ഏവര്‍ക്കും പ്രിയപ്പെട്ട ഗൈനക്കോളജിസ്റ്റ്, അഗാധ പാണ്ഡിത്യം; ഓര്‍മ്മകളില്‍ ഭദ്രന്‍ ഡോക്ടര്‍

#ഡോ. മുരളീധരന്‍ എ. കെ
1. കോഴിക്കോട് മെഡിക്കല്‍ കോളേജ് 2. ഡോ. ഭദ്രന്‍
1. കോഴിക്കോട് മെഡിക്കല്‍ കോളേജ് 2. ഡോ. ഭദ്രന്‍

മെഡിക്കല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എണ്ണമറ്റ അധ്യാപകരെ നിരന്തരം കാണാനിടയാകും. ചിലര്‍ കുറച്ചു മണിക്കൂറുകള്‍ മാത്രം വിദ്യാര്‍ഥികളുമായി ഇടപെട്ടു പോകുന്നവരായിരിക്കും. മറ്റുചിലര്‍ കൂടുതല്‍ കാലയളവില്‍ തിയറി ക്ലാസിലും ക്ലിനിക്കല്‍ പോസ്റ്റിംഗുകളിലും പഠിപ്പിക്കാനുണ്ടാവും. അതില്‍ തന്നെ വിദ്യാര്‍ഥികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയവര്‍ വളരെ കുറവായിരിക്കും.

സീനിയര്‍ ഡോക്ടര്‍മാര്‍ക്കുള്ള പ്രാക്ടീസ് തിരക്ക്, രോഗികളുടെ ബാഹുല്യം, ഓരോ ബാച്ചിലുമുള്ള മെഡിക്കല്‍  വിദ്യാര്‍ഥികളുടെ കൂടിയ അംഗസംഖ്യ ഇതൊക്കെ ആവാം അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം ഉപരിപ്ലവമായി പോകുന്നതിനു കാരണം. ചില അധ്യാപകരെങ്കിലും നമ്മളെ പേടിപ്പിക്കുന്നവരും മാനസികമായി പീഡിപ്പിക്കുന്നവരുമാകും. അവിടെയാണ് ഗൈനക്കോളജിയിലെ പ്രൊഫസറായിരുന്ന ഡോ. ഭദ്രന്‍ വ്യത്യസ്തനായി നില്‍ക്കുന്നത്.

ഒരിക്കലും ഒരു വിദ്യാര്‍ഥിയെയും അദ്ദേഹം വഴക്കു പറയുന്നത് കണ്ടിട്ടില്ല. കുട്ടികള്‍ അല്ലെങ്കില്‍ തന്നെ പരീക്ഷയുടെയും ക്ലിനിക്കല്‍ പോസ്റ്റിംഗുകളുടെയുമൊക്കെ മാനസിക ശാരീരിക സംഘര്‍ഷങ്ങളിലായിരിക്കുമെന്ന് മനസിലാക്കി പ്രവര്‍ത്തിച്ചൊരു അധ്യാപകനായിരുന്നു അദ്ദേഹം. മെഡിക്കല്‍ പരീക്ഷയില്‍ ഏറ്റവും കഠിനമായി മാറാറുള്ളത് പ്രാക്ടിക്കല്‍ പരീക്ഷയും വൈവയുമായിരിക്കും. പേടിച്ചു വിറച്ചു ചെന്നാല്‍ അറിയുന്ന ചോദ്യങ്ങളുടെ ഉത്തരം പോലും പറയാന്‍ പറ്റാതെയാവും. നാലു പരീക്ഷകര്‍ ഒരുമിച്ചിരുന്ന് ചോദ്യം ചോദിക്കുമ്പോള്‍ ഏകനായി അത് നേരിടേണ്ടി വരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മാനസിക സംഘര്‍ഷം പറഞ്ഞറിയിക്കാവുന്നതല്ല. ചില എക്‌സാമിനേഴ്‌സ് ചൊറിയാനും കളിയാക്കാനും കൂടി തുടങ്ങിയാല്‍ പറയുകയേ വേണ്ട. ഭദ്രന്‍ സാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ഥി തെറ്റായി ഉത്തരം നല്‍കിയാല്‍ പോലും  അവരെ കളിയാക്കുകയോ ചീത്ത പറയുകയോ ചെയ്യാറില്ല. പകരം അദ്ദേഹം പറയും. ''കുട്ടി പറഞ്ഞ ഉത്തരത്തിനുള്ള എന്റെ ചോദ്യം തെറ്റിപ്പോയി.' എന്നിട്ടദ്ദേഹം നമ്മള്‍ പറഞ്ഞ ഉത്തരത്തിനുള്ള ചോദ്യം പറയും. അതോടെ എവിടെയാണ് തനിക്ക് തെറ്റു പറ്റിയതെന്ന് വിദ്യാര്‍ഥിക്കും മനസ്സിലാകും.

