ജിമ്മിൽ പോയി വെറും രണ്ടുമാസംകൊണ്ട് മസിൽ പെരുപ്പിക്കുന്നവർ, വേണോ സ്റ്റിറോയ്ഡിന്റെ സൗന്ദര്യം?

#മിഥുൻ ഭാസ്കർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആരോ​ഗ്യവും ശരീരസൗന്ദര്യവും പരിപാലിക്കുന്നതിൽ ഇന്ന് ചെറുപ്പക്കാർ കാണിക്കുന്ന ജാ​ഗ്രത പ്രോത്സാഹിപ്പിക്കേണ്ടതുതന്നെ. എന്നാൽ ഇതിനിടയിലെ പെട്ടെന്നുള്ള മസിൽപ്പെരുപ്പം ആരോ​ഗ്യമുള്ള നമ്മുടെ യൗവനത്തെ തളർത്തുകയാണോ?... പരമ്പര ഇന്നുമുതൽ..

“അവൻ ജിമ്മിൽ പോയിത്തുടങ്ങിയിട്ട് വെറും രണ്ടുമാസമേ ആയിട്ടുള്ളൂ. ഇപ്പോ അവന്റെ ശരീരം കാണണം, ഞെട്ടിപ്പോകും”

ഇങ്ങനെ കുറഞ്ഞ ദിവസംകൊണ്ട് മസിൽ പെരുപ്പിച്ച് ഇൻസ്റ്റഗ്രാമിൽ റീൽസിട്ട് ലൈക്കു വാങ്ങുന്നവരെ കണ്ടിട്ടുണ്ടോ?. ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. പെെട്ടന്ന് ശരീരമാറ്റം വരുത്താനുള്ള അനബോളിക് സ്റ്റിറോയിഡ് ആ ചെറുപ്പക്കാരൻ ശരീരത്തിൽ കുത്തിവെച്ചിട്ടുണ്ട്.

എന്തിനാണ് സ്റ്റിറോയ്ഡ് കുത്തിവെച്ച് ശരീരം വികസിപ്പിക്കുന്നത് എന്ന ചോദ്യത്തിന് ഒട്ടേറെ ഉത്തരങ്ങളാണ് കേരളത്തിന്റെ തെക്കു മുതൽ വടക്കു വരെ സഞ്ചരിച്ചപ്പോൾ കിട്ടിയത്. ആരോഗ്യം പുഷ്ടിപ്പെടുത്തേണ്ട ജിംനേഷ്യങ്ങൾ ആരോഗ്യം തളർത്തുന്ന കാഴ്ച പലയിടത്തും കാണാൻ സാധിച്ചു.

വ്യായാമത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന തലമുറയാണ് ഇന്നുള്ളത്. ശാരീരിക അഭ്യാസങ്ങൾക്കായി പല ക്ലബ്ബുകളും കേരളത്തിലുണ്ട്. അതിൽ ജിംനേഷ്യങ്ങൾ എത്രയുണ്ടെന്നതിന് കൃത്യമായ കണക്കില്ല. എല്ലാ ജിംനേഷ്യങ്ങളും സ്റ്റിറോയ്ഡ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല. അതിനെ പടിക്കകത്തു കയറ്റാത്തവരുമുണ്ട്. ശരീര സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്ന ജിമ്മുകളിലാണ് ഉപയോഗം കൂടുതലായി കാണാൻ സാധിച്ചത്. ഉപഭോക്താവിന്റെ ആവശ്യാനുസരണം ട്രെയിനർമാരോ മറ്റുള്ളവരോ എത്തിച്ചു കൊടുക്കുന്നതും കണ്ടു. അനബോളിക് സ്റ്റിറോയ്ഡുകൾ ഉപയോഗിച്ചാലുള്ള പാർശ്വഫലങ്ങളെക്കുറിച്ചാണ് ഈ അന്വേഷണം.

എന്താണ് സ്റ്റിറോയ്ഡ്?

ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഹോർമോണുകളാണ് സ്റ്റിറോയിഡുകൾ. വൃക്കയ്ക്കു തൊട്ടുമുകളിലായി സ്ഥിതിചെയ്യുന്ന അഡ്രീനൽ ഗ്രന്ഥികൾ സാധാരണയായി ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് സ്റ്റിറോയിഡുകൾ. എന്നാൽ സ്റ്റിറോയിഡ് മരുന്നുകൾ മനുഷ്യനിർമിതമാണ്. ഇതിനെ മൂന്നായി തരംതിരിക്കാമെന്ന് പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലെ എൻഡോക്രിനോളജിസ്റ്റ് ഡോ. വിഷ്ണു വാസുദേവൻ പറഞ്ഞു. ഗ്ലൂക്കോ കോർട്ടിക്കോയിഡുകൾ, മിനറലോ കോർട്ടിക്കോയിഡുകൾ, സെക്‌സ് സ്റ്റിറോയ്ഡുകൾ എന്നിവയാണവ. സെക്‌സ് സ്റ്റിറോയിഡിന്റെ ഒരു വകഭേദമാണ് അനബോളിക് സ്റ്റിറോയ്ഡ്.

ഗ്ലൂക്കോ കോർട്ടിക്കോയിഡുകളുടെ വകഭേദമായ കോർട്ടികോ സ്റ്റിറോയിഡുകളാണ് രോഗചികിത്സയ്ക്കു ഉപയോഗിക്കുന്നത്. ഇവ അനാബോളിക് സ്റ്റിറോയിഡുകളിൽനിന്ന് വ്യത്യസ്തമാണ്. ഹ്രസ്വകാലത്തേക്കാണ് കോർട്ടികോ സ്റ്റിറോയിഡുകൾ ഡോക്ടർമാർ രോഗികൾക്കു നിർദേശിക്കാറുള്ളത്. ഏതാനും മാസങ്ങൾ ഉപയോഗിച്ചാലാണ് ഇതിന്റെ പാർശ്വഫലങ്ങൾ പ്രകടമാകുക. കോർട്ടികോ സ്റ്റിറോയിഡ് നിർദേശിച്ച ഡോക്ടർമാർ അതിനുള്ള മുൻകരുതലുകളും രോഗികൾക്കു നിർദേശിക്കും.

ശരീരത്തിന്റെ സന്തുലിതാവസ്ഥയും അവയവ പ്രവർത്തനവും വർധിപ്പിക്കുന്നതിനാണ് അനബോളിക് സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നത്. ഇതൊരു അഡിക്‌ഷനായി മാറുമ്പോൾ ശരീരത്തിൽ പാർശ്വഫലങ്ങൾ കാണാൻ തുടങ്ങും. സാധാരണ സ്റ്റിറോയ്ഡുകളേക്കാൾ പതിന്മടങ്ങായിരിക്കും ഇതിന്റെ പാർശ്വഫലം. അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം നിയമം മൂലം സർക്കാർ നിയന്ത്രിച്ചിട്ടുണ്ട്.

എന്താണ് അനബോളിക് സ്റ്റിറോയ്ഡ് ?

അനബോളിക് ആൻഡ്രോജെനിക് സ്റ്റിറോയിഡുകൾ എന്നാണ് ഇവയുടെ പൂർണരൂപം. ഇതിലെ പ്രധാനിയായ ടെസ്റ്റോസ്റ്റിറോൺ സൈപിയോണേറ്റ് ഇഞ്ചക്‌ഷനാണ് അസാധാരണമായ ശരീര പുഷ്ടിക്ക് കൂടുതൽപ്പേരും ഉപയോഗിക്കുന്നത്. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ കൂട്ടി എനർജിയും മസിലും വളർത്തുകയാണ് ലക്ഷ്യം. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) നിരോധിച്ച മരുന്നാണ് ടെസ്റ്റോസ്റ്റിറോൺ. ഒരു പുരുഷനിൽ 300 ng/dl (നാനോഗ്രാംസ് പെർ ഡെസിലിറ്റർ) മുതൽ 600 ng/dl വരെയാണ് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയായി കാണാറുള്ളത്. കൂടുതൽ ടെസ്റ്റോസ്റ്റിറോൺ ഉള്ളവരിൽ മസിൽ വികാസമുണ്ടാകും. ഈ അളവിലെ ഉയർച്ച ദിവസങ്ങൾക്കുള്ളിൽ ഉണ്ടാക്കുകയാണ് മരുന്ന് പ്രയോഗത്തിലൂടെ ലക്ഷ്യമിടുന്നത്.

