‘ആളുകൾ എന്ത് വിചാരിക്കും?’ എന്ന് വിചാരിച്ചിരിക്കരുത്, മാനസികരോഗങ്ങൾക്കും ചികിത്സ വൈകരുത്

മനുഷ്യന്റെ വ്യവഹാരങ്ങൾക്കും ഉപരിപ്ലവമായ വാക്കുകൾക്കുമപ്പുറം, ഉള്ളിൽ മാത്രം അടക്കിവെച്ചിരിക്കുന്ന ചില ജീവിതകഥകളുണ്ട്. ബാഹ്യമായ ചിരിക്ക് പിന്നിൽ ഒളിപ്പിച്ചിരിക്കുന്ന ആഴമേറിയ വേദനകളും മൗനത്തിന്റെ കനത്ത മതിൽക്കെട്ടുകൾക്കുള്ളിൽ മുഴങ്ങുന്ന നിസ്സഹായതയുടെ നിലവിളികളും സാധാരണ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ആരും കാണാതെ പോകുന്ന മനസ്സിന്റെ സങ്കീർണ്ണമായ പോരാട്ടങ്ങളും ഉണ്ടാകാം. ഓരോ വ്യക്തിക്കും പറയാനുള്ള ഇത്തരം അനുഭവങ്ങൾക്കും ജീവിതയാഥാർത്ഥ്യങ്ങൾക്കും സമൂഹം കാതോർക്കുമ്പോഴാണ് യഥാർത്ഥവും സമഗ്രവുമായ മാനസികാരോഗ്യ പരിചരണം ആരംഭിക്കുന്നത്. കേവലമൊരു ശാസ്ത്രീയ സമീപനത്തിനപ്പുറം കാരുണ്യത്തിന്റെ നനവുള്ള കേൾവിയാണ് ഇവിടെ പ്രധാനം.
ആഗോളതലത്തിൽ എല്ലാ വർഷവും ഒക്ടോബർ 10-ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും, ഈ രംഗത്ത് ആവശ്യമായ സാമൂഹിക-നയപരമായ മാറ്റങ്ങൾ കൊണ്ടുവരാനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്. മാനസിക വെല്ലുവിളികൾ എന്നത് ഏതൊരു ശാരീരിക രോഗത്തെയും പോലെ തികച്ചും സാധാരണമാണ്. രോഗബാധിതരായ വ്യക്തികളെ മാറ്റിനിർത്താതെ, അവരോടൊപ്പം പങ്കുചേർന്ന്, അവരെ മനസ്സിലാക്കുക എന്നത് ശാസ്ത്രീയമായ ചികിത്സക്കും, വേഗത്തിലുള്ള സുഖപ്രാപ്തിക്കും, വിജയകരമായ പുനരധിവാസത്തിനും അനിവാര്യമാണ്.
ഈ പശ്ചാത്തലത്തിലാണ്, ‘നേരിട്ടറിഞ്ഞ അനുഭവങ്ങൾ കേൾക്കപ്പെടുന്നു: യഥാർത്ഥ ശബ്ദം, യഥാർത്ഥ മാറ്റം’ (Lived Experiences Heard: Real Voices, Real Change) എന്ന പ്രമേയം 2026-ലെ ലോക മാനസികാരോഗ്യ ദിനത്തിനായി അന്താരാഷ്ട്രതലത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. മാനസികാരോഗ്യ പ്രതിസന്ധികളിലൂടെ നേരിട്ട് കടന്നുപോയ വ്യക്തികളുടെ അനുഭവങ്ങൾക്ക് പ്രഥമ പരിഗണന നൽകേണ്ടതിന്റെയും, അവരുടെ ശബ്ദത്തിന് മാനസികാരോഗ്യ പരിചരണത്തിലും നയപരമായ തീരുമാനങ്ങളിലുമുള്ള അർഹമായ സ്ഥാനം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യമാണ് ഈ പ്രമേയം വിരൽചൂണ്ടുന്നത്.
