തിരിച്ചറിയണം അവസരം; ഐ.ടി. പാർക്കുകൾക്കൊപ്പം ഫാർമ പാർക്കുകളും ഉയരണം

എല്ലായിടത്തും ചർച്ച കേരളത്തിൻറെ വ്യാവസായിക വളർച്ചയും മാറിയ അന്തരീക്ഷവും തന്നെയാണ്. വാദങ്ങൾ പലതുണ്ടെങ്കിലും പുതിയ വ്യവസായ സംസ്കാരം വളർത്തിയെടുക്കാതെ നമ്മുടെ കൊച്ചു സംസ്ഥാനത്തിന് അധികകാലം സാമ്പത്തികമായി പിടിച്ചുനിൽക്കാനാകില്ലന്ന യാഥാർത്ഥ്യം എല്ലാ വിഭാഗങ്ങളും തിരിച്ചറിയുന്നുണ്ട്. അവകാശവാദങ്ങളും എതിർവാദങ്ങളും യഥേഷ്ടമുണ്ടെങ്കിലും ഇതൊരു അവസരത്തിന്റെ കാലമാണെന്ന് നാം തിരിച്ചറിയാതിരുന്നു കൂടാ. പരിമിതികളും പരാധീനതകളും ഒട്ടേറെയുണ്ട് പറയുവാൻ. അനുയോജ്യമായ അവസരങ്ങൾ തേടിപ്പിടിച്ച് പരമാവധി ഉപയോഗിക്കുന്നതാണ് യഥാർത്ഥ വിജയത്തിൻറെ കാരണം, അത് വ്യക്തി ആയാലും സമൂഹമായാലും. ഈ തിരിച്ചറിവുണ്ടാവുക എന്നുള്ളതാണ് കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനം.
ഉന്നത വിദ്യാഭ്യാസ നിലവാരവും സാങ്കേതിക വിദ്യയോടുള്ള അടുപ്പവും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രചാരവും അക്കാര്യങ്ങളിലുള്ള വൈദഗ്ധ്യവും ഒക്കെ തിരിച്ചറിഞ്ഞ നമ്മുടെ മുൻകാല ഭരണകർത്താക്കൾ കേരളത്തെ ഒരു ഐ.ടി.വ്യവസായ കേന്ദ്രമാക്കാനുള്ള ശ്രമങ്ങൾ നടത്തി. നമ്മുടെ സാമ്പത്തിക സാമൂഹിക വളർച്ചയിൽ ഇവ പുലർത്തിയ പങ്ക് ഒട്ടും ചെറുതല്ല. ഒന്നൊന്നര ദശാബ്ദമായി കേരളത്തിൽ ഉയർന്നു വന്നിട്ടുള്ള ഐ.ടി. പാർക്കുകളുടെ എണ്ണം ഈ പ്രാധാന്യത്തെ വ്യക്തമാക്കുന്നതാണ്. ഈ വിജയത്തിന്റെ ചുവടുപിടിച്ചുള്ള ചില ആലോചനകളാണ് ഇന്നത്തെ വിഷയം.
ആരോഗ്യ പരിപാലന രംഗത്ത് കേരളത്തിൻറെ വ്യക്തിമുദ്ര ഏറെക്കാലം മുൻപേ പതിഞ്ഞിട്ടുള്ളതാണ്. ലോകോത്തര നിലവാരത്തിൽ ദേശീയ ശരാശരിയേക്കാൾ എത്രയോ മുന്നിലാണ് നമ്മുടെ അത്തരം നേട്ടങ്ങളെല്ലാം. ഉയർന്ന സാക്ഷരതാ നിരക്കും പുതിയ അറിവുകളോടുള്ള താൽപര്യവും ഒക്കെ കൂടിച്ചേർന്ന ഒരു വിജയകഥയാണിത്. മൂന്നാം ലോക രാജ്യങ്ങളുടെ ഫാർമസി എന്ന നിലയിൽ നിന്നും ലോകത്തിന്റെ തന്നെ ഫാർമസി എന്ന നിലയിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യ. അലോപ്പതി മരുന്നുകളുടെ ഉപയോഗ കാര്യത്തിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം കേരളമാണ്. പ്രതിമാസം ആയിരക്കണക്കിന് കോടി രൂപയുടെ മരുന്ന് ഇവിടെ വിൽക്കപ്പെടുന്നുണ്ട്.
