ലോകം ഇപ്പോഴും മഹാമാരിയെ നേരിടാൻ സജ്ജമല്ല, തയ്യാറെടുപ്പുകൾ അനിവാര്യം- റിപ്പോർട്ട്

ഹാന്റാവൈറസ്, എബോള വൈറസ്, എംപോക്സ് എന്നിങ്ങനെ ലോകം പലവിധത്തിലുള്ള വൈറസുകളോട് പോരാടിക്കൊണ്ടിരിക്കുകയാണ്. കോവിഡ് കാലം ഒരു മഹാമാരിയെ എങ്ങനെ നേരിടണമെന്ന കൃത്യമായ പാഠം പഠിപ്പിച്ചുവെങ്കിലും ഇപ്പോഴും പലരാജ്യങ്ങളും മറ്റൊരു മഹാമാരിയെ നേരിടാൻ സജ്ജമല്ലെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു റിപ്പോർട്ട്. ലോകാരോഗ്യസംഘടനയുടെ ഗ്ലോബൽ പ്രിപ്പയേഡ്നസ് മോണിറ്ററിങ് ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പല രാജ്യങ്ങളിലെയും സർക്കാരുകളും ആരോഗ്യവിഭാഗവും മഹാമാരിയെ നേരിടാൻ സജ്ജമല്ലെന്ന് റിപ്പോർട്ട് പറയുന്നു. എബോള രോഗബാധയെ അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
കോവിഡ്-19 ഉണ്ടാക്കിയ പ്രതിസന്ധിക്കുശേഷം പുതിയ സംവിധാനങ്ങളും സംരംഭങ്ങളുമൊക്കെ ഉണ്ടായെങ്കിലും ഇപ്പോഴും മഹാമാരിയെ പ്രതിരോധിക്കാൻ സജ്ജമാവുന്നതിൽ അസമത്വം നേരിടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. വാക്സിനുകളും മരുന്നുകളും ലഭിക്കുന്നതിലെ വൈകലാണ് ഇതിൽ പ്രധാനം. എംപോക്സ് രോഗബാധ ആരംഭിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് വാക്സിനുകൾ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ എത്തിച്ചേർന്നത്. രോഗനിർണയം, വാക്സിനുകൾ, ചികിത്സകൾ എന്നിവ തുല്യമായി ലഭിക്കുന്നതിന്റെ കാര്യത്തിൽ ലോംകം പിന്നോട്ടുപോവുകയാണെന്നും റിപ്പോർട്ടിലുണ്ട്.
എബോളയും കോവിഡ്-19 ഉം രാഷ്ട്രീയ ധ്രുവീകരണം, ശാസ്ത്രീയ സ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങൾ, വ്യാപകമായ തെറ്റായ വിവരങ്ങൾ എന്നിവയ്ക്ക് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ആരോഗ്യ അടിയന്തരാവസ്ഥ കഴിഞ്ഞിട്ടും ഇവ തുടരുന്നുമുണ്ട്.
കോവിഡിനേക്കാൾ കൂടുതൽ പ്രഹരശേഷിയുള്ള മഹാമാരി വന്നേക്കാമെന്നും അതിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിൽ ലോകം വെല്ലുവിളിനേരിടുമെന്നും റിപ്പോർട്ടിലുണ്ട്. ആരോഗ്യം പ്രശ്നം എന്നതിനേക്കാൾ രാഷ്ട്രീയപരവും സാമ്പത്തികപരവുമായ വെല്ലുവിളിയാകും അത്. ഇക്കാര്യങ്ങളിൽ ലോകത്തിന് പരിഹാരമില്ലാത്തതല്ല മറിച്ച് വിശ്വാസ്യതയും തുല്യതയും തുടരാൻ കഴിയാത്തിടത്തോളം അവ യഥാർഥ ആവശ്യക്കാരിലേക്ക് എത്തില്ല.
മഹാമാരിയെ നേരിടുന്നതിൽ ആഗോളതലത്തിൽ നിസ്സഹകരണം തുടരുന്നത് എല്ലാ രാജ്യങ്ങളെയും അപകടത്തിലാക്കുമെന്നും മുന്നറിയിപ്പുണ്ട്. ആഗോളതലത്തിൽ മഹാമാരികളെ നിരീക്ഷിക്കാൻ സ്ഥിരമായ ഒരു സ്വതന്ത്ര സംവിധാനം, വാക്സിനുകൾ, രോഗനിർണയങ്ങൾ, ചികിത്സകൾ എന്നിവ തുല്യമായി ലഭ്യമാക്കുക, സാമ്പത്തികമായി സജ്ജമാവുക തുടങ്ങിയവയിലൂടെ മഹാമാരിയെ ഫലപ്രദമായി നേരിടാനാവുമെന്നും റിപ്പോർട്ടിലുണ്ട്.
Content Highlights: Why the World Remains Unprepared for the Next Major Outbreak