ഒരു ക്ലിനിക്കിലോ ആശുപത്രിയിലോ നാം പ്രവേശിക്കുമ്പോൾ ആദ്യം തുറക്കപ്പെടുന്നത് മെഡിക്കൽ ഫയലുകളാണ്. അതിൽ ഒരു രോഗനിർണ്ണയം (Diagnosis) ഉണ്ടായിരിക്കാം, മരുന്നുകളുടെ നീണ്ട പട്ടികയുണ്ടാകാം, കൃത്യമായ ഒരു ചികിത്സാ പദ്ധതിയും രേഖപ്പെടുത്തിയിട്ടുണ്ടാകാം. എന്നാൽ, ആ ഫയലിലെ അക്കങ്ങൾക്കും സാങ്കേതിക പദങ്ങൾക്കുമപ്പുറം ,പ്രതീക്ഷകളും സ്വപ്നങ്ങളും അനുഭവങ്ങളുമുള്ള ഒരു മനുഷ്യനുണ്ട് എന്ന യാഥാർത്ഥ്യം പലപ്പോഴും വിസ്മരിക്കപ്പെടാറുണ്ട്. ഒരു വ്യക്തിയെ കേവലം ഒരു രോഗനിർണ്ണയത്തിന്റെയോ മെഡിക്കൽ ലേബലിന്റെയോ ഉള്ളിൽ മാത്രം ഒതുക്കുമ്പോൾ, ആ വ്യക്തിത്വത്തിന്റെ ഏറ്റവും വിലപ്പെട്ട ഭാഗമാണ് നമുക്ക് നഷ്ടമാകുന്നത്—അവരുടെ യഥാർത്ഥ അനുഭവങ്ങൾ. അവൻ എന്താണ് ഉള്ളിൽ അനുഭവിക്കുന്നത്? അവൾക്ക് എന്താണ് ഭയമാകുന്നത്? ചികിത്സാ പ്രക്രിയയിൽ അവർ നേരിടുന്ന യഥാർത്ഥ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്? ഇരുണ്ട ചിന്തകൾക്കിടയിലും അവർക്ക് പ്രതീക്ഷ നൽകുന്നതും അവർ ആഗ്രഹിക്കുന്നതും എന്താണ്? ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ മെഡിക്കൽ പുസ്തകങ്ങളേക്കാൾ യോഗ്യത, ആ അനുഭവങ്ങളിലൂടെ നേരിട്ട് കടന്നുപോയ വ്യക്തിക്ക് തന്നെയാണ്.
കേരളത്തിലെ മാനസികാരോഗ്യ യാഥാർത്ഥ്യങ്ങൾ
സാക്ഷരതയിലും ആരോഗ്യരംഗത്തും മുന്നിലാണെങ്കിലും കേരളത്തിൽ മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. സംസ്ഥാനത്തെ വലിയൊരു ശതമാനം ആളുകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും വിഷാദരോഗം (Depression) അല്ലെങ്കിൽ കടുത്ത ഉത്കണ്ഠ (Anxiety) എന്നിവ അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ ആത്മഹത്യാ നിരക്ക്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം പ്രതിവർഷം പതിനായിരത്തിനടുത്ത് ആളുകളാണ് സംസ്ഥാനത്ത് ജീവിതം അവസാനിപ്പിക്കുന്നത്. കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, കൗമാരക്കാരിലെ പരീക്ഷാ സമ്മർദ്ദങ്ങൾ എന്നിവയാണ് ഇതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന രാസലഹരികളുടെ (Synthetic drugs) ഉപയോഗം ഗുരുതരമായ മാനസികരോഗങ്ങളിലേക്കും ആത്മഹത്യാ പ്രവണതകളിലേക്കും വഴിതെളിക്കുന്നുണ്ട്.
