അവഗണിക്കരുത് ആർത്തവകാലത്തെ അമിത രക്തസ്രാവം; സൗജന്യ ചികിത്സ ലഭിക്കും

കോട്ടയ്ക്കൽ: കൗമാരക്കാരായ കുട്ടികളിലും സ്ത്രീകളിലും ആർത്തവകാലത്തുണ്ടാകുന്ന അമിത രക്തസ്രാവം പലതും രക്തസ്രാവവൈകല്യമെന്നു തിരിച്ചറിയാതെ പോകുന്നു. ഈ വൈകല്യങ്ങൾക്കു കാരണമായ പാരമ്പര്യരോഗമാണ് വോൺ വില്ലി ബ്രാൻഡ്. പ്ലേറ്റ്‌ലെറ്റുകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന വൈകല്യങ്ങൾമൂലമുള്ള രോഗങ്ങൾ, ഹീമോഫീലിയ രോഗാവസ്ഥ, രക്തം കട്ടപിടിക്കാനുതകുന്ന പ്രോട്ടീനുകളുടെ അഭാവംമൂലമുണ്ടാകുന്ന രക്തസ്രാവം എന്നിവയും സ്ത്രീകളിൽ അമിത രക്തസ്രാവമുണ്ടാക്കും.
ഇത്തരം പ്രശ്നങ്ങളുള്ള ചിലരിൽ ആദ്യഘട്ട പരിശോധനകളിൽ അസ്വാഭാവികതകളൊന്നും കണ്ടെത്തണമെന്നില്ല. അതിനാൽ തുടർപരിശോധന വേണ്ടവിധം ലഭ്യമാകാതെ പോകുന്നതും രോഗം തിരിച്ചറിയാതെപോകാനുള്ള കാരണമാണ്. അമിത രക്തസ്രാവം തിരിച്ചറിയാതെ പോകുക, തിരിച്ചറിഞ്ഞാലും തുറന്നുപറയാതിരിക്കുക എന്നിവയെല്ലാം അപകടമാണ്. ഈ രോഗാവസ്ഥയെ പാരമ്പര്യം മാത്രമായി കണ്ട് നിസ്സാരവത്കരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും.
വില്ലി ബ്രാൻഡ് ഘടകം
ആർത്തവകാലത്തെ അമിത രക്തസ്രാവം വിളർച്ചയ്ക്കുപുറമേ മറ്റു പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. രക്തം കട്ടപിടിക്കാൻ വേണ്ട പ്രോട്ടീനുകളിൽ പ്രധാനമാണ് വോൺ വില്ലിബ്രാൻഡ് ഫാക്ടർ. ഈ രക്തഘടകത്തിന്റെ അഭാവംമൂലം സ്ത്രീകളിലും പുരുഷൻമാരിലും രക്തസ്രാവമുണ്ടാകുന്നു. രക്തത്തിലെ അഭാവമുള്ള ഘടകത്തിന്റെ തോതനുസരിച്ചാണ് ഓരോരുത്തരിലും രോഗലക്ഷണങ്ങൾ. തൊലിക്കുപുറമെയും പല്ല്, മോണ, മൂക്ക്, വായ് എന്നിവയിൽനിന്നോ മുറിവിൽനിന്നോ ഉള്ളതും ശസ്ത്രക്രിയയ്ക്കുശേഷമുള്ള അമിത രക്തസ്രാവവുമാണ് പ്രധാന ലക്ഷണങ്ങൾ.
