രോഗികൾ 6000 കടന്നു, മരണസംഖ്യ 3000-ത്തിന് അടുത്തെത്തി; ഡി.ആർ.കോംഗോയിലെ എബോള വ്യാപനം അതിവേഗത്തിൽ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഡി.ആർ. കോംഗോയുടെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പടരുന്ന എബോള ബാധയിൽ രോഗികളുടെ എണ്ണം 6000 കടന്നതായും മരണസംഖ്യ മൂവായിരത്തിനടുത്ത് എത്തിയതായും അധികൃതർ അറിയിച്ചു. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 6041 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 2911 കടക്കുകയും ചെയ്തു.

അതിനിടെ 1,360-ലധികം പേർ വൈറസിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ടെന്നും ഇത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും അധികൃതർ പറഞ്ഞു. വൈറസ് പുതിയ മേഖലകളിലേക്കുകൂടി വ്യാപിച്ചത് ആശങ്ക പടർത്തുന്നുണ്ട്. ഇ‌‌ട്ടൂരി, നോർത്ത് കിവു, സൗത്ത് കിവു, ഹൗട്ട്-ഉലെ, ബാസ്-ഉലെ, ഷോപോ തുടങ്ങിയ പ്രവിശ്യകളിലെ 60 മേഖലകളിൽ രോഗവ്യാപനമുണ്ടായിട്ടുണ്ട്.

മെയ് മാസത്തിൽ രോഗവ്യാപനം ഔദ്യോഗികമായി പ്രഖ്യാപിച്ച നിലവിലെ എബോളബാധ ഇതുവരെയുണ്ടായതിൽവെച്ച് ഏറ്റവും വലുതും മാരകവുമായ മഹാമാരിയായി മാറിയിരിക്കുകയാണ്. 2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ മഹാമാരിക്ക് ശേഷം ആഗോളതലത്തിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ വലിയ രോഗബാധയാണിത്.

അയൽരാജ്യമായ ഉഗാണ്ട കഴിഞ്ഞ മാസം എബോള വിമുക്തമാണെന്ന് പ്രഖ്യാപിച്ചെങ്കിലും അതിർത്തി കടന്നുള്ള രോഗവ്യാപനത്തിന്റെ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

എബോളയുടെ മുൻകാല വ്യാപനങ്ങളിൽ നിന്നു വ്യത്യസ്തമായി വേഗത്തിൽ വ്യാപിക്കുന്ന ബൂൻഡിബുഗ്യോ വകഭേദത്തിന് അംഗീകൃത വാക്സിനുകളോ ചികിത്സകളോ നിലവിലില്ല. പ്രധാനമായും കിഴക്കൻ പ്രവിശ്യയായ ഇത്തൂരിയിലാണ് രോഗവ്യാപനം കൂടുതലുള്ളത്. റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏകദേശം 90 ശതമാനവും ഇവിടെ നിന്നാണ്. കിസംഗാനി ഉൾപ്പെടെ അഞ്ച് മറ്റ് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

2014-2016 വ്യാപനത്തിൽ 28,000 കേസുകൾ സ്ഥിരീകരിക്കുകയും 11,000 രോഗികൾ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ വ്യാപനത്തിൽ രണ്ടുമാസത്തിനുള്ളിൽത്തന്നെ മരണനിരക്ക് ആയിരംകടന്നിരിക്കുകയാണ്. നിലവിലെ വ്യാപനത്തിൽ 2014-2016 കാലഘട്ടത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വേഗത്തിൽ 2,500 കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിലെ വ്യാപനത്തിന്റെ ഏറ്റവും മോശംഘട്ടം ഇനിയും വന്നേക്കാമെന്നാണ് അധികൃതർ കരുതുന്നത്. നിരീക്ഷിക്കപ്പെടുന്ന കേസുകൾക്കു പുറത്തുനിന്നാണ് ഭൂരിഭാഗം പുതിയ കേസുകളും വരുന്നത്. 2014-ൽ ആരംഭിച്ച എബോള വ്യാപനം മൂന്നുവർഷത്തോളം നീണ്ടുനിന്ന് 2016-ലാണ് അവസാനിച്ചത്. 2013 ഡിസംബറിലാണ് ആദ്യകേസ് രേഖപ്പെടുത്തിയത്. പക്ഷേ 2014 മാർച്ച് ആകുന്നതുവരെ രോഗവ്യാപനം തിരിച്ചറിഞ്ഞിരുന്നില്ല. 2016 ജൂണിൽ എബോള വ്യാപനത്തിന് അവസാനമായതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എബോള വൈറസ് വ്യാപനം

വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.

പ്രതിരോധ മാർഗങ്ങൾ

രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യരോഗമായതിനാൽതന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.

രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസോലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.

Content Highlights: Ebola cases in DR Congo have crossed 6,000 with the death toll nearing 3,000., The current outbreak involves the fast-spreading Bundibugyo strain with no approved vaccines or treatments