മാനസികാരോഗ്യ സൂചകങ്ങൾ (കേരളം)ഏകദേശനിരക്ക്/ സ്ഥിതിവിവരക്കണക്കുകൾ
പൊതുവായമാനസിക ബുദ്ധിമുട്ടുകൾ-മുതിർന്നവരിൽ 11.36% പേർ (വിഷാദം, ഉത്കണ്ഠ, ലഹരി ഉപയോഗം തുടങ്ങിയവ)
സംസ്ഥാനത്തെആത്മഹത്യാ നിരക്ക്-പ്രതിവർഷം 10,000-ൽ അധികം മരണങ്ങൾ (ദേശീയ ശരാശരിയേക്കാൾ ഇരട്ടി)
ഉത്കണ്ഠയുംസമ്മർദ്ദവും (Neurotic disorders)-ചെറുപ്പക്കാരിൽ (18-29 പ്രായപരിധിയിൽ) 6.25% ഓളം
കൂടുതൽ ബാധിക്കപ്പെടുന്നവർ-പുരുഷന്മാർ (ലഹരി ഉപയോഗം മൂലം), നഗരവാസികൾ, വയോധികർ
അവലംബം: ദേശീയ മാനസികാരോഗ്യ സർവേ (NMHS) & എൻ.സി.ആർ.ബി (NCRB) റിപ്പോർട്ടുകൾ
കേൾക്കുക: പരിചരണത്തിന്റെ ആദ്യ പ്രതിരോധക്കോട്ട
മാനസികാരോഗ്യ മേഖലയിൽ 'കേൾക്കുക' എന്നത് കേവലം ഒരു സാമൂഹിക മര്യാദയല്ല; മറിച്ച് അത് ശാസ്ത്രീയ പരിചരണത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമാണ്. പലപ്പോഴും "നിനക്ക് എന്താണ് സംഭവിച്ചത്?" എന്ന് ചോദിക്കുന്നതിനേക്കാൾ മുൻപ്, "നിനക്ക് ഇപ്പോൾ എങ്ങനെയുണ്ട്?" എന്ന് ചോദിക്കുന്നതിലാണ് യഥാർഥ കാരുണ്യം ഒളിഞ്ഞിരിക്കുന്നത്. ഉപദേശങ്ങൾ നൽകുന്നതിന് മുൻപ് അവരുടെ വാക്കുകൾക്ക് കാതോർക്കുക, വിധിയെഴുതുന്നതിന് മുൻപ് അവരുടെ സാഹചര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുക, പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിന് മുൻപ് അവരുടെ അനുഭവങ്ങളെയും വേദനകളെയും അംഗീകരിക്കുക എന്നതാണ് പ്രധാനം.
ഒരാളുടെ വാക്കുകൾ ക്ഷമയോടെ കേൾക്കുമ്പോൾ നാം അയാളുടെ വേദനയ്ക്ക് ഒരു സാമൂഹിക അംഗീകാരം നൽകുകയാണ് ചെയ്യുന്നത് (Validation of pain). "നിന്റെ അനുഭവങ്ങൾക്കും വികാരങ്ങൾക്കും മൂല്യമുണ്ട്" എന്ന ഉറപ്പാണ് അവിടെ കൈമാറപ്പെടുന്നത്. പെട്ടെന്നുള്ള ഒരു പ്രായോഗിക പരിഹാരം ലഭിച്ചില്ലെങ്കിൽ പോലും, തന്റെ അവസ്ഥയെ മനസ്സിലാക്കാൻ കൂടെയൊരാളുണ്ട് എന്നത് ആ വ്യക്തിക്ക് ആശ്വാസമായിരിക്കും.
ഈ പരിചരണത്തിന്റെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഇടം ആശുപത്രികളല്ല, മറിച്ച് നമ്മുടെ കുടുംബങ്ങളാണ്. മക്കളുടെ പെരുമാറ്റത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ തിരിച്ചറിയുന്ന അമ്മയും, കൗമാരക്കാരനായ മകന്റെയോ മകളുടെയോ അസാധാരണമായ മൗനത്തിന്റെ ആഴം മനസ്സിലാക്കുന്ന അച്ഛനും, നിരാശയിലേക്ക് വീണുപോകുന്ന സുഹൃത്തിന്റെ പിൻവാങ്ങലുകളെ ശ്രദ്ധിക്കുന്ന കൂട്ടുകാരനും, വയോധികരുടെ ഏകാന്തത ഒപ്പിയെടുക്കുന്ന മക്കളും യഥാർത്ഥത്തിൽ മാനസികാരോഗ്യ സംരക്ഷണ ശൃംഖലയിലെ പ്രധാന കണ്ണികളാണ്. ഒരു കുടുംബം വിധിക്കാതെ കേൾക്കുമ്പോൾ, ശാസ്ത്രീയമായ സഹായം തേടാൻ ഒരാൾക്ക് ഇരട്ടി ധൈര്യം ലഭിക്കുന്നു.
എപ്പോഴാണ് ഒരു വ്യക്തിക്ക് നിങ്ങളുടെ 'കേൾവി' ആവശ്യമെന്ന് തിരിച്ചറിയേണ്ടത്?
