കര്‍ക്കിടകത്തിലെ ആരോഗ്യഭക്ഷണം; തഴുതാമ തോരന്‍ ഉണ്ടാക്കാം

മഴക്കാലമായാല്‍ പറമ്പിലും റോഡരുകിലുമെല്ലാം സമൃദ്ധമായ വളരുന്ന ഒരു സസ്യമാണ് തഴുതാമ. പൊട്ടാസ്യം നൈട്രേറ്റ് സമൃദ്ധമായുള്ള തഴുതാമ മൂത്രാശയരോഗങ്ങളെ തടയാനും വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കാനും ഉത്തമമെന്നാണ് അറിയപ്പെടുന്നത്. തഴുതാമ കൊണ്ട് രുചികരമായ തോരന്‍ വച്ചു കഴിയ്ക്കാം. കര്‍ക്കിടകമാസത്തില്‍ തഴുതാമ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
ചേരുവകള്‍
- തഴുതാമയില അരിഞ്ഞത്- രണ്ടുപിടി
- തേങ്ങാപ്പീര- ഒരു കപ്പ്
- വെളിച്ചെണ്ണ തളിക്കാന്‍- ആവശ്യത്തിന്
- മുളകുപൊടി- അര ടീസ്പൂണ്‍
- ജീരകപ്പൊടി- കാല്‍ ടീസ്പൂണ്‍
- കടുക്- ഒരു ടീസ്പൂണ്‍
- വറ്റല്‍മുളക്- ആവശ്യത്തിന്
- ഉഴുന്നുപരിപ്പ്- കാല്‍കപ്പ്
- ചുവന്നുള്ളി ചെറുതായി അരിഞ്ഞത്- കാല്‍കപ്പ്
- വെളുത്തുള്ളി ചതച്ചത്- നാല് അല്ലി
- പച്ചമുളക് കീറി അരിഞ്ഞത്- മൂന്നെണ്ണം
- കറിവേപ്പില- ആവശ്യത്തിന്
- മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
- ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
തഴുതാമ അരിഞ്ഞതും തേങ്ങാപ്പീരയും പച്ചമുളകും വെളുത്തുള്ളിയും ജീരകപ്പൊടിയും അല്‍പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് വയ്ക്കുക. ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോള്‍ ചുവന്നുള്ളിയും കറിവേപ്പിലയും വറ്റല്‍മുളകും അതിലേക്കിടുക. ഇതോടൊപ്പം ഉഴുന്നുപരിപ്പും ചേര്‍ത്ത് ചുവന്നുവരുന്ന പാകത്തില്‍ നേരത്തെ തയ്യാറാക്കി വെച്ച തഴുതാമയും കൂടി യോജിപ്പിച്ച് അടച്ചുവെച്ച് വേവിക്കണം. വെന്തുകഴിയുമ്പോള്‍ ചിക്കിത്തോര്‍ത്തി എടുക്കാം.
Content Highlights: Thazhuthama ila thoran recipe