ഉച്ചയൂണിനും പ്രാതലിനുമൊപ്പം കഴിക്കാം; രുചിയേറും പാലക് പരിപ്പ് കറി

വളറെയേറെ ആരോഗ്യഗുണമുള്ള ഇലക്കറിയാണ് പാലക്. വിവിധ വിറ്റാമിനുകളും ഇരുമ്പ്, കാത്സ്യം എന്നിവയെല്ലാം ഇതിലുണ്ട്. പാലക് പരിപ്പ് കറി ഒരു നോര്‍ത്ത് ഇന്ത്യന്‍ വിഭവമാണ്. എന്നാല്‍ ഈ വിഭവം പൊതുവേ ജനപ്രീതിയുള്ളതാണ്. ചപ്പാത്തി ,ചോറ് എന്നിവയ്‌ക്കൊപ്പം ഉഗ്രന്‍ കോമ്പിനേഷനാണ് ഇത്.
ചേരുവകള്‍
പാലക് - ഒരു കെട്ട്
തുവരപ്പരിപ്പ്- മുക്കാല്‍ കപ്പ്
പച്ചമുളക്- 3
സവാള- 1
തക്കാളി 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- 1 ടീസ്പൂണ്‍
ഗരംമസാലപ്പൊടി- അര ടീസ്പൂണ്‍
എണ്ണ- 2 ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വറവ് താളിക്കാന്‍
ജീരകം - അര ടീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
എണ്ണ - അര ടീസ്പൂണ്‍
തയ്യാറാക്കേണ്ട രീതി
പാലക് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം ചെറുതായി അരിഞ്ഞെടുക്കണം. പരിപ്പ് നന്നായി വേവിച്ച് ഉടച്ചെടുക്കണം.ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ സവാള ചെറുതായി അരിഞ്ഞതിട്ട് വഴറ്റുക. അത് നന്നായി വഴറ്റിയെടുത്തിട്ട് അതില്‍ അരിഞ്ഞ പച്ചമുളക്,തക്കാളി എന്നിവ ചേര്‍ക്കുക.
പിന്നെ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തുകൊടുക്കാം. .ഇവയെല്ലാം നന്നായി വഴറ്റിയെടുത്ത് ശേഷം മറ്റു മസാലകളെല്ലാം ഇതിലേയ്ക്ക് ചേര്‍ത്തുകൊടുക്കാം. പച്ചമണം മാറിവരുമ്പോള്‍
പാലക് അരിഞ്ഞത് ഇതിലേക്ക് ചേര്‍ക്കാം.
ഇല നന്നായി വഴറ്റിയശേഷം വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ഇട്ടുകൊടുക്കാം. ആവശ്യത്തിന് ഉപ്പും വെള്ളവും കൂടി ചേര്‍ത്തതിന് ശേഷം നാല് മിനിറ്റ് തിളപ്പിക്കാം. അടുത്തതായി
പാനില്‍ എണ്ണ ചൂടാക്കി ജീരകം , കറി വേപ്പിലയിട്ട് വറവ് താളിച്ച് കറിയില്‍ ചേര്‍ത്തുകൊടുക്കാം.
Content Highlights: north indian food palak dal recipe