എല്ലാ സുഖപ്രസവങ്ങളും ആഢ്യത്വം കലർത്തി അവതരിപ്പിച്ച നൊന്തുപെറലുകൾ തന്നെയാണ്, വേദനിക്കാതെയും അമ്മയാകാം

#ഡോ. മുരളീധരൻ എ.കെ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഞാൻ ജനിച്ചു വളർന്നത്  കണ്ണൂർ ജില്ലയിലെ പൂമംഗലം എന്ന കൊച്ചു ഗ്രാമത്തിലാണ്. ഒരു കൂട്ടുകുടുംബത്തിലാണ് കുട്ടിക്കാലം എന്ന് പറയാം. അന്ന് ജാനകി വല്ല്യമ്മ എന്ന് ഞങ്ങൾ വിളിക്കുന്ന ജാന്വേടത്തി ഓടിവന്നാൽ അറിയാം, വീട്ടിലെ ഏതോ ഇളയമ്മയ്ക്ക് കുഞ്ഞ് പിറക്കാൻ പോവുകയാണെന്ന്. അടുക്കളപ്പുറത്തെ അടച്ചിട്ട ചായ്പ് മുറിക്കുള്ളിൽ നിന്ന് പെണ്ണുങ്ങളുടെ നിലവിളിയുടെ കാഠിന്യം കൂടി വരുമ്പോൾ അക്ഷമരായി പുറത്തുനിൽക്കുന്ന ഇളയച്ഛന്മാരുടെ നെടുവീർപ്പുകളും കൂടിവരും. ഇത് മണിക്കൂറുകളോളം നീണ്ടുനിൽക്കാം. ഏറെക്കഴിഞ്ഞ് വാതിൽ തുറന്ന് ജാന്വേടത്തി വിളിച്ചു പറയും “ ഓള് പെറ്റു. ആൺകുട്ടിയാ”. പിന്നീട് കുട്ടിയെ കാണാൻ വരുന്നവരോടൊക്കെ അമ്മമ്മ പറയുന്നത് കേൾക്കാം. നേരത്തോട്നേരം കാത്തുനിന്നെങ്കിലെന്താ സുഖപ്രസവം ആയില്ലേന്ന്. അതു കേൾക്കുമ്പോൾ , ക്ഷീണിച്ചു  അവശയായി കിടക്കുന്ന ഇളയമ്മയുടെ മുഖഭാവം അതി ദയനീയമായിട്ടേ എനിക്ക്  തോന്നിയിട്ടുള്ളൂ.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഘട്ടമാണ് അമ്മയാവുക എന്നത്. സ്ത്രീകൾക്ക് മാത്രം സാദ്ധ്യമാകുന്ന സാധാരണ പ്രസവത്തെ സുഖപ്രസവം എന്നാണല്ലോ വിശേഷിപ്പിക്കാറ്. ഇന്നും ആ പ്രയോഗത്തിൻ്റെ സാംഗത്യം മനസ്സിലായിട്ടില്ല. അതൊരിക്കലും ഒരു സുഖകരമായ അനുഭൂതിയല്ല എന്ന്  പ്രസവസമയത്തെ നിലവിളികൾ സാക്ഷ്യപ്പെടുത്തുന്നു. കാലവും സമയവും കടന്നുപോയി. ഞാനിന്ന് അനസ്തീഷ്യ ഡോക്ടറായി ജോലി ചെയ്യുന്നു. ഇപ്പോഴും മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ലേബർ റൂമിൽ നിന്നുയരുന്ന ഗർഭിണികളുടെ നിലവിളിയുടെ തീവ്രത പണ്ടത്തെക്കാൾ കൂടിയതായിട്ടേ തോന്നിയിട്ടുള്ളൂ. ഇന്നേവരെ പുഞ്ചിരിച്ചു കൊണ്ട് ഒരു സ്ത്രീയും പ്രസവിച്ചതായി കേട്ടിട്ടില്ല. ഉരലിൽ നെല്ല് കുത്തുന്നതിനിടയിൽ ഉലക്ക കൂട്ടുകാരിയ്ക്കു കൈമാറി അഞ്ച് മിനിറ്റ് കൊണ്ട് പോയി പെറ്റു വന്ന് ബാക്കി നെല്ലു കൂടി കുത്തി അരിയാക്കിയ വീര കഥകളൊക്കെ പൊടിപ്പുംതൊങ്ങലും വെച്ചു പറയുന്നത് പഴയകാലത്ത് ചികിത്സയ്ക്കുള്ള സൗകര്യവും സാഹചര്യവുമില്ലാത്തതിൻ്റെ ദൈന്യത മറച്ചു വെയ്ക്കാൻ കൂടിയാവാം. പണ്ട് പട്ടിണിയും പരിവട്ടവുമായതു കൊണ്ടു പൊണ്ണത്തടിയും കുറവാണല്ലോ. അന്ന് ശാരീരികമായി അദ്ധ്വാനിക്കുന്ന സ്ത്രീകളിൽ മെയ്​വഴക്കം ഉള്ളതുകൊണ്ടും പത്തുംപതിനഞ്ചും പ്രസവിക്കുന്നവരിൽ ഗർഭാശയമുഖവും അരക്കെട്ടുമൊക്കെ തുലോം അയഞ്ഞു കിടക്കുന്നതു  കൊണ്ടും പ്രസവം ക്ലേശകരമാവില്ല. എന്നാലും പ്രസവിച്ച പെണ്ണുങ്ങൾ നൊന്തുപെറ്റു എന്നേ പറയാറുള്ളൂ. മിക്കവാറും എല്ലാ സുഖപ്രസവങ്ങളും ആഢ്യത്വം കലർത്തി അവതരിപ്പിച്ച നൊന്തുപേറലുകൾ തന്നെയാണ്. പുരുഷന്മാർ ഈ വേദനയെ നിസ്സഹായരായി മാത്രം നോക്കിക്കാണുമ്പോൾ പ്രസവിച്ച പല സ്ത്രീകളും ഇവിടെ ഒരു സീനിയോറിറ്റി കോംപ്ലക്സ്  കാണിക്കുന്നില്ലേയെന്നാണ് എൻ്റെ സന്ദേഹം. ഞങ്ങളൊക്കെ പ്രസവിച്ചില്ലേ പിന്നെ നിനക്കൊക്കെയായാലെന്താ എന്ന ഭാവം.

Content Highlights: painless delivery, benefits of labor analgesia

Continue reading