കോഴിക്കോട് ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറന്നു വീണത് അദ്ദേഹത്തിന്റെ കൈയിലൂടെയാവും. അത്രയധികം അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും പ്രിയപ്പെട്ട ഗൈനക്കോളജിസ്റ്റായിരുന്നു ഭദ്രന്‍ ഡോക്ടര്‍. ലളിതമായ ജീവിതവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ ഏറ്റവും പ്രിയങ്കരനാക്കി. ഒരു കുടുംബത്തിലെ രണ്ടോ മൂന്നോ തലമുറയുടെ പ്രസവം കൈകാര്യം ചെയ്തത് അദ്ദേഹമായിരിക്കും. എന്റെ ഭാര്യ ജീനയ്ക്ക് സിസേറിയന്‍ ചെയ്തതും ഭദ്രന്‍ ഡോക്ടറായിരുന്നു. മെഡിക്കോ ലീഗല്‍ സംബന്ധിയായ തര്‍ക്കമുണ്ടാകുമ്പോള്‍ പലപ്പോഴും എക്‌സ്‌പേര്‍ട്ട് ഒപ്പിനീയന്‍ ഭദ്രന്‍ സാറിന്റെയായിരുന്നു. അത്രത്തോളം ഏവര്‍ക്കും സ്വീകാര്യമായ പാണ്ഡിത്യവും സ്വീകാര്യതയും അദ്ദേഹത്തിനുണ്ടായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായിരിക്കുമ്പോഴുള്ള ഗൈനക്കോളജി കാലത്തെ ഒരു വിഷു അനുഭവം ഞാനെന്റെ പുതിയ പുസ്തകമായ നമുക്കിടയില്‍ എന്നതിലെഴുതിയിരുന്നു.അതിലെ പ്രസക്ത ഭാഗം.

'മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയതോടെ ഏപ്രില്‍ മാസമൊക്കെ മിക്കവാറും പരീക്ഷയുടെ തിരക്കിലമരും. തിയറിയും പ്രാക്ടിക്കലുമൊക്കെ പൊളളുന്ന വേനലിനെക്കൂടി തീപിടിപ്പിക്കുന്നവയാണ്. അതിനിടയില്‍ വിഷു കലണ്ടറിലെ ചുവന്ന അക്ഷരം മാത്രമാകുന്നു. പരീക്ഷകള്‍ പാസായി സ്റ്റെതസ്‌കോപ്പ് അധികാരപൂര്‍വ്വം കഴുത്തിലിടുകയും അത്രയും കാലം മെഡിക്കല്‍ വിദ്യാര്‍ഥിയുടെ അടയാളമായിരുന്ന വെള്ള ഓവര്‍കോട്ട് മൂലയ്ക്കുപേക്ഷിച്ച് കുട്ടി ഡോക്ടര്‍മാരായി വിലസുന്ന കാലമാണ് ഹൗസ് സര്‍ജന്‍സി പിരിയഡ്. മിക്ക പോസ്റ്റിംഗ് സമയത്തും പിടിപ്പതു പണിയുണ്ടാകും. തുടര്‍ച്ചയായി രാവും പകലും ഡ്യൂട്ടി കിട്ടി ഉദയാസ്തമയങ്ങള്‍ തിരിച്ചറിയാതെ പണിയെടുത്തു കൊണ്ടിരുന്ന ഗൈനക്കോളജി ലേബര്‍ റൂമിലാണ് അപ്രാവശ്യത്തെ വിഷുവിന് എന്റെ പോസ്റ്റിംഗ് . ഒരുപാട് പേരുകേട്ട ഡോക്ടര്‍മാരുള്ള ഗൈനക്കോളജി ഡിപാര്‍ട്ട്‌മെന്റ് ഡോ.ഭദ്രന്‍ സാറിന്റെ നേതൃത്ത്വത്തില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭിണികളും അല്ലാത്തവരുമായി വരുന്ന സ്ത്രീകളുടെ അഭയ കേന്ദ്രമായിരുന്നു. വിഷുത്തലേന്ന്  ഇടതടവില്ലാതെ വന്നു കൊണ്ടിരുന്ന ഗര്‍ഭിണികള്‍ പ്രസവിച്ചു കൊണ്ടേയിരുന്നു. ഞാന്‍ തന്നെ ഒരു ഡസനിലധികം നവജാത ശിശുക്കള്‍ക്ക്  ഈ ഭൂമിയിലേക്ക് സ്വാഗതമോതി.

പ്രസവം സുഗമമാക്കാന്‍ അമ്മയിലിടുന്ന എപ്പിസോട്ടമി മുറിവ് തുന്നിക്കൂട്ടുന്ന പണിയാണ് പ്രധാനമായും ഹൗസ് സര്‍ജന് ചെയ്യാനുള്ളത്. പ്രാഥമിക വിവരങ്ങളൊക്കെ കേസ് ഷീറ്റിലെഴുതേണ്ടുന്ന ജോലിയ്ക്കു പുറമെ പി.ജി. വിദ്യാര്‍ഥികള്‍ പറയുന്ന  രോഗികളുടെ പരിശോധനയ്ക്കുള്ള രക്ത സാമ്പിളുകള്‍ വലിച്ചെടുക്കണം. കൂട്ടത്തില്‍ ഇടയ്ക്കിടെ രോഗികളുടെ പള്‍സും ബിപിയും നോക്കി ചാര്‍ട്ടു ചെയ്യാനുമുണ്ടാകും.ആളില്ലാത്തതു കൊണ്ട് തുടര്‍ച്ചയായ ഡ്യൂട്ടിയാണുള്ളത്. രാത്രി നല്ല തിരക്കായതുകൊണ്ട് വാര്‍ഡിലെ സൈഡ് റൂമില്‍ തന്നെ പല്ലുതേപ്പും കുളിയും പേരിനു വരുത്തി പുറത്തിറങ്ങുമ്പോള്‍ ഭദ്രന്‍സാറും സംഘവും റൗണ്ട്‌സിനെത്തിയിട്ടുണ്ടായിരുന്നു. അവിടെ ചോദ്യങ്ങള്‍ മുഴുവന്‍ പി.ജി വിദ്യാര്‍ഥികളോടായിരിക്കും. ഹൗസ് സര്‍ജന്‍ മര്യാദയുള്ളവനാണെങ്കില്‍ കേസ് ഷീറ്റില്‍ പരിശോധന റിപ്പോര്‍ട്ടുകളൊക്കെ കൃത്യമായുണ്ടാവും. സാറ് ദേഷ്യപ്പെടില്ലെങ്കിലും അതിനു താഴെയുള്ള ഡോക്ടര്‍മാര്‍ ആ പങ്കുകൂടെ ചേര്‍ത്ത് ജൂനിയര്‍ ഡോക്ടര്‍മാരെ ചൊറിയാന്‍ വരും. ഇതൊരു പാസിംഗ് ദ പാഴ്‌സല്‍ ഗെയിം പോലെ താഴെ വരെ ഈ ചൊറിച്ചില്‍ എന്ന ഈ വഴക്കു പറച്ചില്‍ കൈ മാറിപ്പോകും. അന്ന് റൗണ്ട്‌സ് കഴിയാന്‍ വൈകി. ശേഷം യൂണിറ്റിലെ എല്ലാവര്‍ക്കും സാറിന്റെ വക കാപ്പിയും പഴം പൊരിയും  നല്‍കി.

