മരുന്നിനേക്കാൾ പ്രധാനം ആരോഗ്യകരമായ ജീവിതശൈലി; ഫാറ്റിലിവർ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്,ശ്രദ്ധിക്കേണ്ടത്

പലപ്പോഴും ലക്ഷണങ്ങൾ നിസ്സാരമാക്കുന്നതിലൂടെ വഷളാവുന്ന രോഗങ്ങളിലൊന്നാണ് ഫാറ്റിലിവർ. ലക്ഷണങ്ങൾ പലതും ശ്രദ്ധിക്കാതിരിക്കുന്നതുകൊണ്ടുതന്നെ നിശബ്ദം വളരുകയും ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്യും. അമിതവണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലുമൊക്കെ ഫാറ്റിലിവർ സ്ഥിരീകരിക്കുന്നതിന്റെ തോത് കൂടുതലാണിപ്പോൾ. മാറിയ ജീവിതശൈലിയും ഭക്ഷണരീതികളും വ്യായാമക്കുറവുമൊക്കെയാണ് ഫാറ്റിലിവർ വ്യാപകമാവാൻ കാരണം.
കാരണങ്ങൾ പലത്
കരളിലെ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് പല കാരണങ്ങളുണ്ട്. ഫാറ്റിലിവറിന്റെ ചികിത്സയിലും പ്രതിരോധത്തിലും ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങളാണ് പ്രധാനം. അമിതവണ്ണം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ നില, മെറ്റബോളിക് സിൻഡ്രോം, സ്റ്റിറോയ്ഡ് ഉപയോഗം തുടങ്ങിയവയൊക്കെ ഫാറ്റിലിവറിന് കാരണമാകും.
ബാരിയാട്രിക് സർജറിയിലൂടെയും മറ്റും പെട്ടെന്ന് ശരീരഭാരം കുറയുന്നതും ഫാറ്റിലിവറുണ്ടാക്കാം. മദ്യപരിൽ കണ്ടുവരുന്ന ഫാറ്റിലിവറിനെ ആൽക്കഹോളിക് ഫാറ്റിലിവറെന്നും മദ്യപിക്കാത്തവരിൽ കണ്ടുവരുന്ന ഫാറ്റിലിവറിനെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ എന്നും പറയുന്നു. നമ്മുടെ വൻകുടലിൽ കണ്ടുവരുന്ന സൗഹൃദ ബാക്ടീരിയകളിലുണ്ടാകുന്ന മാറ്റങ്ങൾ പലതരത്തിലുള്ള വിഷപദാർഥങ്ങളുടെ ഉത്പാദനത്തിനും (ടോക്‌സിനുകൾ) അവ കരളിലെത്തുന്നതിനും ഫാറ്റിലിവറിനും കാരണമാകാം.
ലക്ഷണങ്ങൾ
സാധാരണഗതിയിൽ പ്രാരംഭദശയിൽ ഫാറ്റിലിവർ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. യാദൃച്ഛികമായി നടത്തുന്ന അൾട്രാസൗണ്ട് സ്‌കാനിങ്ങിലായിരിക്കും ഫാറ്റിലിവർ കണ്ടെത്തുന്നത്. എന്നാൽ ചിലരിൽ വയറിന്റെ വലതുഭാഗത്ത് മുകളിലായി ഭാരംപോലെ തോന്നുക, വയറുവേദന, വിശപ്പില്ലായ്മ തുടങ്ങിയവ പ്രകടമാക്കാം. അമിതമായ ക്ഷീണം, കണ്ണിലും ചർമത്തിലും മഞ്ഞനിറം, ഭാരം കുറയൽ.