ഇത്രയധികം മരുന്നുകൾ വിൽക്കുന്നുണ്ടെങ്കിലും ഇവയുടെ ഉൽപാദന കാര്യത്തിൽ കേരളത്തിന് തീരെ പങ്കില്ല. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഒറ്റപ്പെട്ട ചില വിജയകഥകളില്ലെന്നല്ല. നമ്മുടെ ആവശ്യവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒട്ടും പര്യാപ്തമല്ല. വലിയ വ്യവസായ ശാലകൾ തുടങ്ങുവാൻ സ്ഥലപരിമിതി അടക്കമുള്ള ഒട്ടേറെ പ്രശ്നങ്ങളുണ്ട്. എന്നാൽ ഈ സാഹചര്യത്തിലും ചില സാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് സത്യം. വലിയ ഔഷധ കമ്പനികൾ പോലും പല നിർമാണ പ്രക്രിയകളും പുറം കരാർ നൽകുന്നതാണ്. ഇത്തരത്തിൽ ചെറുകിട സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പല ഔഷധങ്ങളും വിപണിയിൽ എത്തുന്നത്. ഈ അവസരം കുടുംബശ്രീ പോലെ വളരെ പ്രബലമായ ഒരു ശൃംഖലയുള്ള നമ്മുടെ നാട്ടിൽ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്..
ഇതിലും വലിയ അവസരം
സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവിന്റെ അടുത്തകാലത്തെ മിക്ക അഭിമുഖങ്ങളിലും അദ്ദേഹം ഉയർത്തിയ ഏറ്റവും വലിയ അവകാശവാദങ്ങളിൽ ഒന്ന് കേരളത്തിലെ മെഡിക്കൽ ഉപകരണ വ്യവസായത്തിന്റെ വളർച്ചയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ രക്തബാഗ് നിർമ്മാണ യൂണിറ്റ് തിരുവനന്തപുരത്താണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അഭിമാനത്തോടെ വിശദീകരിച്ചു. കൃത്രിമ പല്ലുകളുടെ നിർമ്മാണം ഓർത്തോപീഡിക് ഇംപ്ളാൻറുകളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ലോക ശ്രദ്ധയാകർഷിക്കുന്ന സാന്നിധ്യം കേരളത്തിലെ സ്വകാര്യ സംരംഭകർ കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതാണ് പുതിയ ഒരു വ്യാവസായിക അന്തരീക്ഷത്തിന്റെ സാധ്യത തുറന്നിടുന്നത്.
നിലവിൽ ഇന്ത്യയിലെത്തുന്ന മെഡിക്കൽ ഉപകരണങ്ങളിൽ മുക്കാൽ പങ്കിലധികം ഇറക്കുമതി ചെയ്യുന്നവയാണ്. ഇവയുടെ വില യഥാർത്ഥ വിലയേക്കാൾ എത്രയോ ഇരട്ടിയാണ്. വാർദ്ധക്യ ജനത ഏറ്റവും കൂടുതൽ ഉള്ള ഒരു സംസ്ഥാനമായി കേരളം വളരെ വേഗം പരിണമിക്കുകയാണ്. പാലിയേറ്റീവ് കെയർ അടക്കമുള്ള നിരവധി സംവിധാനങ്ങൾ പൊതു സ്വകാര്യ സേവന മേഖലകളിൽ നിലനിൽക്കുന്നുമുണ്ട്. ഇവിടെയൊക്കെ ഏറ്റവും അധികം ആവശ്യമുള്ള ഒരു വസ്തുവാണ് അഡൾട്ട് ഡയപ്പറുകൾ. ഈ ഡയപ്പറുകളുടെ നിർമ്മാണത്തിൽ വലിയ സാധ്യതകൾ കേരളത്തിലുണ്ട് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ 200 രൂപയിൽ അധികം വില വരുന്ന ഇത്തരം വസ്തുക്കൾ കേരളത്തിൽ നിർമ്മിക്കാൻ തുടങ്ങിയാൽ 75 രൂപയിൽ താഴെ വിലയിൽ വിപണിയിലെത്തിക്കാനാകും.
സിറിഞ്ചുകൾ, സൂചികൾ തുടങ്ങിയ ഒട്ടേറെ ഉപകരണങ്ങളുടെ സ്ഥിതിയും ഇതൊക്കെ തന്നെയാണ്. അധികം സ്ഥലമോ പാരിസ്ഥിതിക പ്രശ്നങ്ങളോ ഇല്ല എന്നുള്ളത് ഇത്തരം വ്യവസായങ്ങളുടെ സാധ്യത വീണ്ടും വർദ്ധിപ്പിക്കുന്നതാണ്. ഇന്ത്യയുടെ തന്നെ ആരോഗ്യ പരിപാലനം രംഗത്ത് വളരെ വലിയ വിപ്ലവം സൃഷ്ടിച്ച ശ്രീചിത്ര മെഡിക്കൽ സെൻറർ പോലെയുള്ള ഗവേഷണ സ്ഥാപനങ്ങൾ ഉയർന്നു വരേണ്ടതും ഇവിടുത്തെ മെഡിക്കൽ വ്യവസായ രംഗത്തിന്റെ ആവശ്യമാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങളും മികവുറ്റ വിദഗ്ധരും സ്വന്തമായുള്ള നമ്മുടെ നാട്ടിൽ ഇത്തരം ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുവാനുള്ള സർക്കാർതല നടപടികളും അനിവാര്യമാണ്.