പ്രൊഫഷണൽ ബോഡി ബിൽഡിങ് താരങ്ങളാണ് സമീപകാലം വരെ സ്റ്റിറോയിഡ് ഉപയോഗിച്ചിരുന്നത്. ഒരിക്കൽ തുടങ്ങിയാൽ കരിയറിന്റെ അവസാനംവരെ തുടരും. മരുന്നു പ്രയോഗം ശരീരത്തിൽ പ്രവേശിപ്പിക്കുന്നതിനു മുൻപ് രക്തപരിശോധന നടത്തി, ടെസ്റ്റോസ്റ്റിറോൺ അറിഞ്ഞു വേണം ഉപയോഗിക്കാനെന്ന് ഡൽഹിയിലെ ജിം ട്രെയിനറും എക്സൈസ് ഫിസിയോളജിയിൽ ഗവേഷക വിദ്യാർഥിയുമായ എം.പി. സാഗർ പറയുന്നു. ഒരു ദിവസം എട്ടുതവണ ഇഞ്ചക്‌ഷൻ ചെയ്യുന്ന അന്താരാഷ്ട്ര താരങ്ങൾ വരെയുണ്ട്.

മത്സര സമയങ്ങളിൽ ടെസ്റ്റോസ്റ്റിറോൺ പ്രൊപ്പനേറ്റാണ് ഉപയോഗിക്കുക. ഈ മരുന്ന് രണ്ടു മുതൽ മൂന്നു ദിവസം വരെ ശരീരത്തിൽ നിൽക്കും. ജലാംശം ശരീരത്തിൽനിന്ന് ഒഴിവാക്കുകയാണ് പ്രൊപ്പനേറ്റിന്റെ കടമ. ട്രെൻബോളോൻ അസറ്റേറ്റ്, വിൻസ്‌ട്രോൾ, പ്രിമബോലൻ, മസ്‌ട്രോൻ തുടങ്ങിയ മരുന്നുകളും മത്സര സമയങ്ങളിൽ ഡിമാൻഡ് ഉള്ളവയാണ്.കലോറി കുറച്ച് ശരീരത്തിൽ കൊഴുപ്പ് നഷ്ടപ്പെടുത്തുകയാണ് ഇവയുടെ പ്രവർത്തനം. ശരീര സൗന്ദര്യ മത്സര സമയത്തു നാലു ശതമാനത്തിനടുത്ത് ബോഡി ഫാറ്റ് ഉണ്ടായാൽ മാത്രമാണ് മസിൽ തെളിഞ്ഞു നിൽക്കുക.

അത്ഭുത മരുന്ന്

ഇതൊന്നും കൂടാതെ ഏതെങ്കിലും ശരീര ഭാഗത്തു മസിൽ വേണ്ടത്ര വികാസമില്ലെങ്കിൽ അതിനുള്ള പരിഹാരവും പട്ടികയിലുണ്ട്. സിന്തോൾ എന്നാണ് ഈ അത്ഭുത കുത്തിവെപ്പിന് പേര്. ഉദാഹരണത്തിനു കൈയിൽ കൂടുതൽ മസിൽ വേണമെങ്കിൽ അവിടെ സിന്തോൾ കുത്തിവെച്ചാൽ മതി. ബലൂൺ പോലെ മസിൽ ഉയർന്നുവരും.
 

നാഡ നിരോധിച്ച ചില അനബോളിക് സ്റ്റിറോയ്ഡുകൾ

Androsterediol
Andreostenedione
Androsterone
Bolasterone
Boldenone
Epiandrosterone
Testosterone
Androstenediol
Boldione
Gestrinone
Mestanolone
Mesterolone

Content Highlights: Learn about the dangers of anabolic steroids in bodybuilding.