- ഒരു വ്യക്തിയിൽ താഴെ പറയുന്ന മാറ്റങ്ങൾ പെട്ടെന്ന് കണ്ടുതുടങ്ങിയാൽ അവർ മാനസികമായ ഒരു പോരാട്ടത്തിലൂടെ കടന്നുപോകുകയാണെന്ന് മനസ്സിലാക്കാം:
- പിൻവാങ്ങൽ: സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും പെട്ടെന്ന് ഉൾവലിയുക, ഒന്നിനോടും താല്പര്യമില്ലായ്മ കാട്ടുക.
- ഉറക്കത്തിലും ഭക്ഷണത്തിലുമുള്ള മാറ്റങ്ങൾ: അമിതമായി ഉറങ്ങുകയോ അല്ലെങ്കിൽ കടുത്ത ഉറക്കക്കുറവ് അനുഭവപ്പെടുകയോ ചെയ്യുക. വിശപ്പില്ലായ്മ.
- പെട്ടെന്നുള്ള സ്വഭാവമാറ്റങ്ങൾ: അകാരണമായ ദേഷ്യം, അസ്വസ്ഥത, വിട്ടുമാറാത്ത നിരാശ അല്ലെങ്കിൽ സങ്കടം.
- അമിതമായ മൗനം: എപ്പോഴും ചിരിച്ചുകൊണ്ടിരുന്ന ഒരാൾ പെട്ടെന്ന് കനത്ത മൗനത്തിലേക്ക് ആണ്ടുപോവുക.
- സാമൂഹിക മുദ്രകുത്തലുകൾ തകർക്കാം
- ഒന്നിനോടും താല്പര്യമില്ലായ്മ, വിശപ്പില്ലായ്മ, വിട്ടുമാറാത്ത നിരാശ
ഇന്നും മാനസികാരോഗ്യ മേഖലയിൽ ഏറ്റവും വലിയ വെല്ലുവിളി അതിനെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക മുദ്രകുത്തലുകളാണ് (Stigma). "ആളുകൾ എന്ത് വിചാരിക്കും?", "കുടുംബത്തിന് നാണക്കേടാകുമോ?", "ഇത് പുറത്തറിഞ്ഞാൽ ജോലിയെയോ ഭാവിയെയോ ബാധിക്കുമോ?" ഇത്യാദി ഭയമാണ് പലപ്പോഴും വ്യക്തികളെ യഥാസമയം സഹായം തേടുന്നതിൽ നിന്ന് തടയുന്നത്.
നാം തിരിച്ചറിയേണ്ട പ്രധാന കാര്യം, മാനസികമായ വെല്ലുവിളികൾ ഒരാളുടെ വ്യക്തിത്വ വൈകല്യമല്ല എന്നതാണ്. ശാരീരികമായ രോഗങ്ങൾക്ക് ചികിത്സ തേടുന്നത് പോലെ തന്നെ സ്വാഭാവികമാണ് മാനസികാരോഗ്യത്തിനും പിന്തുണ തേടുക എന്നത്. അതൊരിക്കലും ദൗർബല്യത്തിന്റെ അടയാളമല്ല. മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നത് നാണക്കേടല്ല; മറിച്ച് ,നിശ്ശബ്ദതയാണ് പലപ്പോഴും രോഗാവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കുന്നത്.
മാനസിക വെല്ലുവിളികളെ തടയാൻ: ചില മുൻകരുതലുകളും പ്രതിരോധ മാർഗ്ഗങ്ങളും (Preventive Measures)
മാനസികാരോഗ്യ പ്രശ്നങ്ങൾ വരാതെ നോക്കുന്നതും, പ്രാരംഭ ഘട്ടത്തിൽ തന്നെ അവയെ പ്രതിരോധിക്കുന്നതുമാണ് ഏറ്റവും പ്രധാനം. അതിനായി താഴെ പറയുന്ന കാര്യങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കാം:
- ശാരീരികവും മാനസികവുമായ വ്യായാമം: ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നത് ശരീരത്തിൽ 'എൻഡോർഫിൻ' (Endorphins) പോലുള്ള ഫീൽ-ഗുഡ് ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാൻ സഹായിക്കും. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നു. യോഗ, ധ്യാനം (Meditation) എന്നിവയും മനസ്സിന് ശാന്തത നൽകും.
