secondary): മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നം കാരണം ഹൃദയത്തിലെ ഓക്സിജൻ വിതരണത്തിലും ആവശ്യകതയിലുമുള്ള അസന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്നത്.
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടത് (Procedure-related): ശസ്ത്രക്രിയയിലെ സങ്കീർണ്ണതകൾ കാരണം ഉണ്ടാകുന്നതാണിവ.
ഇതുകൂടാതെ ഹൃദയം തകരാറിലാകുമ്പോൾ പുറത്തുവിടുന്ന 'ട്രോപോണിൻ' (troponin) എന്ന പ്രോട്ടീന്റെ അളവ് വിലയിരുത്തുന്നതിവും വ്യത്യാസമുണ്ട്. സ്ത്രീകളിൽ ട്രോപോണിന്റെ സാധാരണ അളവ് പുരുഷന്മാരേക്കാൾ കുറവാണ്. തൽഫലമായി ഡോക്ടർമാർ ട്രോപോണിൻ പരിശോധിക്കുമ്പോൾ സ്ത്രീകളിൽ കുറഞ്ഞിരിക്കുന്നതുകൊണ്ട് ഹൃദയാഘാതം സ്ഥിരീകരിക്കൽ വൈകിക്കും. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം സ്ത്രീകളിലെ ട്രോപോണിൻ നില പുരുഷന്മാരേക്കാൾ കുറവായാലും ഹൃദയാഘാതസാധ്യത പരിഗണിക്കും.
ഇതുകൂടാതെ ഹൃദയാഘാതത്തിന്റെ ക്ലാസിക്ക് ലക്ഷണങ്ങളായി കണക്കാക്കുന്ന നെഞ്ചുവേദന, നെഞ്ചിൽ സമ്മർദം തുടങ്ങിയവ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കുറവായിരിക്കും. കടുത്ത വേദന, ഓക്കാനം അല്ലെങ്കിൽ ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാലും ചിലപ്പോൾ ആ ലക്ഷണങ്ങളെ ഹൃദയാഘാതത്തിന്റേതായി കണക്കാക്കില്ല. ഇത് ചികിത്സ വൈകിക്കും. പുതിയ നിർവചനം ലക്ഷണങ്ങളെ ആഴത്തിൽ പരിശോധിക്കാനും സ്ഥിരീകരിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം മൂന്നായി തിരിച്ച ഹൃദയാഘാത സാഹചര്യങ്ങൾ സ്ത്രീകളിൽ 10 മടങ്ങുവരെ സാധാരണമായതും പലപ്പോഴും പ്രസവം, വ്യായാമം, മാനസിക സമ്മർദ്ദം എന്നിവയ്ക്കുപിന്നാലെ ഉണ്ടാകുന്നതുമാണ്. ധമനികളിൽ വിള്ളലോ, ഇറുക്കമോ ഉണ്ടാകുന്നതുമൂലം രക്തയോട്ടം കുറയുകയും തൽഫലമായി ഹൃദയാഘാതം ഉണ്ടാവുകയും ചെയ്യുന്നത് സ്ത്രീകളിൽ കൂടുതലാണ്. എന്നാൽ പലപ്പോഴും ഇവ തിരിച്ചറിയാൻ കാലതാമസം നേരിടുകയോ, അടിയന്തരയ ചികിത്സ ലഭ്യമാക്കാൻ കഴിയാതിരിക്കുകയോ ചെയ്യാറുണ്ട്.
പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന മൂന്ന് തരത്തിലുള്ള ഹൃദയാഘാതങ്ങളായി കണക്കാക്കുന്നത് കൊറോണറി ആർട്ടറി സ്പാസം, കൊറോണറി എംബോളിസം, സ്പൊണ്ടേനിയസ് കൊറോണറി ആർട്ടറി ഡിസെക്ഷൻ (Scad) എന്നിവയാണ്. ആദ്യത്തേത് ഉണ്ടാകുന്നതിനു പിന്നിൽ ധമനികളിലെ ഇറുക്കമാണ്. ഇതുമൂലം ഹൃദയപേശികളിലെ രക്തവും ഓക്സിജനും കുറയുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും. മാനസിക സമ്മർദ്ദം, വ്യായാമം കഠിനമായ തണുപ്പ് എന്നിവയുടെ ഫലമായി ഉണ്ടാവാം. രണ്ടാമത്തേതിനു കാരണം കൊറോണറി ആർട്ടറിയിലേക്ക് രക്തം കട്ടപിടിക്കുന്നതോ, ഫാറ്റി ഡെപ്പോസിറ്റുകളോ എത്തി തടസ്സം സംഭവിക്കുന്നതാണ്. കൊറോണറി ആർട്ടറിയിലുണ്ടാകുന്ന വിള്ളലാണ് മൂന്നാമത്തേതിന് കാരണം, ഇതിൽ 80% കേസുകളും സ്ത്രീകളിലാണ് ഉണ്ടാകുന്നത്, പലപ്പോഴും ഗർഭകാലത്തോ അതിനുശേഷമോ ആണ് കൂടുതലും കാണുക.
യൂറോപ്യൻ ഹാർട്ട് ജേണലിലാണ് പുതിയ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?
ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ, ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.
പ്രാഥമിക പരിശോധനയിൽനിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ, ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.
Content Highlights: New guidelines aim to improve heart attack diagnosis in women by redefining categories and considering unique symptoms and troponin levels.