ആന്റി ബയോട്ടിക് ദുരുപയോഗം ആശങ്കാ ജനകം; മുന്നറിയിപ്പുമായി ഐ.സി.എം.ആർ.

#ഡി.അജിത്കുമാർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഭുവനേശ്വർ: ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ അലോപ്പതിമരുന്നുകൾ, പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകൾ, ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്നത് ആശങ്കാജനകമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സംഘമിത്ര പതി. കേരളം, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ മാധ്യമപ്രവർത്തകരുമായി ചൊവ്വാഴ്ച ഭുവനേശ്വറിൽ നടത്തിയ മുഖാമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

കൃത്യമായ രോഗനിർണയമില്ലാതെയും ശരിയായ അളവിൽ അല്ലാതെയും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് രോഗാണുക്കൾ മരുന്നിനെതിരായ പ്രതിരോധശേഷി നേടാൻ ഇടയാക്കും. ഇതോടെ കൂടുതൽ ശക്തമായതോ ഉയർന്ന അളവിലുള്ളതോ ആയ മരുന്നുകൾ ആവശ്യമായി വരുമെന്നും അവർ മുന്നറിയിപ്പുനൽകി.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകരുതെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും ദുരുപയോഗം തുടരുകയാണ്. ഇതിനെതിരേ സ്കൂൾതലം മുതൽ വ്യാപക ബോധവത്കരണം വേണം. കോവിഡ് വാക്സിൻ സ്വീകരിച്ചതിനെത്തുടർന്ന് ഹൃദ്രോഗമരണങ്ങൾ വർധിച്ചെന്ന പ്രചാരണത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും ഡോ. സംഘമിത്ര പറഞ്ഞു.

രാജ്യത്ത് പാമ്പുകടിയേറ്റ് പ്രതിവർഷം ഏകദേശം 58,000 പേർ മരിക്കുന്നുണ്ട്. ഇത് പൂർണമായും ഒഴിവാക്കാൻ ഐ.സി.എം.ആർ., വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കിവരുകയാണ്. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെ ആറ് സ്ഥാപനങ്ങൾ പദ്ധതിയിൽ സഹകരിക്കുന്നു.

പാമ്പുകടിയേറ്റവർക്ക് പ്രതിവിഷം ഉൾപ്പെടെയുള്ള അടിയന്തരമരുന്നുകൾ വേഗം എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.

നാനോ പ്ലാസ്റ്റിക്കിനെക്കുറിച്ച് പഠനം, പൊതുസ്ഥലങ്ങളിലെ വെള്ളവും മറ്റും കുടിക്കുന്നതുവഴി നാനോ പ്ലാസ്റ്റിക് മനുഷ്യശരീരത്തിലെത്തുന്നുണ്ടോ, അത് ആരോഗ്യത്തിന് ഹാനികരമാകുമോ തുടങ്ങിയകാര്യങ്ങൾ അറിയാൻ ഗവേഷണം ആരംഭിക്കും. ഭുവനേശ്വർ കേന്ദ്രത്തിലെ ഡോ. മഹേഷ് ചന്ദ്ര സാഹുവിന്റെ മേൽനോട്ടത്തിലാണിത്. പുണെ, ഭുവനേശ്വർ, ഉജ്ജയിൻ, ഭോപ്പാൽ എന്നിവിടങ്ങളിൽ ഒക്ടോബർ ഒന്നിന് പഠനത്തിന്റെ ആദ്യഘട്ടം ആരംഭിക്കും.

കേരളത്തിൽ നിപ പോലുള്ള രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് പ്രധാനകാരണം സംസ്ഥാനത്തെ ശക്തമായ രോഗനിരീക്ഷണ സംവിധാനമാണെന്നും അവർ പറഞ്ഞു. രോഗങ്ങളുടെ പുതിയ വകഭേദങ്ങൾ ദക്ഷിണാഫ്രിക്കയിൽ കൂടുതലായി കണ്ടെത്തുന്നത് അവിടെയും മികച്ച നിരീക്ഷണ സംവിധാനമുള്ളതിനാലാണെന്നും ഡോ. സംഘമിത്ര ചൂണ്ടിക്കാട്ടി.ആഗോളതലത്തിൽ മനുഷ്യരുടെ സഞ്ചാരവും ഇടപെടലുകളും വർധിക്കുന്ന സാഹചര്യത്തിൽ രോഗങ്ങൾക്ക് അതിരുകളില്ല.

Content Highlights: ICMR warns about rising antibiotic misuse without prescriptions, highlighting the need for awareness to combat resistance and ensure effective treatments.