- ഡിജിറ്റൽ ഡിറ്റോക്സ് (Digital Detox): സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം വ്യക്തികളിൽ ഇൻഫീരിയോരിറ്റി കോംപ്ലക്സ് (കുറച്ചിൽ തോന്നൽ), ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. ഫോൺ ഉപയോഗം പരിമിതപ്പെടുത്തി പ്രകൃതിയോടും പ്രിയപ്പെട്ടവരോടും ഒപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കുക.
- ഗുണനിലവാരമുള്ള ഉറക്കവും ഭക്ഷണവും: മസ്തിഷ്കത്തിന്റെ ശരിയായ പ്രവർത്തനത്തിന് 7-8 മണിക്കൂർ സുഖകരമായ ഉറക്കം അത്യന്താപേക്ഷിതമാണ്. പോഷകഗുണമുള്ള സമീകൃതാഹാരം കഴിക്കുന്നതും ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതും മാനസികാരോഗ്യത്തിന് നല്ലതാണ്.
- ലഹരിപദാർത്ഥങ്ങളിൽ നിന്നുള്ള അകലം: മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും വിഷാദരോഗത്തെയും ഉത്കണ്ഠയെയും പലമടങ്ങ് വർദ്ധിപ്പിക്കും.
- വൈകാരിക സാക്ഷരത (Emotional Literacy): കുട്ടിക്കാലം മുതൽക്കേ സ്വന്തം വികാരങ്ങളെ തിരിച്ചറിയാനും അവയെ ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കാനും കുട്ടികളെ ശീലിപ്പിക്കണം. പരാജയങ്ങളെയും പ്രതിസന്ധികളെയും നേരിടാനുള്ള മാനസികാരോഗ്യം (Resilience) വളർത്തിയെടുക്കുക എന്നത് പ്രധാനമാണ്.
ആരോഗ്യപ്രവർത്തകർ: സഹാനുഭൂതിയുടെ കാവൽക്കാർ
മാനസികാരോഗ്യ സംരക്ഷണത്തിൽ ആരോഗ്യപ്രവർത്തകരുടെ (Healthcare Professionals) ഉത്തരവാദിത്തം കേവലം രോഗം തിരിച്ചറിയുന്നതിലും മരുന്നുകൾ നിർദ്ദേശിക്കുന്നതിലും മാത്രം അവസാനിക്കുന്നില്ല. ഒരു രോഗിയുടെ ഏറ്റവും അടുത്ത പരിചരണ പങ്കാളികളാണ് അവർ. ഒരു വ്യക്തിയുടെ വാക്കുകൾക്കപ്പുറമുള്ള, ആശയവിനിമയങ്ങൾ—മുഖഭാവം, നിശ്ശബ്ദത, ഉള്ളിലെ ഭയം, അസ്വസ്ഥത, ചെറിയ പ്രതീക്ഷകൾ ഇവയൊക്കെ തിരിച്ചറിയാൻ പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകർക്ക് സാധിക്കുന്നു.
ആരോഗ്യപ്രവർത്തകരുടെ ക്ഷമയോടെയുള്ള കേൾവിയും സഹാനുഭൂതിയോടെയുള്ള സംഭാഷണവുംഅവർ ഒരുക്കുന്ന സുരക്ഷിതമായ അന്തരീക്ഷംവുമെല്ലാം മാനസികാരോഗ്യ പരിചരണത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. രോഗിയെ പരിചരിക്കുക എന്നാൽ രോഗത്തെ മാത്രം ചികിത്സിക്കുക എന്നല്ല; അതിലുപരി, രോഗത്തിന്റെ നടുവിലും ആ വ്യക്തിയുടെ വ്യക്തിത്വത്തെ കാണുക എന്നതാണ്.