വയനാടും ഒരു അവസരമാണ്
ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈയിലും ചൂരൽ മലയിലും പുനരധിവാസത്തിന്റെ ഭാഗമായി പുതിയ ടൗൺഷിപ്പുകൾ വരികയാണ്. ഇവിടെ അനേകർക്ക് ജീവനോപാധികൾ നഷ്ടപ്പെട്ടിട്ടുണ്ട് . പുതിയ ടൗൺഷിപ്പിന് സമീപത്തായി ഒരു ഫാർമ പാർക്ക് വിഭാവനം ചെയ്യുന്നത് നന്നായിരിക്കും. വയനാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ഔഷധ രംഗവുമായി ബന്ധപ്പെട്ട വ്യവസായത്തിന് അനുയോജ്യമായ ഒന്നാണെന്ന് വസ്തുതയും ഒപ്പം പരിഗണിക്കേണ്ടതുണ്ട്. ഇത്തരത്തിൽ സ്വകാര്യ സംരംഭകരെ ക്ഷണിക്കുവാൻ ഭാഗത്തുള്ള ഒരു ഫാർമ പാർക്ക് അവിടെ നിലവിൽ വന്നാൽ ഫാർമസി രംഗവുമായി ബന്ധപ്പെട്ട ആളുകൾക്ക് പുറമേ ഐ. ടി., അക്കൗണ്ട്സ്, തുടങ്ങി ചുമട്ടുതൊഴിലാളികളെ വരെ ആവശ്യമായി വരും. ഒരു നാടിൻറെ പുനർനിർമ്മാണത്തിന് ഉപരി നമ്മുടെ സംസ്ഥാനത്തിന്റെ വ്യാവസായിക പുനർനിർമാണത്തിന്റെ കൂടി വിജയ കഥയാകുവാൻ വയനാടിന് സാധിക്കാവുന്നതേയുള്ളൂ.
ഇതല്ല മാതൃക
ഔഷധ നിർമ്മാണ രംഗത്ത് സംസ്ഥാനത്തിന്റെ പൊതുമേഖലയുടെ പതാക വാഹകരാണ് ചേർത്തലയിലെ കെ .എസ് .ഡി. പി. ഒന്നാം പിണറായി സർക്കാരിൻറെ അവസാനകാലത്ത് ഇവിടെ വലിയ പ്രതീക്ഷ ഉണർത്തിയ ഒരു പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഐ.വി. ഫ്ലൂയിഡുകളുടെയും ഇഞ്ചക്ഷൻ ഫ്ലൂയിഡുകളുടെയും നിർമ്മാണ പ്ലാൻറ് ആയിരുന്നു അത് . ഇതിനായി പത്തു കോടിയോളം രൂപ മുടക്കിയുള്ള വിദേശ യന്ത്ര സംവിധാനങ്ങളും അവിടെ സജ്ജമാക്കി. ആരോഗ്യപരിപാലനരംഗത്ത് ഏറ്റവും അനിവാര്യമായ ഈ രണ്ട് ഉൽപ്പന്നങ്ങളുടെയും നിർമ്മാണം വലിയ സാധ്യതയാണ് വിഭാവനം ചെയ്തത്. എന്നാൽ യന്ത്രസംവിധാനങ്ങൾ തുരുമ്പ് പിടിച്ചു തുടങ്ങിയ സന്ദർഭത്തിലും ഇവിടെ ഉൽപാദന തുടങ്ങിയതായി അറിവില്ല .ഇത്തരമൊരു സാഹചര്യം കർശനമായി ഒഴിവാക്കുവാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കേണ്ടതുണ്ട് .അതിന് അവർക്ക് കഴിഞ്ഞാൽ ഭാവി കേരളത്തിന്റേതാകുമെന്നതിൽ തർക്കമില്ല.
തീരുമാനം സർക്കാരിൻറെ കൈയിൽ
മരുന്നുകളുടേയും മെഡിക്കൽ ഉപകരണങ്ങളുടേയും ഉപഭോഗത്തിൽ രാജ്യത്ത് തന്നെ മുൻപന്തിയിലാണ് കേരളം. എന്നാൽ ഇവയുടെ ഉല്പാദനത്തിൽ സംസ്ഥാനത്തിന് ഒരു റോളുമില്ല. അടിസ്ഥാന സൗകര്യം ഒരുക്കിയാൽ വലുതും ചെറുതുമായ കമ്പനികൾ സംരംഭകരായി എത്തുമെന്നുറപ്പാണ്. 1000 കോടിക്ക് മുകളിൽ സൗജന്യ മരുന്നുകൾ വിതരണം ചെയ്യുന്ന സംസ്ഥാന സർക്കാരിന് ലാഭകരമായ വിലയിൽ ഇവ സംഭരിക്കാനുമാകും. ഫാർമസി മേഖല അല്ലാതെ അനേകായിരം പേർക്ക് തൊഴിൽ ഉറപ്പാക്കാനും കഴിയുമെന്നിരിക്കെ അനുകൂല തീരുമാനം സർക്കാർ എടുക്കണം.
സനൽ സി. ആലപ്പുഴ പൊതുജനാരോഗ്യപ്രവർത്തകൻ
Content Highlights: kerala pharma medical device industry