രാവിലെ മുതലെ ഒന്നും കഴിക്കാത്തതു കൊണ്ട് ഈ ലഘുഭക്ഷണം എനിക്കൊരനുഗ്രഹമായി. കഴിച്ചുകൊണ്ടിരിക്കെ ഇന്ന് വിഷുവാണെന്ന കാര്യം ഞാന്‍ സാറിനെയോര്‍മ്മിപ്പിച്ചു. നാട്ടിലാണെങ്കില്‍ നല്ല വിഷു സദ്യ തന്നെ കഴിക്കാമായിരുന്നു എന്ന് കൂടെ ഞാന്‍ പറഞ്ഞതോടെ പി.ജി വിദ്യാര്‍ഥികള്‍ പേടിച്ചരണ്ട്  നോക്കുന്നുണ്ടായിരുന്നു. അവരുടെ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റിനോടല്ലേ ഞാന്‍ കൂസലില്ലാതെ സംസാരിച്ചത്. കാപ്പി കുടി കഴിഞ്ഞു പോയ ഭദ്രന്‍സാര്‍ എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിക്കുന്നുണ്ടെന്ന് അറ്റന്‍ഡര്‍ വന്നു പറഞ്ഞു. അവിടെയുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരെല്ലാം വയറു നിറച്ച് വഴക്കു വാങ്ങാന്‍ പോകുന്ന എന്നെ സഹതാപത്തോടെ നോക്കി യാത്രയാക്കി. സാറിന്റെ മുറിയില്‍ കയറിയ എന്നോടായി അദ്ദേഹം പറഞ്ഞു. ''ഇന്ന് വിഷുവാണെന്ന കാര്യം ഞാനോര്‍ത്തില്ല. ഡോക്ടര്‍മാര്‍ക്കെവിടെയാ വിഷുവും ഓണവും. ഡ്യൂട്ടി തന്നെ ആഘോഷങ്ങള്‍. സദ്യ തരാന്‍ പറ്റിയില്ലെങ്കിലും വിഷു കൈനീട്ടം പിടിച്ചോ'' - അദ്ദേഹം പോക്കറ്റില്‍ നിന്ന് അഞ്ചു രൂപ നോട്ട് എടുത്ത് എന്റെ കൈയ്യില്‍ വെച്ചു തന്നു. കൂടെ ബാക്കി എല്ലാ ഡോക്ടേഴ്‌സിനോടും  കൈനീട്ടം വാങ്ങാന്‍ വരാനും  സാറ് പറഞ്ഞു.

ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഈ വിഷു കൈനീട്ടം മെഡിക്കല്‍ കോളേജിലെ തീക്ഷ്ണ രൂക്ഷാനുഭവങ്ങള്‍ക്കിടയിലെ സ്‌നിഗ്ദ്ധ സാമീപ്യമായി മനസില്‍ ബാക്കിയാണ് .' പുസ്തകത്തിലെ ഈ ഭാഗം ഭദ്രന്‍ സാറിന് ഈയടുത്ത് വായിച്ചു കേള്‍പ്പിച്ചപ്പോഴുളള അദേഹത്തിന്റെ നിഷ്‌കളങ്കമായ പൊട്ടിച്ചിരി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.
 

Content Highlights: Dr. Bhadran, a renowned gynecologist from Kozhikode, remembered for his kindness, teaching style