സൗജന്യ ചികിത്സ ലഭിക്കും
അമിത രക്തസ്രാവം നിയന്ത്രിക്കാൻ കൗമാരക്കാരിലും സ്ത്രീകളിലും ഹോർമോൺ ചികിത്സയും സങ്കീർണതകൾ നേരിടുന്നതിന് ശസ്ത്രക്രിയാ ചികിത്സയും നിലവിലുണ്ട്. വോൺ വില്ലി ബ്രാൻഡ് ഫാക്ടറടങ്ങിയ ഇമ്യൂണേറ്റ് കുത്തിവെപ്പും നേരിയതോതിലുള്ള രക്തസ്രാവം നിയന്ത്രിക്കുന്നതിന് ട്രാനെക്സാമിക് ഗുളികകളും സൗജന്യമായി ലഭിക്കുന്നുണ്ട്. വോൺ വില്ലി രക്തഘടകത്തിന്റെ അളവ് വളരെ കുറഞ്ഞ് ഗുരുതര രോഗാവസ്ഥയിലാകുന്നവർക്ക് നേരത്തേതന്നെ ചികിത്സ നൽകേണ്ടതുണ്ട്. ഗർഭിണികളിൽ രക്തഘടകത്തിന്റെ അളവ് ആദ്യഘട്ടത്തിലും 34 ആഴ്ചയ്ക്കുശേഷവും പരിശോധിച്ച് ചികിത്സ ലഭ്യമാക്കണം.
സ്ത്രീകൾക്കുവേണം പരിഗണന
രക്തസ്രാവരോഗങ്ങളുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും ചികിത്സ പ്രാപ്യമാക്കുകയാണ് ഈ വർഷത്തെ ഹീമോഫീലിയ ദിന സന്ദേശം. ഇത്തരം രക്തസ്രാവ രോഗങ്ങളെക്കുറിച്ചും ഗുരുതരാവസ്ഥയെക്കുറിച്ചും കൗമാരപ്രായക്കാരിലും സ്ത്രീകളിലും ബോധവത്കരണം നൽകേണ്ടത് അത്യാവശ്യമാണ്. കൃത്യമായ രോഗനിർണയം, ചികിത്സ ലഭ്യമാക്കൽ, അനുബന്ധ വിഭാഗങ്ങളുമായി ചികിത്സ ഏകീകരിക്കൽ എന്നിവയും പ്രധാനമാണ്. ഇത്തരം അപൂർവരോഗങ്ങൾക്കുള്ള പരിശോധനകൾ കൂടുതൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തണം. കൗമാരപ്രായക്കാർക്കുള്ള ക്ലിനിക്കുകളിൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കണം.
സംസ്ഥാനം ഏറെ മുൻപിൽ
ഹീമോഫീലിയ അടക്കമുള്ള രക്തസ്രാവരോഗങ്ങളുടെ ചികിത്സാരംഗത്ത് സംസ്ഥാനം ഏറെ മുൻപിലാണ്. നാഷണൽ ഹെൽത്ത് മിഷന്റെ ആശാധാര പദ്ധതിവഴി അടിയന്തരഘട്ടങ്ങളിൽ നൽകേണ്ട ചികിത്സയ്ക്കുപുറമേ ആഗോളതലത്തിൽ മാനദണ്ഡമായ പ്രതിരോധചികിത്സയ്ക്ക് ഊന്നൽനൽകിക്കൊണ്ടാണ് നടപ്പാക്കുന്നത്. 2021 മുതൽ സംസ്ഥാനത്ത് എമിസിസുമാബെന്ന പുതിയ മോണോക്ലോണൽ ആന്റിബോഡി ചികിത്സയുണ്ട്. കുറഞ്ഞ തവണകളായും തൊലിക്കടിയിൽ നൽകാവുന്നതുമായ വിലയേറിയ ഈ മരുന്നിന്റെ ഉപയോഗം രക്തസ്രാവത്തിന്റെ തോത് ആഗോളലക്ഷ്യമായ 0-3 എന്ന തോതിലേക്കു കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്.
-ഡോ. ഷീല ടി.എ., ആശാധാര പ്രോഗ്രാം സംസ്ഥാന സാങ്കേതികസമിതിയംഗം, എൻഎച്ച്എം ബ്ലഡ് സെൽ (അസോസിയേറ്റ് പ്രൊഫസർ പീഡിയാട്രിക്സ്, ഗവ. മെഡിക്കൽ കോളേജ് എറണാകുളം)
Content Highlights: Do not underestimate excessive bleeding during menstruation