വണ്ണം കുറയ്ക്കാൻ ഒരുങ്ങുകയാണോ? നൃത്തം ചെയ്താൽ മതിയെന്ന് ഗവേഷകർ

വണ്ണംകുറയ്ക്കാൻ പലവഴികൾ തേടുന്നവരുണ്ട്. വ്യായാമവും ഡയറ്റിങ്ങുമൊന്നും ചെയ്തിട്ടും വണ്ണംകുറയുന്നില്ലല്ലോ എന്നുപരാതിപ്പെടുന്നവരുമുണ്ട്. ചിട്ടയില്ലാത്ത ജീവിതശൈലിയാവാം അതിനുപിന്നിൽ. വണ്ണംകുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വീകരിക്കാവുന്നൊരു മാർഗത്തേക്കുറിച്ചുള്ള പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മറ്റൊന്നുമല്ല നൃത്തത്തിലൂടെ ഫലപ്രദമായി വണ്ണംകുറയ്ക്കാമെന്നതാണത്.
നൃത്തം വെറുമൊരു ഹോബി മാത്രമാക്കേണ്ടെന്നും വണ്ണംകുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച മാർഗമാണെന്നുമാണ് പഠനത്തിൽ പറയുന്നത്. PLOS ONE എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൃത്തം ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും നൃത്തത്തിന് വലിയ പങ്കുണ്ടെന്ന് ഗവേഷകർ പറയുന്നു.
ചൈനയിലെ ഹൂനാൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. നൃത്തം ചെയ്യുന്ന അമിതവണ്ണവും പൊണ്ണത്തടിയുമുള്ളവരിൽ മാനസികാരോഗ്യത്തിനൊപ്പം സാമൂഹികജീവിതവും മെച്ചപ്പെടും. വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് നൃത്തം ചെയ്യുന്നവരിൽ രക്തസമ്മർദത്തിന്റെ നില നിയന്ത്രണവിധേയമാവുകയും ഫിറ്റ്നസ് നിലനിർത്താൻ കഴിയുകയും വൈജ്ഞാനികപ്രവർത്തനങ്ങൾ മെച്ചപ്പെടുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.
നാൽപ്പത്തിയഞ്ചു വയസ്സിനു താഴെയുള്ള പ്രായക്കാരിലാണ് നൃത്തം വണ്ണംകുറയ്ക്കാൻ കൂടുതൽ സഹായിക്കുക എന്നും പഠനത്തിലുണ്ട്. നൃത്തത്തിന്റെ പലവിഭാഗങ്ങൾ എങ്ങനെയാണ് വണ്ണംകുറയ്ക്കുന്നതിൽ ഗുണംചെയ്യുന്നതെന്നും പഠനത്തിലുണ്ട്. പരമ്പരാഗത നൃത്തങ്ങളെ അപേക്ഷിച്ച് സുംബ പോലുള്ളവയാണ് കൂടുതൽ സഹായിക്കുക എന്നാണ് പഠനത്തിൽ പറയുന്നത്.
അതേസമയം വ്യയാമം അതെത്രതന്നെ ചെറുതായാലും ആരോഗ്യത്തിന് ഗുണകരമേ ആവുകയുള്ളൂവെന്നും ഗവേഷകർ പറയുന്നുണ്ട്. സ്ഥിരത നിലനിർത്തുക എന്നതാണ് പ്രധാനം. ഇഷ്ടമുള്ള വ്യായാമമാകുമ്പോൾ ചെയ്യാനുള്ള താൽപര്യവും കൂടും. അതിനാൽ നൃത്തത്തോട് താൽപര്യമുള്ളവർക്ക് അത് തിരഞ്ഞെടുക്കുന്നത് ഏറെഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ വാദം.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ
1 സ്നാക്സ് ഹെൽത്തിയാക്കാം
മിക്കയാളുകളും ഇടയ്ക്കിടെയുള്ള വിശപ്പകറ്റാൻ സ്നാക്സുകളിൽ അഭയം തേടുന്നവരാണ്. അവപലതും ബേക്കറി ഉത്പന്നങ്ങളുമായിരിക്കും. എരിവും പുളിയും മധുരവുമൊക്കെ നിറഞ്ഞ ഇവവീണ്ടും വണ്ണംവെക്കാൻ ഇടയാക്കുകയും ചെയ്യും. സ്നാക്സ് കഴിക്കണം എന്നുതോന്നുന്ന സമയങ്ങളിൽ ഹെൽത്തിയായവയ്ക്ക് പ്രാധാന്യം നൽകാം. കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഫൈബറും നല്ലകൊഴുപ്പുമൊക്കെ അടങ്ങിയ സ്നാക്സുകൾ പകരംകഴിക്കാം. നട്സും പച്ചക്കറി സാലഡും പഴങ്ങളുമൊക്കെ പകരം കഴിക്കാം. ഇവ വയറുനിറഞ്ഞതുപോലെ തോന്നിക്കുകയും കൂടുതൽ ഭക്ഷണംകഴിക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
