പാനിക്ക് അറ്റാക്ക്, ക്രോണിക് ഡിപ്രഷൻ; പുറത്തുവരാൻ വേണ്ടിവന്നത് നാലുകൊല്ലം-തുറന്നുപറഞ്ഞ് നടൻ സുധാംശു

സുധാംശു പാണ്ഡേ | Photo: Getty images
സുധാംശു പാണ്ഡേ | Photo: Getty images

കടുത്തവിഷാദത്തില്‍നിന്ന് പുറത്തുവന്നതിനെ കുറിച്ചും ഗുരുതര പാനിക്ക് അറ്റാക്ക് അനുഭവപ്പെട്ടതിനെ കുറിച്ചും തുറന്നുപറഞ്ഞ് നടനും ഗായകനുമായ സുധാംശു പാണ്ഡേ. അനുപമ എന്ന ഹിന്ദി സീരിയലിലെ വന്‍രാജ് വി. ഷാ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനാണ് അദ്ദേഹം. ബ്രൂട്ട് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നേരിട്ട മാനസികാരോഗ്യ പ്രതിസന്ധിയെ കുറിച്ചും അഭിനയജീവിതത്തിന്റെ ആദ്യകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ചും അദ്ദേഹം മനസ്സുതുറന്നത്.

സുഹൃത്തുക്കളോ ജോലിയോ ഒന്നും ഇല്ലാതെയാണ് മുംബൈയിലേക്ക് വന്നത്. വിവാഹിതനായിരുന്നതിനാല്‍ ഭാര്യയെയും ഒപ്പംകൂട്ടിയാണ് വന്നത്. അതുകൊണ്ടുതന്നെ അവളെയും സംരക്ഷിക്കണമായിരുന്നു. പ്രത്യേകിച്ച് ഒരു ജോലിയില്ലാതെ ഈ നഗരത്തിലേക്ക് വന്ന എനിക്ക് അതൊരു ഇരട്ട വെല്ലുവിളിയായിരുന്നു. 2001-ല്‍ എന്റെ മൂത്തമകന്‍ ജനിച്ചു. ആ സമയത്ത് ഞാന്‍ ഒരുപാട് ജോലി ചെയ്തിരുന്നു. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പണം സമ്പാദിക്കേണ്ടത് ഏറെ അത്യാവശ്യമായിരുന്നതിനാല്‍ എന്നിലേക്ക് വന്ന എല്ലാ അവസരങ്ങളും നല്ലതോ ചീത്തയോ മോശമോ എന്ന് നോക്കാതെ സ്വീകരിച്ചു.  സെയ്ഫ് അലി ഖാന്റെ പക്കല്‍നിന്ന് ഒരു വീട് വാങ്ങിയതോടെ ഇ.എം.ഐ. അടയ്‌ക്കേണ്ടി വരുമെന്ന് എനിക്ക് ബോധ്യമായി. അതുകൊണ്ട്  എല്ലാത്തരം സിനിമകളും ചെയ്തു, സുധാംശു പറഞ്ഞു.

2007-ലാണ് സുധാംശുവിന് പെട്ടെന്ന് പാനിക്ക് അറ്റാക്ക് ഉണ്ടാകുന്നത്. ഞാന്‍ ഒരു സുഹൃത്തിനൊപ്പം ഒരു കഫേയില്‍ ഇരിക്കുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കവേ എന്റെ കൈകള്‍ മരവിക്കുകയും പെട്ടെന്ന് ഹൃദയമിടിപ്പില്‍ അസ്വാഭാവികത അനുഭവപ്പെടുകയും ചെയ്തു. ശരിക്കും ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ എന്നെ ക്രോണിക് ഡിപ്രഷനിലേക്ക് തള്ളിവിടുന്നത്ര ഗുരുതരമായിരുന്നു ആ പാനിക് അറ്റാക്ക്. എന്നെ ബാധിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. വിചിത്രമായ ഒരു അനുഭവമായിരുന്നു. അതില്‍നിന്ന് പുറത്തുവരാന്‍ നാലുവര്‍ഷം വേണ്ടിവന്നു, സുധാംശു പറഞ്ഞു. 

Content Highlights: actor sudhanshu pandey on panic attack and chronic depression