മൂന്നുഘട്ടം
മൂന്നുഘട്ടങ്ങളിലായാണ് ഫാറ്റിലിവർ പുരോഗമിക്കുന്നത്. കരളിൽ കൊഴുപ്പടിയുന്നതോടൊപ്പം കരൾ കോശങ്ങൾക്ക് നീർവീക്കം ഉണ്ടാകുന്ന അവസ്ഥയാണ് രണ്ടാംഘട്ടമായ ഹെപ്പറ്റൈറ്റിസ്. ഈ ഘട്ടത്തിൽ വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. കരൾകോശങ്ങൾ വ്യാപകമായി നശിക്കുന്ന സിറോസിസ് ആണ് മൂന്നാംഘട്ടം. ഭക്ഷണത്തിലും വ്യായാമത്തിലും, പ്രമേഹമുള്ളവർ പ്രമേഹനിയന്ത്രണത്തിലും, ശരീരഭാരം കുറയ്ക്കുന്നതിലും ശ്രദ്ധിച്ചാൽ ഫാറ്റിലിവർ പുരോഗമിക്കുന്നത് തടയാം.
ജീവിതശൈലി പ്രധാനം
മരുന്നിനേക്കാൾ ആരോഗ്യകരമായ ജീവിതശൈലിയാണ് ഫാറ്റിലിവറിന്റെ ചികിത്സയിൽ പ്രധാനം. പഴങ്ങളും പച്ചക്കറികളും പഴവർഗങ്ങളുമൊക്കെ ധാരാളമടങ്ങിയ മെഡിറ്ററേനിയൻ ഡയറ്റ് നല്ലതാണ്. വ്യായാമം ചെയ്ത് ശരീരഭാരവും നിയന്ത്രിക്കണം. പ്രമേഹം, അമിത കൊളസ്‌ട്രോൾ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ അടിസ്ഥാന പ്രശ്നങ്ങൾ നിയന്ത്രിക്കണം. മദ്യപാനംമൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റിലിവറിന്റെ ചികിത്സയ്ക്ക് പ്രധാനം മദ്യപാനം ഒഴിവാക്കുക എന്നതുതന്നെ.
പരിശോധന പ്രധാനം
ഫാറ്റിലിവർ ഉണ്ടായിട്ടുള്ളവർ കൃത്യമായ ഇടവേളകളിൽ ലിവർ ഫങ്ഷൻ ടെസ്റ്റുകൾ, അൾട്രാസൗണ്ട് സ്‌കാനിങ് തുടങ്ങിയ പരിശോധനകൾ നടത്തി കരളിന്റെ പ്രവർത്തനവും ഘടനയും വിലയിരുത്തണം. നിശ്ചിത ഇടവേളകളിൽ ഡോക്ടറുടെ നിർദേശവും തേടണം. കോശങ്ങൾക്കുണ്ടാകുന്ന നാശം കൃത്യമായി മനസ്സിലാക്കാൻ ലിവർ ബയോപ്‌സി അപൂർവം അവസരങ്ങളിൽ വേണ്ടിവന്നേക്കാം
പ്രതിരോധം
ഫാറ്റി ലിവർ തടയാൻ ജീവിതശൈലി മാറേണ്ടതുണ്ട്. ആരോഗ്യകരവും സമീകൃതവുമായ ആഹാരരീതി പിന്തുടരുക. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, മധുരം, ബേക്കറി പലഹാരങ്ങൾ, കൃത്രിമ ശീതളപാനീയങ്ങൾ, അമിതമായി സംസ്കരിച്ച് നാരുകൾ നീക്കിയവ, ബീഫ്, മട്ടൺ മുതലായ ചുവന്ന മാംസം, വനസ്പതി പോലുള്ള ട്രാൻസ്‍ഫാറ്റ് എന്നിവ ഒഴിവാക്കുക. പഴങ്ങൾ, പച്ചക്കറികൾ, നാരുകളടങ്ങിയ മുഴുധാന്യങ്ങൾ, പയറുവർഗങ്ങൾ, പഴവർഗങ്ങൾ, നട്സ്, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അമിതവണ്ണമുള്ളവർ ശരീരഭാരം ക്രമീകരിക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക. മദ്യപാനം ഒഴിവാക്കുക. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവ കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കുക.
Content Highlights: Fatty liver disease progresses through three stages. Recognize symptoms like abdominal pain and fatigue to prevent severe liver damage.