2 പതുക്കെ കഴിക്കാം, അളവു കുറയ്ക്കാം
പലരും ഭക്ഷണം അളവുനോക്കാതെ വാരിവലിച്ചു കഴിക്കുന്നവരാണ്. ഭക്ഷണം വേഗത്തിൽ കഴിക്കുന്നതും അളവിൽ ശ്രദ്ധിക്കാതിരിക്കുന്നതുമൊക്കെ വണ്ണംകൂട്ടുന്ന ഘടകങ്ങളാണ്. അതിനാൽ ഇവയിൽ മാറ്റംവരുത്തേണ്ടതും പ്രധാനമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കലാണ് ആദ്യം ചെയ്യേണ്ടത്. ചെറിയ പാത്രത്തിൽ സാധാരണ എടുക്കുന്നതിനേക്കാൾ കുറച്ച് അളവിൽ ഭക്ഷണം എടുത്തുതുടങ്ങാം. പതിയെ പതിയെ അതിന്റെ അളവ് കുറച്ചുകൊണ്ട് വരികയും ചെയ്യാം. അതുപോലെ തന്നെ പതിയെ ചവച്ചരച്ചു കഴിക്കുകയും വേണം. ചോറും എണ്ണയും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുമൊക്കെ കുറച്ച് ആരോഗ്യപ്രദമായ ആഹാരങ്ങൾ കൂട്ടുകയും ചെയ്യണം.
3 വെള്ളത്തിൽ വീട്ടുവീഴ്ച വേണ്ട
വണ്ണംകുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? എന്നാൽ വെള്ളംകുടിക്കുന്നതിൽ വിട്ടുവീഴ്ച്ച ചെയ്യുകയേ അരുത്. വെള്ളം കുടിക്കുന്നത് വയറുനിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലും വെള്ളത്തിന്റെ പങ്ക് വളരെവലുതാണ്. ദിവസവും എട്ടുമുതൽ പത്തുഗ്ലാസോളം വെള്ളം കുടിക്കണം.
4 ഉറക്കം പ്രധാനം
വണ്ണംകുറയ്ക്കാൻ തുടങ്ങുന്ന പലരും ആഹാരത്തിലും വ്യായാമത്തിലും മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കാറുള്ളത്. എന്നാൽ ഉറക്കത്തിനും വണ്ണംകുറയ്ക്കുന്നതിൽ വലിയപങ്കുണ്ട്. ശരീരത്തിന് മതിയായ ഉറക്കം ലഭിക്കാതിരിക്കുക വഴി ലെപ്റ്റിൻ എന്ന ഹോർമോണിന്റെ അളവിൽ ഏറ്റക്കുറച്ചിൽ വരികയും ഇത് വിശപ്പിനെ സ്വാധീനിക്കുകയും ചെയ്യും. താരതമ്യേന ഉറക്കം കുറഞ്ഞവരിൽ കൃത്യമായി ഏഴുംഎട്ടും മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് വണ്ണംകൂടുന്നതായി പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഉറക്കം ചിട്ടയാകുന്നതിലൂടെ രാത്രികാലങ്ങളിൽ അനാവശ്യമായി സ്നാക്സ് കഴിക്കുന്ന ശീലവും ഇല്ലാതാകും.
5 വ്യായാമവും വേണം
വണ്ണംകുറയ്ക്കാൻ വ്യായാമം പ്രധാനമാണെന്നത് പലർക്കും അറിയുന്ന കാര്യമാണ്. വ്യായാമം മുടങ്ങാതെ ചെയ്യുന്നതിലൂടെ ആരോഗ്യകരമായി വണ്ണംകുറയ്ക്കാനാവും. വ്യായാമം സ്ഥിരമാക്കുക വഴി ഊർജം നിലനിർത്താനും കലോറി കുറയ്ക്കാനുമാവും. കലോറി കുറയ്ക്കുന്നതിലൂടെയാണ് മിക്കയാളുകൾക്കും പെട്ടെന്ന് വണ്ണം കുറയുന്നതായി കാണാറുള്ളത് . കുറച്ചുനാളത്തേക്ക് വ്യായാമം ചെയ്യുന്നതിനു പകരം സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് ഗുണം ചെയ്യുക.
Content Highlights: dancing effective way to lose fat for overweight says study