‘അവർക്കായി’ എന്നതിൽ നിന്ന് ‘അവരോടൊപ്പം’
പരമ്പരാഗതമായി മാനസികാരോഗ്യ സേവനങ്ങൾ രൂപകൽപ്പന ചെയ്യുന്നത് രോഗികൾക്ക് 'വേണ്ടിയാണ്'. എന്നാൽ നാം ഒരു ചുവടുകൂടി മുന്നോട്ട് ചിന്തിക്കേണ്ടതുണ്ട്. ‘അവർക്കായി തീരുമാനിക്കുക’ എന്നതിൽ നിന്ന് ‘അവരോടൊപ്പം തീരുമാനിക്കുക’ എന്ന നയത്തിലേക്ക് മാറ്റം വരേണ്ടതുണ്ട്. ചികിത്സ സ്വീകരിക്കുന്ന വ്യക്തിയുടെ അഭിപ്രായങ്ങൾക്ക് മുൻതൂക്കം നൽകുകയും, വ്യക്തിയുടെ ജീവിതസാഹചര്യങ്ങളെയും ആശങ്കകളെയും ചികിത്സാ പദ്ധതിയുടെ ഭാഗമാക്കുകയും വേണം. ഇത്തരമൊരു പങ്കാളിത്ത സ്വഭാവമുള്ള സമീപനം (Shared Decision Making) മാനസികാരോഗ്യ പരിചരണത്തിൽ വ്യക്തിയുടെ സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പുകളിലുള്ള അവകാശവും കൂടുതൽ ശക്തിപ്പെടുത്തും.
കേൾക്കുന്ന സമൂഹത്തിലേക്ക്
മാനസികാരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ സംഭാഷണങ്ങൾ ഇനി കേവലം രോഗലക്ഷണങ്ങളെക്കുറിച്ചോ ചികിത്സാരീതികളെക്കുറിച്ചോ മാത്രം ആകരുത്. ഈ ലോക മാനസികാരോഗ്യ ദിനം ഒരു ദിനാചരണം മാത്രമാകരുത്; അത് നമ്മുടെ സമീപനത്തിൽ ഒരു വലിയ മാറ്റത്തിനുള്ള അവസരമാകണം.
- നമുക്ക് കൂടുതൽ ചോദിക്കാം — കുറച്ച് വിധിക്കാം.
- കൂടുതൽ കേൾക്കാം — കുറച്ച് ഉപദേശിക്കാം.
- കൂടുതൽ മനസ്സിലാക്കാം — കുറച്ച് മുദ്രകുത്താം.
- കൂടുതൽ ഉൾക്കൊള്ളാം — കുറച്ച് അകറ്റിനിർത്താം.
ഓരോ മനസ്സിനും ഒരു കഥയുണ്ട്. ഓരോ അനുഭവത്തിനും ഒരു ശബ്ദമുണ്ട്. ആ ശബ്ദം കേൾക്കപ്പെടുമ്പോൾ അവിടെ നിന്നാണ് യഥാർത്ഥ മാറ്റം ആരംഭിക്കുന്നത്. ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തിൽ, നമുക്ക് മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു സമൂഹം മാത്രമല്ല, മനസ്സിനെ കേൾക്കുന്ന, അനുഭവങ്ങളെ അംഗീകരിക്കുന്ന, ശബ്ദങ്ങൾക്ക് ഇടം നൽകുന്ന ഒരു നല്ല 'കേൾക്കുന്ന സമൂഹമായി' മാറാം. അതിലൂടെ യഥാർത്ഥ മാറ്റത്തിന് വഴിയൊരുക്കാം.
ഓർക്കുക, നിങ്ങൾ ഒറ്റയ്ക്കല്ല! സഹായത്തിന് ബന്ധപ്പെടാം:
മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ ആരോടെങ്കിലും തുറന്നു സംസാരിക്കാൻ മടിക്കരുത്. സൗജന്യവും രഹസ്യസ്വഭാവം സൂക്ഷിക്കുന്നതുമായ ഔദ്യോഗിക സഹായ സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്:
ടെലി-മാനസ് (Tele-MANAS): 14416 അല്ലെങ്കിൽ 1800-891-4416 (24 മണിക്കൂറും ലഭ്യമായ കേന്ദ്ര-സംസ്ഥാന കൗൺസിലിംഗ് സർവീസ്)
ദിശ (DISHA ഹെൽപ്പ്‌ലൈൻ): 1056 അല്ലെങ്കിൽ 0471-2552056
നിങ്ങളുടെ അടുത്തുള്ള താലൂക്ക്/ജില്ലാ ആശുപത്രികളിലെ 'മാനസികാരോഗ്യ പദ്ധതി' (DMHP) ക്ലിനിക്കുകൾ സന്ദർശിക്കുക.
(കോട്ടയം സർക്കാർ നഴ്സിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക.)
Content Highlights: World mental health day highlights the importance of addressing depression and anxiety, aiming for societal and policy changes to improve mental health care.